വാഷിങ്ടൺ: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മൈക്ക് പോംപിയോ ഉൾപ്പെടെ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 28 വിശ്വസ്തർക്കെതിരെ ഉപരോധവുമായി ചൈന. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്തിയെന്ന് ആരോപിച്ചാണ് ഉപരോധം.
ചൈനീസ് വെബ്സൈറ്റ് വഴിയാണ് ഉപരോധം ഏർപ്പെടുത്തിയ വിവരം പുറത്തുവിട്ടത്. പോംപിയോയും മറ്റുള്ളവരും ചൈനയ്‌ക്കെതിരെ നീക്കങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തു, ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഗുരുതരമായി ഇടപെട്ടു, ചൈനയുടെ താൽപ്പര്യങ്ങൾക്ക് തുരങ്കംവെക്കുകയും ചൈനീസ് ജനതയെ വ്രണപ്പെടുത്തുകയും ചൈന-യുഎസ് ബന്ധത്തെ തകർക്കുകയും ചെയ്തു ഉപരോധം പ്രഖ്യാപിച്ചുകൊണ്ട് ചൈന വ്യക്തമാക്കി.
ചൈനയിൽ ഉയിങ്ഗുർ വംശജർക്ക് നേരെ ആസൂത്രിതമായി വംശഹത്യ നടക്കുന്നതായി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു. ട്രംപ് ഭരണകൂടം അധികാരമൊഴിയുന്ന ദിവസം നടത്തിയ ഈ പ്രതികരണമാണ് ചൈനയെ ചൊടിപ്പിച്ചത്. ചൈനയുടെ ഉപരോധത്തോട് പുതിയ പ്രസിഡന്റ് ബൈഡൻ പ്രതിഷേധം അറിയിച്ചു. ബൈഡൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്താണ് ട്രംപിന്റെ 28 വിശ്വസ്തരെ ഉപരോധിച്ചതായി ചൈന പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: