ബീജിങ് : അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വ്യവസായ ഭീമനും ആലിബാബയുടെ സ്ഥാപകനുമായ ജാക്മ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷിജിന് പിങ്ങിനേയും, സര്‍ക്കാരിനേയും വിമര്‍ശിച്ചതിനെ തുടര്‍ന്ന് ജാക്മയെ ചൈനീസ് ഭരണകൂടം പിടികൂടി ജയിലില്‍ അടച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.
ബുധനാഴ്ച ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ ചൈനയിലെ 100ഓളം ഗ്രാമീണ അധ്യാപകരെ അഭിസംബോധന ചെയ്ത് സംസാരിച്ചതോടെയാണ് ജാക്മയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. ജാക്ക് മായുടെ മടങ്ങി വരവിനെ കുറിച്ചുള്ള വാര്‍ത്ത ആദ്യം പ്രാദേശിക ബ്ലോഗിലാണ് ഇടം പിടിച്ചത്. ഇതിനു പിന്നാലെയാണ് ജാക്ക് മായുടെ അടുത്ത വൃത്തങ്ങളും ഇത് ശരിവെയ്ക്കുകയായിരുന്നു.
ഗ്രാമീണ മേഖലയില്‍ നിന്നുള്ള അധ്യാപകര്‍ക്കായി വര്‍ഷം തോറും നടത്താറുള്ള പരിപാടിയില്‍ ആശംസയര്‍പ്പിക്കാനാണ് മുന്‍ അധ്യാപകന് കൂടിയായ ജാക്ക് മാ എത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പരിപാടി വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുകയായിരുന്നു.
1990കളില്‍ വെറും 800 രൂപ പ്രതിമാസ ശമ്പളം വാങ്ങി അധ്യാപക ജോലി ചെയ്തിരുന്ന മാ യുന്‍ എന്ന യുവാവാണ് പിന്നീട് ആലിബാബയുടെ തലവനായി മാറിയത്. 1999ല്‍ തന്റെ 17 സുഹൃത്തുക്കളുമായി ചേര്‍ന്ന് ആരംഭിച്ച ആലിബാബ എന്ന ഓണ്‍ലൈന്‍ സ്റ്റോര്‍ ജാക്ക് മായെ ശതകോടീശ്വരനാക്കി വളര്‍ത്തി.
കഴിഞ്ഞ ഒക്ടോബര്‍ 24ന് ഷാങ്ഹായില്‍ നടന്ന സാമ്പത്തിക ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ ചൈനയിലെ സാമ്പത്തിക രംഗം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ജാക്ക്മാ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ അതൃപ്തിയില്‍ ആലിബാബയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടുകയും നവംബര്‍ രണ്ടിന് അദ്ദേഹത്തെ ചൈനീസ് അധികൃതര്‍ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുകയും ചെയ്തു. തൊട്ടടുത്ത ദിവസം ആലിബാബയുടെ ടെക് സ്ഥാപനത്തിന്റെ 37 ബില്യണ്‍ ഡോളറിന്റെ ഐപിഒ ചൈനീസ് അധികൃതര്‍ റദ്ദ് ചെയ്തു. ഇതിന് പിന്നാലെ ജാക്ക്മാ പൊതുവേദിയില്‍ നിന്നും അപ്രത്യക്ഷമാവുകയുമായിരുന്നു. ഇതോടെ അദ്ദേഹം ജയിലില്‍ ആണെന്ന് അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: