തിരുവനന്തപുരം: ശിവഗിരി മഠത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണ ജോലികള്‍ക്കുണ്ടായ തടസ്സം നീക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. മുനിസിപ്പാലിറ്റി ഇതിനാവശ്യമായ തീരുമാനമെടുത്ത് സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച ബന്ധപ്പെട്ടവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വര്‍ക്കല മുന്‍സിപ്പാലിറ്റി നിര്‍മാണം തടഞ്ഞ ശിവഗിരിയിലെ നമുക്ക് ജാതിയില്ല വിളംബര സ്മാരക മ്യൂസിയം സ്ഥിതിചെയ്യുന്ന ഭൂമിയിലെ തടസങ്ങള്‍ മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. ടൗണ്പ്ലാനിംഗിലെ ഡിറ്റിപി പദ്ധതിയിലുള്‍പ്പെട്ട ഭൂമി അതില്‍ നിന്നൊഴിവാക്കി നല്കുന്നതിനുവേണ്ട നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൈക്കൊള്ളണം.
ശിവഗിരി തീര്‍ഥാടന പന്തലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനായി ഇറിഗേഷന്‍ വകുപ്പ് പന്തല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം സന്ദര്‍ശിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. പന്തലിന്റെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തുനിന്ന് ജലസ്രോതസ് ടി.എസ്. കനാലിലേക്ക് ഒഴുകുന്നു എന്ന ആക്ഷേപത്തിന്റെ പേരിലാണ് നിര്‍മാണം തടയപ്പെട്ടത്. ഇത്തരത്തില്‍ ജലസ്രോതസ്സിന്റെ ഒഴുക്കില്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കണം. മുന്‍സിപ്പാലിറ്റി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അടിയന്തിരമായ തീരുമാനങ്ങള്‍ കൈക്കൊള്ളണം.
മഠവുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മാണങ്ങളുടെ അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ രേഖകള്‍ മഠം ഹാജരാക്കിയാല്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്. എ.സി. മൊയ്തീന്, വി. ജോയ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് കെ.എം. ലാജി, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തദ്ദേശ സ്വയം ഭരണ അര്‍ബന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, വര്‍ക്കല നഗരസഭ സെക്രട്ടറി, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥര്‍, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിപിഎം ഭരിച്ചിരുന്ന വര്‍ക്കല മുനിസിപ്പാലിറ്റി ശിവഗിരിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം മുന്‍വര്‍ഷങ്ങളില്‍ തടഞ്ഞുവച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: