കണ്ണൂര്‍: സിപിഎമ്മില്‍ സ്ഥാനാര്‍ഥി ചര്‍ച്ച മുറുകവേ പിബി അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെയും സംസ്ഥാന സമിതിയംഗം പി.ജയരാജന്റെയും സ്ഥാനാര്‍ത്ഥിത്വം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു. കോടിയേരിയെ തലശേരിയില്‍ മത്സരിപ്പിക്കാനാണ് നീക്കം. കേന്ദ്ര കമ്മിറ്റിയംഗവും വ്യവസായ മന്ത്രിയുമായ ഇ.പി. ജയരാജന് ഇക്കുറി മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കോടിയേരി ബാലകൃഷ്ണനെ മത്സര രംഗത്തിറക്കാന്‍ പിണറായി തന്നെ മുന്‍ കൈയെടുക്കുന്നതായാണ് സൂചന. എന്നാല്‍ മക്കളുടെ പേരില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന പിബി അംഗം കൂടിയായ കോടിയേരി മത്സരിച്ചാല്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന വാദവുമായി പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ കോടിയേരിയെ മത്സരിപ്പിക്കണമോ എന്നത് സംബന്ധിച്ച് സിപിഎമ്മിനുളളില്‍ ഭിന്നത രൂക്ഷമായി.
എ.എന്‍. ഷംസീറാണ് തലശേരിയിലെ എംഎല്‍എ. കോടിയേരി തിരിച്ചു വന്നാല്‍ ശിഷ്യനായ ഷംസീര്‍ മത്സരത്തില്‍ നിന്ന് മാറിനില്ക്കാന് തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. കോടിയേരിയുടെ മൂത്തമകന് ബിനോയ് സ്ത്രീ പീഡന കേസില്‍ കോടതി വിചാരണ നേരിടുകയും മറ്റൊരു മകന് ബിനീഷ് മയക്കുമരുന്ന് ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ബെംഗളൂരുവിലെ അഗ്രഹാര ജയിലില്‍ റിമാന്‍ഡ് തടവുകാരനുമാണ്. കോടിയേരി മത്സരിച്ചാല്‍ ഈ വിഷയം, സംസ്ഥാന തലത്തില്‍ പ്രചാരണ വിഷയമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ ജനം അംഗീകരിച്ചില്ലെന്നതിന് തെളിവാണ് എല്‍ഡിഎഫ് വിജയമെന്നാണ് കോടിയേരിയെ അനുകൂലിക്കുന്നവരുടെ വാദം.
പാര്‍ട്ടി നേതൃത്വവുമായി അകന്നു നില്ക്കുന്ന, മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായ പി. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും പാര്‍ട്ടി രണ്ടു തട്ടിലാണ്. പി. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭ്യര്‍ത്ഥനയുമായി സൈബറിടങ്ങളില്‍ ജയരാജന്റെ അണികളുടെ കൂട്ടായ്മയായ പിജെ ആര്‍മി രംഗത്തെത്തിയത് ഭിന്നതയ്ക്ക് വഴി തെളിയിച്ചു.
മുഖ്യമന്ത്രിയുമായും ജില്ലാ നേതൃത്വവുമായും അകന്നു കഴിയുന്ന ജയരാജനെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിലാണ് പിണറായി ഉള്‍പ്പെടെയുളള ജയരാജ വിരുദ്ധര്‍. വ്യക്തി പൂജാ വിവാദവും ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തി പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് വരാന്തയില്‍ കയറി സമരം നടത്തിയതുമടക്കമുളള സംഭവങ്ങള്‍ ജയരാജനെ പിണറായി വിജയന്റെയും പാര്‍ട്ടിയിലെ മറ്റ് നേതാക്കളുടേയും അപ്രീതിക്ക് പാത്രമാക്കിയിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നിലും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നു മത്സരിക്കുന്നതിനാലാണ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയതെന്നായിരുന്നു വിശദീകരണം. പക്ഷെ ജയരാജന് പാര്‍ട്ടിക്കതീതനായി മാറുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയടക്കമുളള നേതാക്കള്‍ രഹസ്യമായി നടത്തിയ നീക്കമാണിതിനു പിന്നില്‍. വ്യക്തിപൂജയ്ക്ക് ജയരാജന് പിന്തുണ നല്‍കിയെന്ന കുറ്റം ചാര്‍ത്തി പാര്‍ട്ടി താക്കീതും ചെയ്തിരുന്നു.
കതിരൂര്‍ മനോജ് വധക്കേസിലെ സിബിഐ അന്വേഷണമടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പി. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ സജീവമാണ്. സംസ്ഥാനമാകെ പാര്‍ട്ടിക്കെതിരേ അക്രമ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടാന്‍ ഇടയാക്കുമെന്നുളള വാദമാണ് ജയരാജ വിരുദ്ധര്‍ മുന്നോട്ടുവയ്ക്കുന്നത്. കണ്ണൂരിലെ ഉറച്ച മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തിനായി ഒന്നില്‍ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയതും സിപിഎമ്മിനുളളില്‍ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: