മരട്: പേട്ട മെട്രോസ്റ്റേഷനിലെ പാര്‍ക്കിങ് അടച്ചത് യാത്രക്കാര്‍ക്ക് വിനയാകുന്നു. പാര്‍ക്കിങ് ഗ്രൗണ്ട് അടച്ചത് മൂലം യാത്രക്കാര്‍ തങ്ങളുടെ വാഹനങ്ങള്‍ റോഡരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത്തരത്തില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കെതിരെ ട്രാഫിക് പോലീസ് പിഴ ചുമത്തുന്നതും തുടര്‍ന്നു കൊണ്ടിരിക്കുന്നു. പേട്ട മെട്രോ സ്റ്റേഷന്റെ റോഡിന് പടിഞ്ഞാറ് വശത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടാണ് ഒരു മാസം മുമ്പ് നാട കെട്ടി അടച്ചത്. സോളാര്‍ സംവിധാനം ഘടിപ്പിക്കുന്നതിനും, മറ്റ് അറ്റകുറ്റപ്പണികള്‍ക്കും വേണ്ടിയുമായിരുന്നു ഇത്. എന്നാല്‍ ജോലികള്‍ പൂര്‍ത്തിയായിട്ടും പാര്‍ക്കിങ് അനുവദിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
സ്റ്റേഷന് സമീപം റോഡിന് കിഴക്ക് വശവും, പടിഞ്ഞാറ് വശവും പള്‍ക്കിങ് ഗ്രൗണ്ടുണ്ട്. യാത്രക്കാര്‍ കുറവായതിനാല്‍ രണ്ട് സ്ഥലത്തും സെക്യൂരിറ്റി ജീവനക്കാരനെ നിയോഗിക്കുമ്പോഴുണ്ടാവുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് ഒരു പാര്‍ക്കിങ് ഗ്രൗണ്ട് മാത്രമാക്കി ചുരുക്കിയതെന്നും യാത്രക്കാര്‍ പറയുന്നു. യാത്രക്കാര്‍ കുറവായതിനാല്‍ ഒരു ഗ്രൗണ്ട് മതിയെന്ന നിലപാടിലുമാണധികൃതര്‍.
റോഡിന് പടിഞ്ഞാറ് ഭാഗത്തെ സ്റ്റേഷനില്‍ നിന്നാണ് രാവിലെ ട്രെയിന്‍ പുറപ്പെടുന്നത്. അതിനാല്‍ രാവിലെ ട്രെയിന്‍ കയറാനെത്തുന്നവര്‍ എളുപ്പത്തിനായി ഈ ഭാഗത്തെ ഗ്രൗണ്ടാണ് പാര്‍ക്കിങിന് ഉപയോഗിക്കുന്നത്. ഗ്രൗണ്ട് അടച്ചിട്ടിരിക്കുന്നതിനാല്‍ റോഡരികിലും, സമീപത്തെ ഒഴിഞ്ഞ പറമ്പിലുമാണ് ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. റോഡരികില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ഗതാഗത തടസത്തിനിടയാക്കുന്നതായും പരാതി ഉയര്‍ന്നു. മെട്രോ ഗ്രൗണ്ടില്‍ പാര്‍ക്ക് ച്ചെയ്യുന്നതിന് ഇരുചക്രവാഹനങ്ങള്‍ക്ക് പ്രതിമാസം 250 രൂപയുടെ പാസെടുക്കണം. ഇത് ലഭിക്കുന്നതിന് വേണ്ടി മെട്രോ അധികൃതര്‍ പോലീസിനെ ഉപയോഗിച്ച് പിഴ ഈടാക്കിക്കുകയാണെന്നും യാത്രക്കാര്‍ ആക്ഷേപമുന്നയിച്ചു. റോഡരികില്‍ പാര്‍ക്ക് ചെയ്ത മുപ്പതോളം ഇരുചക്രവാഹനങ്ങളില്‍ ട്രാഫിക് പോലീസ് പിഴ ചുമത്തി കൊണ്ടുള്ള സ്റ്റിക്കര്‍ ദിവസവും പതിപ്പിക്കുന്നുണ്ട്. അനധികൃത പാര്‍ക്കിങ് കുറ്റം ചുമത്തിയായിരുന്നു ഇത്. ഇന്നലെ വൈകിട്ടും പോലീസെത്തി സ്റ്റിക്കര്‍ പതിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: