മനുഷ്യര്‍ സന്തോഷമായി ജീവിക്കുന്നതിനും, വാസസ്ഥലം തിരഞ്ഞെടുക്കുന്നതിനും, ഗൃഹ നിര്‍മ്മാണത്തിനുമായി സാമൂഹികവും സാമ്പത്തികവുമായ എല്ലാ കാര്യങ്ങളെയും പരിഗണിക്കുന്നു.
മനുഷ്യന്റെ സാമൂഹ്യ ജീവിതാരംഭത്തില്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വസതികള്‍ നിര്‍മ്മിക്കാന്‍ അവന് ആരംഭിച്ചു. അതുകൊണ്ടു തന്നെ ലോകത്തെവിടെയും, ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലും വിവിധതരം നിര്‍മാണ രീതികള്‍ ഉണ്ടാവുകയും ചെയ്തു. ഈ നിര്‍മാണ പരിണാമം നമുക്ക് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. പില്ക്കാലത്തു കാലഘട്ടത്തിനനുസരിച്ചും സാമൂഹിക ആവശ്യത്തിനനുസരിച്ചും ഗൃഹ നിര്‍മ്മാണം വലിയ വികാസം പ്രാപിക്കുകയും ഉണ്ടായി.
അത്തരത്തില്‍ ഭാരതത്തില്‍ ചില സംസ്കൃതികള്‍ക്കിടയില്‍, പ്രത്യേകിച്ച് കേരളത്തില്‍ രൂപപ്പെട്ട ഗൃഹ നിര്‍മാണ രീതിയായിരുന്നു നാലുകെട്ടുകള്‍. അക്കാലത്തെ കുടുംബപരമായ ആവശ്യങ്ങള്‍ക്കും സാമൂഹ്യ സാമ്പത്തിക അവസ്ഥകള്‍ക്കും അടിസ്ഥാനത്തില്‍ പിന്നീട് ഇവ എട്ടുകെട്ടുകളും പതിനാറു കെട്ടുകളുമായി പുരോഗമിച്ചു. കൊട്ടാരങ്ങളും, വലിയ മാളികകളും ഇവകളുടെ പ്രാഗ്രൂപ നിര്‍മ്മിതികളും കാലക്രമത്തില്‍ ഈ രീതിയില്‍ മാറ്റപ്പെട്ടു. അത്രത്തോളം കേരളീയ ഗൃഹനിര്‍മ്മാണ കലയോട് ചേര്‍ന്ന് നിന്ന രീതിശാസ്ത്രമായി നാലുകെട്ടുകള്‍ മാറി.
ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തിന്റെ പ്രാചീന ഗൃഹനിര്‍മ്മാണ രീതിക്കുള്ള പ്രത്യേകത അതിന്റെ ഒറ്റ ഒറ്റയായുള്ള നില്‍പ്പ് തന്നെയാണ്. കൂട്ടമായി നിര്‍മിക്കുന്ന പാര്‍പ്പിടങ്ങള്‍ ഒരു കാലഘട്ടം വരെ കേരളത്തിന് അന്യമായിരുന്നു. പില്ക്കാലത്തു അഗ്രഹാരങ്ങള്‍ പോലുള്ള പരദേശീയ പ്രഭാവം കേരളത്തിനെയും സ്വാധീനിച്ചു. വിശാലമായ പറമ്പുകളില്‍ ഒറ്റയായി നില്ക്കുന്ന വലിയഗൃഹങ്ങള് കേരള ഗൃഹമാതൃകയായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥ സാമൂഹ്യക്രമമായ കാലത്ത് ബന്ധുക്കള്‍, ദാസര്‍, ഗൃഹസ്ഥര്‍, അതിഥികള്‍ എല്ലാവര്ക്കും ചേര്‍ന്ന് ഒരുമിച്ചു ഒരു വാസവ്യവസ്ഥ നിലനിന്നിരുന്നു. അതായിരുന്നു നാലുകെട്ടുകളുടെ സാംഗത്യവും.
നടുക്കുള്ള ഒരു മുറ്റം, അതിനുചുറ്റും നാലു ശാലകള്‍, അതുമായി ബന്ധപ്പെട്ട ഉപാലയങ്ങള്‍ എന്നിവ ചേര്‍ന്നുള്ള നാലുകെട്ടുകള്‍ കേരളത്തിന്റെ വാസ്തുവിദ്യാ പാരമ്പര്യത്തിന്റെ സൂചകങ്ങളാണ്. നിര്‍മാണത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ കേരളീയമായ എട്ടു ഭേദങ്ങള്‍ ഉണ്ടെന്ന് കാണാം. ദിക്ശാലകള്‍ കോണ്‍ ശാലകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഇവയെ തരം തിരിക്കപ്പെട്ടുള്ളത്. നാലുകെട്ടുകളിലെ ഓരോ ശാലക്കും ഓരോ ഉപയോഗ ക്രമം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും വര്ണഭേദമനുസരിച്ചുള്ള മാറ്റവുമുണ്ട്. എങ്കിലും പൊതുവായ ക്രമം ഇതാണ്.
നടുമുറ്റത്തിന്റെ കിഴക്കുള്ള, പടിഞ്ഞാറ് അഭിമുഖമായി സ്ഥിതിചെയ്യുന്ന ശാലയാണ് കിഴക്കിനി. ഇത് അന്നാലയം എന്ന പേരോടുകൂടിയതാണ്. തെക്കുവശത്തായി വടക്ക് അഭിമുഖമായി നില്ക്കുന്ന ശാലയാണ് തെക്കിനി. ചിലപ്പോള്‍ വീടിന്റെ പ്രധാനഭാഗമായും അതല്ലെങ്കിലും ധാന്യം സൂക്ഷിക്കാനുള്ള സ്ഥലമായും ഇവിടം കണക്കാക്കുന്നു. ധാന്യാലയം എന്നാണ് ഇതിന്റെ പേര്. പടിഞ്ഞാറുവശത്തായി കിഴക്കോട്ട് അഭിമുഖമായ ശാലക്ക് പടിഞ്ഞാറ്റിനി എന്നാണ് പേര്. സാധാരണ നാലുകെട്ടുകള്‍ പടിഞ്ഞാറ് പ്രാധാന്യമായാണ് ചെയ്തു വരാറുള്ളത്. ധനം,ധാന്യം എന്നിവ സൂക്ഷിക്കുന്നതിനും കുടുംബ ദേവതയെ പ്രതിഷ്ഠിക്കുന്നതിനും ഈ ഭാഗം ഉപയോഗിക്കാറുണ്ട്. ധനാലയം എന്ന് നാമാന്തരം. വടക്കുവശത്തായി തെക്കോട്ട് അഭിമുഖമായിരിക്കുന്ന വടക്കിനി, സാധാരണയായി പൂജ, ശ്രാദ്ധം മുതലായ കാര്യങ്ങള്‍ക്കായിട്ടാണ് ഉപയോഗിച്ചിരുന്നത്. മതപരമായ ചടങ്ങുകള്‍ക്കായാണ് ഈ ഭാഗം കൂടുതലായി സ്വീകരിച്ചിരുന്നത്. സുഖാലയം എന്നൊരു വാസ്തു നാമവുമുണ്ട്.
കോണ്ഗൃഹങ്ങളില് വടക്കു കിഴക്കു ഭാഗത്തുള്ളത് അടുക്കളയായും പൂജമുറിയായുമാണ് ഉപയോഗിച്ചിരുന്നത്. അഗ്നികോണില്‍ ഉള്ള കോണ്‍ ഗൃഹം അടുക്കള, കലവറ, കിടപ്പുമുറി എന്നിവക്ക് ഉചിതമായ സ്ഥാനമാണ്. നിരൃതികോണില്‍ കിടപ്പുമുറി ആവാം. പടിഞ്ഞാറ്റി പ്രാധാന്യമായ നാലുകെട്ടുകള്‍ക്ക് പുറന്തളം എന്ന രീതിയിലുള്ള സ്വീകരണ മുറിയായും ഈ ഭാഗം ചെയ്യാറുണ്ട്. വായുകോണിലുള്ള കോണ്‍ ഗൃഹം സ്ത്രീകളുടെ കിടപ്പുമുറിയായും കലവറയായും ഉപയോഗിക്കാവുന്നതാണ്.
അടിസ്ഥാനപരമായി നാലുകെട്ടുകള്‍ ഏകാത്മഭാവത്തിലുള്ളതെങ്കിലും കേരളത്തില്‍ പ്രാദേശികഭേദം അനുസരിച്ച് നിര്‍മാണത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുള്ളത് സാക്ഷാത്വേദ്യമാണ്. അതിനു പ്രദേശികവും സാമൂഹ്യവുമായ പലകാരണങ്ങളുമുണ്ട്.
ഡോ. രാധാകൃഷ്ണന് ശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: