ഇരിട്ടി: കനത്ത പോലീസ് സുരക്ഷയില്‍ നടന്ന ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന് ഉപതെരഞ്ഞെടുപ്പില്‍ 64.45 ശതമാനം പോളിംഗ്. എല്ലാ മുന്നണികളുടെയും ശക്തി കേന്ദ്രങ്ങളില്‍ വരെ തെരഞ്ഞെടുപ്പ് തുടങ്ങിയ ആദ്യ മണിക്കൂറുകളില്‍ വോട്ടുചെയ്യാന്‍ വോട്ടര്‍മാരില്ലാത്ത അവസ്ഥയായിരുന്നു. ചില ബൂത്തുകളില്‍ വോട്ടര്‍മാരെ കാത്തുനില്‍ക്കേണ്ട അവസ്ഥയുമുണ്ടായി. പോളിംങ്ങ് തുടങ്ങി ഒരുമണിക്കൂറിനുള്ളില്‍ ഒന്‍മ്പത് ശതമാനം പേര് മാത്രമാണ് വോട്ടു ചെയ്തത്.
പാലപ്പുഴ സ്കൂളിലെ ഒരു ബൂത്തില്‍ വോട്ടെടുപ്പിന് മുന്‍മ്പ് തന്നെ വോട്ടിംങ്ങ് യന്ത്രത്തിന് തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന മാറ്റി സ്ഥാപിച്ചു. പതിനൊന്ന് മണിയോടെ പോളിംഗ് ശതമാനം 28.35 ആയി ഉയര്‍ന്നു. 12 മണിയോടെ 35 ശതമാനം എത്തിയെങ്കിലും മൂന്നു മണിക്ക് ശേഷമാണ് 50 ശതമാനമായി ഉയര്‍ന്നത്. ജോലിക്കും മറ്റും പോയവര്‍ ഉച്ചക്ക് ശേഷമാണ് വോട്ടു ചെയ്യാനെത്തിയത്. പോളിംങ്ങ് സമയം ആറു മണിയെന്നതും പലരും വൈകി വന്ന് വോട്ടു ചെയ്യുന്നതിന് കാരണമായി.
42 പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന 64 പോളിംങ്ങ് ബൂത്തുകളിലായാണ് വോട്ടിങ് നടന്നത്. 300 പൊലിസുകാരാണ് ഇവിടെ സുരക്ഷയൊരുക്കാനായി ഉണ്ടായിരുന്നത്. ചതിരൂര്‍ അങ്കണവാടി, പരിപ്പുതോട് നവജീവന്‍ മാതൃകാ ഗ്രാമം കെട്ടിടം, ആറളം ഫാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പാലക്കുന്ന് അങ്കണവാടി, എടപ്പുഴ സെന്റ് ജോസഫ്സ് എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലെ ആറ് മാവോവാദി ഭീഷണിയുള്ള ബൂത്തുകളില്‍ ഡോഗ് സ്ക്വാഡിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തില്‍ പ്രത്യേകസേന രാവിലെ മുതല്‍ പരിശോധന നടത്തി. ഇവിടങ്ങളില്‍ ആന്റി നക്സല്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ പോളിംങ്ങ് സ്റ്റേഷന്റെ കവാടത്തിന് മുന്നില്‍ തോക്കുമായി നിലയുറപ്പിച്ചിരുന്നു.19 ഗ്രൂപ്പ് പട്രോളിംങ് യൂണിറ്റുകളും എട്ടു വീതം ക്രമസമാധാനപാലന മൊബൈല്‍ യൂണിറ്റുകളും ബൈക്ക് പട്രോളിങ് യൂണിറ്റുകളും സുരക്ഷയൊരുക്കി. കണ്ണൂര്‍ റൂറല്‍ എസ്പി ഡോ. നവനീത് ശര്‍മ, ഇരിട്ടി ഡിവൈഎസ്പി എന്നിവര്‍ക്കായിരുന്നു സുരക്ഷാ ചുമതല. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള എല്ലാ ബൂത്തുകളിലും വീഡിയോ ക്യാമറ നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: