ശബ്ദാദിഭിഃ പഞ്ചഭിദേവ പഞ്ച
പഞ്ചത്വമാപുഃ സ്വഗുണേന ബദ്ധാഃ
കുരംഗ മാതംഗ പതംഗമീനഃ
ഭൃഗാ നരഃ പഞ്ചഭിരഞ്ചിത കിം?
മാന്‍, ആന, ഈയല്, മത്സ്യം, വണ്ട് എന്നിവ അഞ്ചും ശബ്ദാദി വിഷയങ്ങളില്‍ താന്താങ്ങളുടെ ഗുണങ്ങളാല്‍ ബദ്ധരായി മരണമടയുന്നു. എങ്കില്‍ ഈ അഞ്ചു ഗുണങ്ങളിലും ആസക്തനായ മനുഷ്യന്റെ സ്ഥിതിയെ പറ്റി എന്തു പറയാനാണ്!
പാട്ടുകേട്ട് ശിരസ്സുയര്‍ത്തി നിശ്ചലമായി നില്ക്കുന്ന മാനിനെ വേടന് അമ്പെയ്തു വീഴ്ത്തുന്നു. ഇണങ്ങിയ പിടിയാനയെ അയച്ച് കാട്ടുകൊമ്പനെ വശത്താക്കി കുഴിയില്‍ വീഴ്ത്തുന്നു. അഗ്നിജ്വാല കണ്ടു തീറ്റയാണെന്ന് ഭ്രമിച്ച് ഈയല് അഗ്നിയില്‍ പതിക്കുന്നു. ചൂണ്ടയില്‍ കൊരുത്തിട്ട ഇര കണ്ട് വെട്ടി വിഴുങ്ങുന്ന മത്സ്യം ചൂണ്ടയില്‍ കുരുങ്ങി നശിക്കുന്നു. വണ്ട് മദ്യത്തിന്റെ ഗന്ധം ആസ്വദിച്ച് ചെന്ന് മദ്യക്കുടത്തില് വീണ് നശിക്കുന്നു. ഇങ്ങനെ ഓരോരോ ആസക്തി വിഷയങ്ങളില്‍പ്പെട്ട് നശിക്കുമ്പോള്‍ ഇവ അഞ്ചിലും ആസക്തരായ മനുഷ്യന്റെ കഥ എടുത്തു പറയേണ്ടതില്ലല്ലോ?
വിവേകചൂഡാമണിയില്‍ ശങ്കരാചാര്യര്‍ തുടര്‍ന്നു പറയുന്നു: മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തേക്കാള്‍ കടുത്തതാണ് വിഷയം. കഴിക്കുന്നവനെ മാത്രമേ വിഷം കൊല്ലുന്നുള്ളൂ. എന്നാല്‍ വിഷയങ്ങള്‍ കാണുന്നവനെപ്പോലും കൊല്ലുന്നു. വിഷയാസക്തന് ഉടനടി മരണം സംഭവിക്കുന്നില്ലെങ്കിലും ആത്മവിസ്മൃതി വരുന്നു. അങ്ങനെയുള്ളവന് മൃഗസമാനനാണ്.
എസ്.ബി. പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: