ഗുവാഹതി: ബംഗാളിനു പുറമേ ബിജെപിക്കെതിരേ ആസാമിലും കോണ്‍ഗ്രസ്, സിപിഎം, സിപിഐ, സിപിഐ (എംഎല്) സഖ്യം. ഏതു വിധേനയും ബിജെപിയെ തോല്പ്പിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഇസ്ലാമിക മൗലിക വാദികളുടെ പാര്‍ട്ടിയായ എഐയുഡിഎഫുമായും സഖ്യമുണ്ടാക്കിയിട്ടുണ്ട്.
കേരളത്തില്‍ ബിജെപിക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും രഹസ്യമായി കൈ കോര്‍ക്കുന്നതിനു പകരം ബംഗാളിലും ആസാമിലും പരസ്യമായ സഖ്യമാണെന്നു മാത്രം. മുന്‍ മാധ്യമ പ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ അഭിത് കുമാര്‍ ഭൂയാന്‍ പുതുതായി രൂപീകരിച്ച അഞ്ചലിക് ഗണ മോര്‍ച്ചയും സഖ്യത്തിലുണ്ട്. ആറു പാര്‍ട്ടികളുടെ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്. ആസാം നിരീക്ഷകരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
മേയ് 31നാണ് 126 അംഗ നിയമസഭയുടെ കാലാവധി കഴിയുന്നത്. ഏപ്രിലിലോ മേയ് ആദ്യമോ കേരളം, ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ഇവിടത്തെ തെരഞ്ഞെടുപ്പും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫും തമ്മില്‍ രഹസ്യ സഖ്യമുണ്ടായിരുന്നു. കോണ്‍ഗ്രസിന് 20 സീറ്റും എഐയുഡിഎഫിന് 14 സീറ്റുമാണുള്ളത്. സഖ്യത്തിലെ മറ്റു നാലു പാര്‍ട്ടികള്‍ക്കും സീറ്റൊന്നുമില്ല. ബിജെപിയെ തോല്‍പ്പിക്കാനാണ് സഖ്യം, എഐയുഡിഎഫ് ഓര്‍ഗനൈസിങ് സെക്രട്ടറി മുഹമ്മദ് അമീനുള്‍ ഇസ്ലാം പറഞ്ഞു.
2005ല്‍ അത്തര്‍ പ്രഭുവായ ബദറുദ്ദീന്‍ അജ്മല്‍ രൂപീകരിച്ച എഐയുഡിഎഫ് ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞു കയറിയവര്‍ക്കായി ഉണ്ടാക്കിയ പാര്‍ട്ടിയാണ്. ലക്ഷക്കണക്കിന് നുഴഞ്ഞു കയറ്റക്കാരാണ് ആസാമിലുള്ളത്. 2006ല്‍ പത്തു സീറ്റും 2011ല്‍ 18 സീറ്റും നേടിയ ഇവര്‍ക്ക് പക്ഷേ 2016ല്‍ കോണ്‍ഗ്രസുമായി രഹസ്യ ധാരണയുണ്ടാക്കിയിട്ടും 14 സീറ്റുകളേ ലഭിച്ചുള്ളൂ. ബിജെപിയുടെ ദുഷ് ഭരണത്തിന് അന്ത്യം കുറിക്കുകയാണ് ലക്ഷ്യം, സിപിഐ എംഎല് സെക്രട്ടറി രാബുല്‍ ശര്‍മ പറഞ്ഞു.
ബിജെപി, ആസാം ഗണ പരിഷത്ത്, യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎല്‍) എന്നിവയാണ് എന്‍ഡിഎയില്‍. പുതിയ രണ്ടു പാര്‍ട്ടികളായ ആസാം ജതീയ പരിഷത്ത്, റെയ്ജര്‍ ദല് എന്നിവ സഖ്യം പ്രഖ്യാപിച്ചിട്ടില്ല.
ബിജെപിക്കെതിരേ മൂന്നു ‘സി’കള്‍
ബിജെപിക്കെതിരേ മൂന്നു ‘സി’ കള്‍ (കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, കമ്യൂണലിസ്റ്റ്) ഒന്നിച്ചിരിക്കുകയാണെന്ന് ബിജെപി വക്താവ് രൂപം ഗോസ്വാമി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും എഐയുഡിഎഫും തമ്മില്‍ രഹസ്യ ധാരണയുണ്ടായിരുന്നു. പക്ഷേ ജനങ്ങള്‍ അത് തള്ളിയതാണ്. ഇക്കുറിയും ഈ സഖ്യത്തെ ജനം തള്ളും, അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: