ചാത്തന്നൂര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിക്കുകയും കെട്ടിടം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തിട്ടും ചാത്തന്നൂരിലെ ഗ്രാമ ന്യായാലയം നോക്കുകുത്തിയാകുന്നു. ഹൈക്കോടതി നിര്‍ദ്ദേശിച്ച തസ്തികകള്‍ സര്‍ക്കാര്‍ അനുവദിക്കാത്തതിനാലാണ് പ്രവര്‍ത്തനം തുടങ്ങാനാകാത്തത്. പ്രവര്‍ത്തനം തുടങ്ങിയാല്‍ കോടതി നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാരിന്റെ വിഹിതവും ലഭ്യമാകും.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയാണ് ഗ്രാമ ന്യായാലയം അനുവദിപ്പിക്കാന്‍ ശ്രമിച്ചത്. രണ്ടര വര്‍ഷം മുമ്പ് ഹൈക്കോടതി ചാത്തന്നൂരില്‍ ഗ്രാമ ന്യായാലയം അനുവദിച്ചു. ആവശ്യമായ ഉദ്യോഗസ്ഥരുടെ തസ്തികകളും ശമ്പള സ്കെയിലും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരുന്നു.
കോടതിക്കായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 55 ലക്ഷം ചിലവഴിച്ച് ഇരുനില കെട്ടിടവും നിര്‍മിച്ചു. കോടതിയുടെ സൗകര്യമനുസരിച്ച് ഫര്‍ണിച്ചറുകളും ഉപകരണങ്ങളും വാങ്ങാന്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ 10 ലക്ഷം രൂപ വകയിരുത്തി. ആവശ്യമായ ജീവനക്കാരെ നിയമിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇത്തവണത്തെ ബജറ്റിലും അവഗണനയായിരുന്നു ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: