വിവാഹം സാദ്ധ്യമാക്കുന്നതിനു മാത്രമായി മതപരിവര്‍ത്തനം നടത്തുന്ന പ്രതിഭാസം ഇല്ലാതാക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സാണ് പുതിയ ചര്‍ച്ചാവിഷയമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ ഓര്‍ഡിനന്‍സിന്റെ സാധുത പരിശോധിക്കാമെന്ന നിലപാടിലാണ് സുപ്രീംകോടതി. അതിനായി എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയക്കുവാന്‍ കോടതി ഉത്തരവായി എന്നും മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പാസ്സാക്കിയ മതസ്വാതന്ത്ര്യ നിയമത്തിന്റെ നിലനില്‍പ്പും ഇതോടൊപ്പം പരിശോധിക്കപ്പെടും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മതപരിവര്‍ത്തന നിയമങ്ങളുടെ ഉത്ഭവം
2011-ലെ കാനേഷുമാരി പ്രകാരം ഇന്ത്യാ രാജ്യത്തെ ജനസംഖ്യയുടെ 79.8% ഹിന്ദുക്കളും 14.23% മുസ്ലീങ്ങളും 2.3% ക്രിസ്ത്യാനികളുമാണ്. സിഖ് ജനവിഭാഗം ജനസംഖ്യയുടെ 1.72 ശതമാനമാണ്. മതം ഒരു വ്യക്തിയെ സംബന്ധിച്ച് അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. മതപ്രബോധനങ്ങളുടേയും ആചാരാനുഷ്ഠാനങ്ങളുടേയും ഉത്തമബോധത്തോടെയുള്ള സ്വീകരണവും സ്വാംശീകരണവുമാണ് ഒരു വ്യക്തിയുടെ മതബോധത്തിന്റെ അന്തഃസത്ത. ഇന്ത്യയിലെ കടുത്ത ദാരിദ്ര്യവും നിരക്ഷരതയും മുതലെടുത്ത് ക്രിസ്ത്യന്‍ പാതിരിമാര്‍ കൊളോണിയല്‍ യുഗത്തില്‍ കൂട്ട മതപരിവര്‍ത്തനം നടത്തിയ സന്ദര്‍ഭത്തിലാണ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ മതപരിവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമങ്ങള്‍ പാസ്സാക്കിത്തുടങ്ങിയത്. കോട്ട, ബിക്കാനിര്‍, ജോധ്പൂര്‍, റായിഗഡ്, പാറ്റ്ന, സുര്‍ഗുജ, ഉദയ്പൂര്‍, കല്ഹണ്ടി തുടങ്ങിയ നാട്ടുരാജ്യങ്ങളില്‍ മതപരിവര്‍ത്തന നിയന്ത്രണ നിയമങ്ങള്‍ സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ അങ്ങനെ നിലവില്‍ വന്നു.
1936-ലുണ്ടായ റായിഗഡ് സ്റ്റേറ്റ് മതപരിവര്‍ത്തന നിയമവും, 1942-ല്‍ നിലവില്‍ വന്ന സുര്‍ഗുജ സ്റ്റേറ്റ് മതപരിവര്‍ത്തന നിയമവും ഈ നിയമങ്ങളില്‍ ശ്രദ്ധേയമാണ്. മതപരിവര്‍ത്തനങ്ങളെ പരിപൂര്‍ണ്ണമായി നിരോധിച്ചുകൊണ്ടുള്ള ഉദയ്പൂര്‍ സ്റ്റേറ്റ് മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കടുത്ത ശിക്ഷാവിധികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വ്യവസ്ഥ ചെയ്തു.
സ്വാതന്ത്ര്യാനന്തര നിയമങ്ങള്‍
ഏത് മതവിശ്വാസം പുലര്‍ത്താനും ഏതൊരു വ്യക്തിക്കും മൗലിക അവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനാ സംവിധാനമാണ് നമ്മുടേത്. അനുഛേദം 25 ഉറപ്പു നല്കുന്ന വിശ്വാസ സ്വാതന്ത്ര്യം, മതവിശ്വാസം പിന്തുടരാനും അനുഷ്ഠിക്കുവാനും പ്രബോധിപ്പിക്കുന്നതിനുമുള്ള മൗലിക അവകാശമാണെന്ന് പ്രഖ്യാപിക്കുന്നു. എന്നാല്‍ പ്രബോധനത്തിനും പ്രചരണത്തിനുമുള്ള മൗലിക അവകാശം ദുരുപയോഗം ചെയ്ത് ഗൂഢലക്ഷ്യത്തോടെയുള്ള മതപരിവര്‍ത്തനം സ്വതന്ത്ര ഇന്ത്യയിലും നടന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പാര്‍ലമെന്റ് അതിനെതിരെ തിരിയാന്‍ തുടങ്ങി. മിഷനറിമാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനും മതപരിവര്‍ത്തനം രജിസ്റ്റര്‍ ചെയ്യുന്നതിനും വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഒരു നിയമം (കിറശമി ഇീി്ലൃശെീി (ഞലഴൗഹമശേീി മിറ ഞലഴശേെൃമശേീി ആശഹഹ) 1954-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും അത് പാസ്സാക്കാന്‍ സാധിച്ചില്ല. ഹിന്ദുക്കളെ മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് നിയന്ത്രിക്കുന്നതിന് മറ്റൊരു നിയമം 1964-ല്‍ അവതരിപ്പിച്ചെങ്കിലും അതും പ്രാബല്യത്തില്‍ വരുത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. മതസ്വാതന്ത്ര്യനിയമം എന്ന പേരില്‍ 1979-ല്‍ അവതരിപ്പിക്കപ്പെട്ട ബില്ലാണ് കേന്ദ്രതലത്തിലുണ്ടായ അവസാനത്തെ ശ്രമം. ജനസംഘം നേതാവായിരുന്ന ഒ.പി. ത്യാഗി അവതരിപ്പിച്ച ഈ സ്വകാര്യ ബില്ലിന് പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നുവെങ്കിലും തല്‍പ്പര കക്ഷികളുടെ ഇടപെടല്‍ ബില്ല് പാസ്സാക്കുന്നതിന് തടസ്സമായി.
സംസ്ഥാന നിയമങ്ങള്‍
സ്വതന്ത്രാപാര്‍ട്ടി ഭരണകാലത്ത് ഒറീസ്സയിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ ആദ്യ നിയമം പാസ്സാക്കപ്പെട്ടത്. 1967-ലെ ഒറീസ്സ മതസ്വാതന്ത്ര്യ നിയമത്തിന്റെ ചുവടുപിടിച്ചു അര ഡസനോളം സംസ്ഥാനങ്ങളില്‍ മതസ്വാതന്ത്ര്യ നിയമങ്ങള്‍ നിലവില്‍ വന്നു. അരുണാചല്‍ പ്രദേശ്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് മതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങള്‍ ഇപ്പോള്‍ നിലവിലുള്ളത്. ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ അന്യായ സ്വാധീനത്തിലൂടെയോ വശീകരണ ഉപാധികളിലൂടെയോ മതപരിവര്‍ത്തനം നടത്തുന്നത് ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമായി പൊതുവില്‍ ഈ നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. പണമോ മറ്റു സമ്മാനങ്ങളോ സൗജന്യ വിദ്യാഭ്യാസമോ നല്കി മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത് ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാര്‍ഹമാണ്. കുറ്റാരോപിതനെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യുന്നതിന് പോലീസിന് ഈ നിയമം അധികാരം നല്കുന്നു.
ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്ഡിലേയും നിയമങ്ങള്‍
മറ്റു സംസ്ഥാനങ്ങളിലെ നിയമങ്ങളില്‍ നിന്നും വ്യത്യസ്തമായി വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനവും ശിക്ഷാര്‍ഹമാക്കുന്നു എന്നതാണ് ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്ഡിലേയും നിയമങ്ങളുടെ പ്രത്യേകത. ഈ പ്രത്യേക വകുപ്പാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ കേന്ദ്ര ബിന്ദു. ഈ രണ്ടു നിയമങ്ങളുമാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. മതപരിവര്‍ത്തനം ആഗ്രഹിക്കുന്നയാളും ചടങ്ങിന് കാര്‍മികത്വം വഹിക്കുന്ന പുരോഹിതനും അത് സംബന്ധിച്ച അറുപത് ദിവസത്തെ നോട്ടീസ് ജില്ലാ മജിസ്ട്രേറ്റിന് നല്‍കണമെന്നും മതപരിവര്‍ത്തനം നിര്‍ബന്ധിതമല്ലെന്നും ഉത്തമ വിശ്വാസത്തോടുകൂടിയതാണെന്നും പോലീസ് അന്വേഷണത്തിലൂടെ ജില്ലാ മജിസ്ട്രേറ്റിന് ബോദ്ധ്യപ്പെടണമെന്നും ഇരു നിയമങ്ങളും അനുശാസിക്കുന്നു. മതപരിവര്‍ത്തനം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നുള്ള ലോ-കമ്മീഷന്റെ 235-ാം റിപ്പോര്‍ട്ടിന്റെ ശുപാര്‍ശ അതേപടി അംഗീകരിച്ചുകൊണ്ടാണ് ഉത്തര്‍പ്രദേശ് നിയമത്തിന്റെ ഒമ്പതാം വകുപ്പ് എഴുതിച്ചേര്‍ത്തിരിക്കുന്നത്.
ഭരണഘടനാ കോടതിയുടെ ഇടപെടലുകള്‍
ഒറീസ്സയിലെയും മദ്ധ്യപ്രദേശിലേയും മതസ്വാതന്ത്ര്യ നിയമങ്ങള്‍ ചോദ്യം ചെയ്യപ്പെട്ട ശ്രദ്ധേയമായ കേസാണ് ഫാദര്‍ സ്റ്റാന്സ്ലിയസ്സ് കേസ്. മതപരിവര്‍ത്തനം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശമാണെന്നും അത് നിരോധിക്കുന്ന നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്നുള്ള ആവശ്യമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. എന്നാല്‍ മതപ്രബോധനം നടത്തുന്നതിനുള്ള മൗലിക അവകാശത്തില്‍ മതപരിവര്‍ത്തനം ഉള്‍പ്പെടുന്നില്ല എന്നും മറ്റു മതങ്ങളുടെ സ്വാതന്ത്ര്യവും തുല്യമായി ഭരണഘടന ഉറപ്പുവരുത്തുന്നുണ്ടെന്നും പ്രഖ്യാപിച്ച സുപ്രീംകോടതി നിയമങ്ങളുടെ ഭരണഘടനാ സാധുത അര്‍ത്ഥശങ്കയ്ക്ക് ഇട കൊടുക്കാതെ അടിവരയിട്ടു പ്രഖ്യാപിച്ചു. 1973-ല്‍ പുറപ്പെടുവിച്ച ഈ വിധിന്യായം എത്രമാത്രം യുക്തിഭദ്രമാണെന്നറിയാതെ നിലനില്ക്കുന്നു.
മതപരിവര്‍ത്തനവും വിവാഹവും
വിവാഹത്തിനുവേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം കോടതികളുടെ നിശിത വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുവാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. മതപരിവര്‍ത്തനങ്ങള്‍ കൃത്യമായും രജിസ്റ്റര്‍ ചെയ്യപ്പെടണമെന്നുള്ള ലോ കമ്മീഷന്റെ 235-ാം റിപ്പോര്‍ട്ടിലേക്ക് നയിച്ചത് ഒരു കേസിലെ കേരള ഹൈക്കോടതിയിലെ വിധിന്യായത്തിലെ പരാമര്‍ശങ്ങളായിരുന്നു. (മാട്രിമോണിയല്‍ അപ്പീല്‍ 339/2009). മതപരിവര്‍ത്തനം മനുഷ്യന്റെ അധമ ലക്ഷ്യസാദ്ധ്യത്തിനായി എത്രമാത്രം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന് ദൃഷ്ടാന്തമാണ് സുപ്രീംകോടതി പരിഗണിച്ച മറ്റൊരു കേസിലെ വസ്തുതകള്‍. ഹിന്ദുവായ ഒരു വ്യക്തി ഭാര്യ നിലവിലിരിക്കെ മറ്റൊരു വിവാഹം കഴിക്കുന്നതിനായി ഇസ്ലാം മതം സ്വീകരിച്ച സംഭവവുമായി ബന്ധപ്പെട്ട ഈ കേസില്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് സുപ്രീം കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കി.
വിവാഹത്തിനുവേണ്ടി മാത്രമുള്ള മതപരിവര്‍ത്തനത്തെ അപലപിച്ച സുപ്രീം കോടതി ഈ ദുരുപയോഗം തടയുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിന് ഭരണകൂടത്തിനുള്ള ബാധ്യത സംബന്ധിച്ച് വിവിധ വിധിന്യായങ്ങളില്‍ നിരീക്ഷണം നടത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ മതപരിവര്‍ത്തനം കേവലം വ്യക്തിപരമായ വിഷയമല്ലെന്ന് മതപരിവര്‍ത്തനത്തിന്റെ നിയമ പ്രത്യാഘാതങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. കുടുംബങ്ങളിലെ പിന്തുടര്ച്ചാവകാശങ്ങള് ഒരാളുടെ മതപരിവര്‍ത്തനത്തോടെ സങ്കീര്ണ്ണമാക്കപ്പെടാം. ഹിന്ദു വിവാഹ നിയമപ്രകാരം മതപരിവര്‍ത്തനം വിവാഹ മോചനത്തിനുള്ള ഒരു കാരണമായി മാറുന്നു. സംവരണ ആനുകൂല്യങ്ങള്‍ നേടുന്ന വിഭാഗങ്ങള്‍ ആനുകൂല്യം നേടിയ ശേഷം മതപരിവര്‍ത്തനത്തിനു വിധേയരാകുമ്പോള്‍ സംവരണ പ്രക്രിയയുടെ ഉദ്ദേശ്യം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. മതപരിവര്‍ത്തനം നടത്തിയവര്‍ തന്നെ സൗകര്യപ്രദമായി സംവരണാനുകൂല്യങ്ങള്‍ നേടുന്നതിനായി പുനഃ പരിവര്‍ത്തനം നടത്തുമ്പോള്‍ ഒരു വലിയ അവശ ജനവിഭാഗത്തിന്റെ അവകാശ ലംഘനമായി അത് മാറുന്നു.
പ്രത്യേക വിവാഹ നിയമവും മിശ്ര വിവാഹവും
വിവിധ മതങ്ങളിലുള്ള വ്യക്തികള്‍ക്ക് പരസ്പരം വിവാഹം സാധ്യമാക്കുന്ന പ്രത്യേക വിവാഹ നിയമം ഇവിടെ നിലവിലുണ്ട്. ആ നിയമത്തിലെ മുപ്പത് ദിവസത്തെ നോട്ടീസ് എന്ന കടമ്പ കടക്കുന്നതിനായി മാത്രമാണ് പൊതുവേ ഇന്ന് നാം കാണുന്ന വിവാഹത്തോടൊപ്പമുള്ള മതം മാറ്റങ്ങള്‍. ഇതില്‍ പല വിവാഹങ്ങളും ലൗജിഹാദിന്റെ ഭാഗമാണെന്ന് പൊതുവേ ആക്ഷേപം ഉയരുന്നുണ്ട്. വിവാഹിതരാകുവാന്‍ പോകുന്ന വ്യക്തികള്‍ പ്രായപൂര്‍ത്തിയായവരാണോ, നിലവില്‍ ഭാര്യാഭര്ത്താക്കന്മാര് ഉള്ളവരാണോ, നിരോധിത രക്തബന്ധത്തില്‍ ഉള്ളവരാണോ ഇത്യാദിയുള്ള വിവരശേഖരണത്തിനും അതിനെ സംബന്ധിച്ച ആക്ഷേപം കേള്‍ക്കുന്നതിനുമുള്ള അവസരത്തിനാണ് പ്രത്യേക വിവാഹ നിയമത്തില്‍ നോട്ടീസ് വിഭാവനം ചെയ്തിട്ടുള്ളത്. അതിന്റെ ഉദ്ദേശ്യശുദ്ധിയെ തകിടം മറിക്കുന്നതാണ് വിവാഹത്തിനുവേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം. മതപരിവര്ത്തനത്തോടാപ്പം വിവാഹവും രഹസ്യമായി സാദ്ധ്യമാക്കുന്ന നിയമത്തിന്റെ ഈ ദുരുപയോഗത്തിന് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചു. മതപരിവര്‍ത്തന സ്വാതന്ത്ര്യം മനുഷ്യാവകാശമാണെന്ന് അന്താരാഷ്ട്ര പ്രഖ്യാപനങ്ങള്‍ ഉണ്ടെങ്കിലും അത് ശുദ്ധവും നിര്‍മ്മലവുമായ മതപരിവര്ത്തനത്തിനെയാണ് വിവക്ഷിക്കുന്നത് എന്ന കാര്യം ആക്ഷേപം ചൊരിയുന്നവര്‍ വിസ്മരിച്ചുകൂടാ.
അഡ്വ.എസ്. സനല്‍ കുമാര്‍
(കേരള ഹൈക്കോടതി അഭിഭാഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: