ഇരവിപുരം: വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് മയ്യനാട് സ്വദേശിയില്‍ നിന്നും ആറു ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ തമിഴ്‌നാട് സ്വദേശിയെ മൂന്നുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ചെന്നൈയില്‍ നിന്നും തമിഴ്‌നാട് പൊലീസിന്റെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ ഇരവിപുരം പോലീസ് പിടികൂടി.
ചെന്നൈ അമിഞ്ചി കരയ് ഫോര്‍ത്ത് സ്ട്രീറ്റില്‍ 276/പൊന്നിത്തോട്ടത്തില്‍ വിനോദ് (28) ആണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 2017 ഏപ്രില്‍ 3ന് മയ്യനാട് വലിയവിള എംഎന്‍ആര്‍എ 488 പുത്തന്‍വയലില്‍ വിഷ്ണുവിന്റെ പക്കല്‍ നിന്നാണ് ഇയാള്‍ ആറുലക്ഷം രൂപ തട്ടിയെടുത്തത്. ആസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപ വാങ്ങിയ ശേഷം നടക്കാതെ വന്നപ്പോള്‍ കാനഡയിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് രണ്ടു തവണയായി നാലര ലക്ഷം രൂപ കൂടി വാങ്ങി. ഇതിനുശേഷം ഇയാള്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങി.
വിഷ്ണുവിന്റെ പരാതിയില്‍ കേസ് എടുത്ത ഇരവിപുരം പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരവെ ഇയാളുടെ ചെന്നൈയിലെ ഒളിത്താവളം സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം എസിപി പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ഇരവിപുരം പൊലീസ് ചെന്നൈയില്‍ ക്യാമ്പ് ചെയ്ത് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ നിരവധി കേസുകളുണ്ടെന്ന്് പോലീസ് പറഞ്ഞു.
പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇരവിപുരം എസ്എച്ച്ഒ വിനോദ്, എസ്‌ഐമാരായ അനീഷ്, ബിനോദ് കുമാര്‍, ദീപു, ഷെമീര്‍, സൂരജ്, ജിഎസ്ഐമാരായ വിനോദ്, അജിത്, സിപിഒമാരായ ദീപു, സാബിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: