മുംബൈ: ഓസീസ് മണ്ണില്‍ ഐതിഹാസിക വിജയം നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് ഊഷ്മളായ വരവേല്‍പ്പ്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയേയും ടീമംഗങ്ങളെയും ചുവന്ന പരവതാനി വിരിച്ചാണ് സ്വീകരിച്ചത്.
രഹാനെ, പരിശീലകന് രവി ശാസ്ത്രി, സ്റ്റാര്‍ ബാറ്റ്സ്മാന് രോഹിത് ശര്‍മ, പേസര്‍ ഷാര്‍ദുല്‍ താക്കുര്‍, ഓപ്പണര്‍ പൃഥ്വി ഷാ എന്നിവരാണ് ഇന്നലെ മുംബൈയില്‍ എത്തിച്ചേര്‍ന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് വിജയ് പാട്ടീല്‍ അടക്കമുള്ള ഭാരവാഹികള്‍ ചേര്‍ന്ന് ഇന്ത്യന്‍ ടീമിനെ സ്വീകരിച്ചു. രഹാനെ കേക്ക് മുറിച്ച് ടീമിന്റെ വിജയം ആഘോഷിച്ചു.
വിമാനത്താവളത്തില്‍ നിന്ന് നേരെ താമസ്ഥലമായ മാതുങ്കയില് എത്തിയ രഹാനെയ്ക്ക്് നാട്ടുകാര്‍ ഉജ്ജ്വല സ്വീകരമാണ് നല്‍കിയത്്. തപ്പുകൊട്ടിയും പുഷ്പവൃഷ്ടി നടത്തിയുമായണ് രഹാനെയെ സ്വീകരിച്ചത്.
ഗാബ ടെസ്റ്റിലെ വീരനായകന് ഋഷഭ് പന്ത് ദല്ഹിയലാണ് വിമാനമിറങ്ങിയത്. നെറ്റ് ബൗളറായി തെരഞ്ഞെടുക്കപ്പെട്ട് ഒടുവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച തമിഴ്നാടിന്റെ ടി. നടരാജന് ബെംഗളൂരിലാണ് എത്തിച്ചേര്‍ന്നത്. അവിടെ നിന്ന്് അദ്ദേഹത്തിന്റെ ജന്മദേശമായ തമിഴ്നാട്ടിലെ സേലത്തേക്ക് പോയി. പേസര്‍ മുഹമ്മദ് സിറാജ് ഹൈദരാബാദില്‍ വിമാനമിറങ്ങി . അവിടെ നിന്നും നേരെ വൈര്താബാദിലെ പിതാവിന്റെ കബറിടത്തില്‍ എത്തി പ്രാര്‍ത്ഥിച്ചു. സിറാജ് ടീമിനൊപ്പം ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്നതിനിടെ നവംബര്‍ ഇരുപതിനാണ് അദ്ദേഹത്തിന്റെ പിതാവ് മരിച്ചത്.
ചെന്നൈയില്‍ നിന്നുളള സീനിയര്‍ സ്പിന്നര്‍ ആര്. അശ്വിന്, വാഷിങ്ടണ്‍ സുന്ദര്‍, ബൗളിങ് കോച്ച് എന്നിവര്‍ ദുബായിയില്‍ തങ്ങിയിരിക്കുകയാണ്. ഇവര്‍ ഇന്ന് രാവിലെ തിരിച്ചെത്തും.
പരിക്കിന്റെ പിടിയിലമര്‍ന്ന ഇന്ത്യന്‍ ടീം നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് ഓസീസനെ തോല്‍പ്പിച്ചാണ് ബോര്‍ഡര്‍- ഗാവസ്കര്‍ ട്രോഫി നിലനിര്‍ത്തിയത്. അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോഹ്ലിക്ക് പകരം അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടി രഹാനെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: