അടിമാലി: കാട്ടാന ശല്യത്താല്‍ വലഞ്ഞ് ആനക്കുളം നിവാസികള്‍. കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയാനായിരുന്നു ആനക്കുളത്തിന്റെ വനാതിര്‍ത്തിയില്‍ വനംവകുപ്പ് ആനവേലി തീര്‍ത്തത്.
ആദ്യ സമയത്ത് ആനവേലി ഒരു പരിധിവരെ ഫലപ്രദമായിരുന്നു. പക്ഷെ ഇപ്പോള്‍ ആനകള്‍ ആനവേലിക്കിടയിലൂടെ നൂഴ്ന്ന് ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്നുവെന്നാണ് കര്‍ഷകരുടെ പരാതി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് ആനവേലിയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ആനവേലിയുടെ താഴ്ഭാഗത്തെ ഇരുമ്പുവടം ഒരല്‍പ്പം കൂടി ബലമുള്ളതാക്കി മാറ്റിയാല്‍ ആനകള്‍ നൂഴ്ന്ന് കയറുന്നത് തടയാമെന്ന വാദം പ്രദേശവാസികള്‍ മുമ്പോട്ട് വയ്ക്കുന്നു.
വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കൃഷിയിടങ്ങളില്‍ എത്തുന്ന ആന ആനക്കുളത്തിന്റെ പലമേഖലകളിലും വലിയ നാശം വിതക്കുന്നുണ്ട്. ആനക്കുളത്തിന് പുറമെ മാങ്കുളം പഞ്ചായത്തിന്റെ വിവിധ ജനവാസ മേഖലകളിലും കാട്ടാനകള്‍ സൈ്വര്യ വിഹാരം നടത്തുകയാണ്. കവിതക്കാട്, താളുംങ്കണ്ടം, വിരിപാറ തുടങ്ങി പഞ്ചായത്തിന്റെ ഒട്ടുമിക്ക ഇടങ്ങളിലും കാട്ടാനകളുടെ സാന്നിധ്യമുണ്ട്. കൈനഗിരിക്ക് സമീപം കല്ലാര്‍ മാങ്കുളം റോഡില്‍ രാത്രികാലത്ത് ആനകളുടെ സാന്നിധ്യമുള്ളത് വാഹനയാത്രികര്‍ക്കും ഭീഷണി ഉയര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: