ഈര്‍ക്കിലുകള്‍ ചേര്‍ത്തുകെട്ടിയാല്‍ ചൂലുണ്ടാകും. ഈര്‍ക്കില്‍ പാര്‍ട്ടികളെ കൂട്ടിക്കെട്ടിയാലോ… കൂട്ടിക്കെട്ടിയ കൊടികളില്ലെങ്കില് പിന്നെ കേരളത്തില്‍ എന്ത് രാഷ്ട്രീയം.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിലപേശലും സീറ്റ് തര്‍ക്കവും പിളരലും കൂടിച്ചേരലുമൊക്കെയായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഇനമാണ് ഇമ്മാതിരി പാര്‍ട്ടികള്‍. വ്യക്തികള്‍, ജാതി, മതം ഇങ്ങനെ പലതാണ് സ്വാധീനകേന്ദ്രങ്ങള്‍… ഒരേ പേരില്‍ പലപല ബ്രാക്കറ്റിലാണ് പാര്‍ട്ടികള്‍ പിറക്കുന്നത്. ബ്രാന്‍ഡ് ഒന്നായിരിക്കും. കേരള കോണ്‍ഗ്രസ്, ജനതാദള്‍ തുടങ്ങി പല ബ്രാന്‍ഡുകള്‍… മാണിയായി, പിള്ളയായി, ജേക്കബായി, ജോസഫായി, സെക്കുലറായി, സോഷ്യലിസ്റ്റായി, സ്കറിയാ തോമസായി ഇപ്പോള്‍ മാണി മകന് ജോസായി കേകോ രാഷ്ട്രീയം ചാടി മറിയുന്നതാണ് കേരളത്തിലെ മുന്നണി സംവിധാനം.
രാജ്യത്തെവിടെയൊരു പാര്‍ട്ടി പിറന്നാലും കേരളത്തില്‍ ഒരു ബ്രാഞ്ച് ഉണ്ടാവുക സ്വാഭാവികമാണ്. തൃണമൂലിനും ശിവസേനയ്ക്കും വരെ കേരള പതിപ്പുണ്ട്. ഫോര്‍വേഡ് ബ്ലോക്ക് വരെ ഇപ്പോള്‍ കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാണ്. വി.പി. സിങ്, ഗൗഡ, ഗുജറാള്‍, ബൊമ്മെ തുടങ്ങിയവരൊക്കെ കത്തിക്കയറിയ കാലത്ത് കേരളത്തില്‍ പിടിവിട്ടുനിന്ന പലരും ആ വഴിക്ക് ഓടിക്കയറിയിട്ടുണ്ട്. അതെല്ലാം ഇപ്പോള്‍ പല വഴിക്കാണ്. ജനതാദള്‍ (യു), ജനതാദള്‍ (സെക്കുലര്‍), ജനതാദള്‍(സോഷ്യലിസ്റ്റ്) മുതല്‍ ശ്രേയാംസ് കുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍ വരെയുണ്ട് പട്ടികയില്‍.
സിപിഐ പിളര്‍ന്നതുപോലെ ഒന്നും എവിടെയും പിളര്‍ന്നിട്ടില്ല. സിപിഎമ്മായി, സിപി ആയി, സിഎംപിയായി, ജെഎസ്എസ് ആയി, ആര്‍എംപി ആയി… പിളര്‍ന്ന് മാറിയതൊക്കെ പിന്നെയും ബ്രാക്കറ്റിട്ട് പിളര്‍ന്നു. സിഎംപി രണ്ടായി, ജെഎസ്എസ് രണ്ടായി…. ഉള്ളവരെയും കൊണ്ട് കൊടിയുണ്ടാക്കി മുന്നണികള്‍ക്ക് കൂട്ടിക്കെട്ടാന്‍ കൂട്ടുണ്ടാക്കി…
ചവറ മുതല്‍ ചവറ വരെയുള്ള വലിയ പാര്‍ട്ടിയാണ് ആര്‍എസ്പി. അത് പിളര്‍ന്നതിനും കണക്കില്ല. ആര്‍എസ്പി (ബോള്‍ഷെവിക്), ആര്‍എസ്പി (മാന്ഷെവിക്), ആര്‍എസ്പി (ബേബിജോണ്‍)… നെടുകെയും കുറുകെയും പിളര്‍ന്നൊടുവില്‍ ഒന്നിച്ച് എല്ലാം കൂടി യുഡിഎഫ് പാളയത്തില്‍ ഇരിപ്പാണ്. ഇടക്കാലത്ത് എന്ഡിഎയിലുമുണ്ടായിരുന്നു ഒരു ആര്‍എസ്പി. പേരില്‍ താമരയുള്ള താമരാക്ഷന്റെ സ്വന്തം പാര്‍ട്ടി. ഉള്ള ഒരു എംഎല്‍എ സ്ഥാനം കളയാന്‍ മടിയുള്ളതുകൊണ്ട് കോവൂര്‍ കുഞ്ഞുമോന് സ്വന്തമായി വേറെ ആര്‍എസ്പി ഉണ്ടാക്കി. പേര് ആര്‍എസ്പി (ലെനിനിസ്റ്റ്).
ശരത് പവാറിന്റെ എന്‍സിപി, കടന്നപ്പള്ളി മാത്രം അവശേഷിക്കുന്ന കോണ്‍ഗ്രസ് (എസ്)… സീറ്റിന് പിടിമുറുക്കി പാര്‍ട്ടികള്‍ പോര് ശക്തമാക്കുകയാണ്. ഐഎന്‍എല്‍, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ തുടങ്ങിയ ‘വര്‍ഗീയ വിരുദ്ധ’ പാര്‍ട്ടികള്‍ക്കാണ് ‘മതേതര’ മുന്നണികളില്‍ വലിയ ഡിമാന്‍ഡെന്ന് കൂടി ഓര്‍ക്കണം. ബിഎസ്പിയും എസ്പിയും ആപ്പും എഐഎഡിഎംകെയുമൊക്കെ തെരഞ്ഞെടുപ്പ് പോരിനിറങ്ങാന്‍ കേരളത്തില്‍ റെഡിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: