കൊല്ലം: അടുക്കളയില്‍ പാചകം ചെയ്യവെ ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും പിഴയൊടുക്കാത്ത പക്ഷം ഒരുവര്‍ഷം അധികതടവും ശിക്ഷ വിധിച്ചു. ഇടമണ്‍ വെള്ളിമല പുറമ്പോക്ക് വീട്ടില്‍ ഷൈജു(42) വിനെതിരെ പുനലൂര്‍ അസി. സെഷന്‍സ് കോടതി ജഡ്ജി വി.വി പൂജയാണ് വിധി പറഞ്ഞത്.
2018 ആഗസ്റ്റ് 18ന് തേവര്‍കുന്നിലെ വാടകവീട്ടിലായിരുന്നു സംഭവം. മദ്യപിച്ച് പതിവായി വഴക്കുണ്ടാക്കുന്നയാളാണ് ഷൈജു. ഭാര്യ അടുക്കളയിലെ അടുപ്പ് കത്തിക്കാനായി മണ്ണെണ്ണ ഒഴിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തട്ടിത്തെിപ്പിച്ച് ദേഹത്താക്കിയശേഷം സിഗററ്റ് ലൈറ്റര്‍ കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത് കുളത്തുപ്പുഴ സിഐ എം. അനില്‍കുമാറാണ്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയുടെ മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മരണത്തെ അതിജീവിച്ച ഭാര്യയുടെ മരണമൊഴി ക്രിമിനല്‍ നടപടി നിയമം 164-ാം വകുപ്പു പ്രകാരമുളള മൊഴിയായി കോടതി തെളിവില്‍ സ്വീകരിച്ചു.
പ്രതിയുടെ മകളെയും പതിനൊന്നു സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സിസിന്.ജി മുണ്ടയ്ക്കല്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: