ബാംബോലിം: ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ മലയാളി താരം കെ.പി. രാഹുല്‍ നേടിയ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഐഎസ്എല്‍ ഏഴാം പതിപ്പില്‍ രണ്ടാം പാദത്തിലെ രണ്ടാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് മുന്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ലാല്താംഗയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോള്‍ നേടിയത്. ബെംഗളൂരുവിനായി ക്ലീറ്റണ്‍ സില്‍വയാണ് സ്കോര്‍ ചെയ്തത്.
ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് വിജയത്തിലേക്ക് പൊരുതിക്കയറിയത്. ഈ വിജയത്തോടെ പന്ത്രണ്ട് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തെത്തി. ബെംഗൂരുവിനും പന്ത്രണ്ട് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റാണുള്ളത്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള അവര്‍ ഏഴാം സ്ഥാനത്താണ്.
തുടക്കത്തില്‍ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. ഒട്ടേറെ അവസരങ്ങളും ലഭിച്ചു. പക്ഷെ ബ്ലാസ്റ്റേഴ്സിന് മുതലാക്കാനായില്ല. ഇരുപത്തിമൂന്നാം മിനിറ്റില്‍ ബെംഗളൂരു ലീഡ് നേടി. ക്ലീറ്റണ്‍ സില്‍വയാണ് സ്കോര്‍ ചെയ്തത്. രാഹുല്‍ ഭെക്കെയുടെ ത്രോയാണ് ഗോളിന് വഴിയൊരുങ്ങിയത്. ബോക്സികനത്തേക്ക് വന്ന പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധം പരാജയപ്പെട്ടു. പന്ത് പിടിച്ചെടുത്ത ക്ലീറ്റണ്‍ സില്‍വ അനായാസം വലയിലേക്ക് തിരിച്ചുവിട്ടു.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ സുനില്‍ ഛേത്രിയുടെ ഗോളെന്നുറച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി ആല്‍ബിനോ ഗോമസ് രക്ഷപ്പെടുത്തി. ആദ്യ പകുതിയില്‍ ബംഗളൂരു 1-0ന് മുന്നിട്ടു നിന്നു.
ഗോള്‍ മടക്കാനായി രണ്ടാം പകുതിയില്‍ തകര്‍ത്തുകളിച്ച ബ്ലാസ്റ്റേഴ്സ് 73-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ലാല്താംഗയാണ് ഗോള്‍ നേടിയത്. ഗാരി ഹൂപ്പര്‍ ബോക്സിലേക്ക് നീട്ടിയ പന്ത് ലാല്‍താംഗ ഗോള്‍വര കടത്തിവിട്ടു. ഇഞ്ചുറി ടൈമില്‍ രാഹുലും ഗോള്‍ അടിച്ചതോടെ ബ്ലാസ്റ്റേഴ്സ് ജയിച്ചുകയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: