തലശ്ശേരി: പുണ്യപുരാതനവും ചരിത്ര പ്രസിദ്ധവുമായ ശ്രീ അണ്ടലൂര്‍ കാവില്‍ ഇത്തവണത്തെ ഉത്സവം കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഭാഗികമായി നടത്താന്‍ എല്ലാ രാഷ്ടീയപാര്‍ട്ടികളും സംയുക്തമായി തീരുമാനിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അത്തരമൊരു തീരുമാനം ആലോചനാ യോഗത്തില്‍ ഉണ്ടായിട്ടില്ലെന്നും ബിജെപി, ഹിന്ദു ഐക്യവേദി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അണ്ടലൂര്‍ കാവില്‍ ദൈവത്താറുടെ തിരുമുടിവെച്ച് ഉത്സവം നടത്തണമെന്നാണ് ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ടിയ പാര്‍ട്ടികള്‍ നിര്‍ദ്ദേശിച്ചത്. ആളുകള്‍ കൂടുന്ന മെയ്യാല്‍, വില്ലൊപ്പിക്കല്‍ എന്നിവ പ്രതീകാത്മകമാക്കാമെന്നും, വെടിക്കെട്ട്, ചന്ത, എന്റര്ടെയിന് മെന്റ് ഐറ്റംസ് എന്നിവ ഒഴിവാക്കി ഉത്സവ ദിവസങ്ങളില്‍ ഓരോ ദേശക്കാര്‍ക്കും ഓരോ ദിവസം എന്ന നിലയില്‍ ദര്‍ശന സൗകര്യം നല്കി ഭക്തരെ നിയന്ത്രിക്കാമെന്നും ഇതിനായി ടോക്കണ്‍ സമ്പ്രദായം ഏര്പ്പെടുത്താവുന്നതാണെന്നുമാണ് യോഗത്തില്‍ തങ്ങള്‍ നിര്‍ദേശിച്ചത്. കൂടാതെ ശബരിമല രീതിയില്‍ കൊവിഡ് ടെസ്റ്റ് നടത്തി തിരുമുറ്റത്ത് പ്രവേശനം നല്‍കാമെന്നും. അതിന് കഴിയില്ലെങ്കില്‍ തിരുമുടിവെച്ചുള്ള ഉത്സവം ടെലികാസ്റ്റ് ചെയ്ത് വീട്ടില്‍ നിന്ന് കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളൊന്നും സ്വീകരിക്കാത്ത ക്ഷേത്ര ഭരണാധികാരികള്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് ബിജെ പി പ്രതിനിധികള്‍ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയാണ് ചെയ്തത്.
സര്‍ക്കാരിന്റെ ഉത്തരവില്‍ ഒരിടത്തും ഉത്സവം നടത്തേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ല. ധര്‍മ്മടം പഞ്ചായത്തിന്റെ പൊതുവികാരം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ധര്‍മ്മടത്തെ യുവാക്കള്‍ ഒത്തുചേര്‍ന്ന് അണ്ടലൂര്‍ കാവില്‍ തിരുമുടി കെട്ടിയുള്ള ഉത്സവം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കാലങ്ങളായി തുടര്‍ന്നു വരുന്ന ആചാരാനുഷ്ടാനങ്ങളെ തകര്‍ക്കുന്ന ക്ഷേത്ര നടത്തിപ്പുകാരുടെ ഏകപക്ഷീയമായ തീരുമാനത്തില്‍ പ്രതിഷേധിച്ച് കൊണ്ട് 22ന് ധര്‍മ്മടം ഗണേശന് കാവ് പരിസരത്ത് നിന്നും അണ്ടലൂര്‍ കാവിലേക്ക് ആയിരങ്ങളെ പങ്കെടുപ്പിച്ച് നാമജപയാത്രയും നിവേദന സമര്‍പ്പണവും നടത്തുമെന്നും ദേവപ്രശ്നം നടത്തുന്ന മകരം 25ന് പ്രവേശന കവാടത്തില്‍ പ്രതിഷേധഭജന സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ല കമ്മറ്റി അംഗങ്ങളായ വി. മണി വര്ണ്ണന്, അജയകുമാര്‍ മീനോത്ത്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പി.വി. ശ്യാം മോഹന്‍, ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ. ജിനചന്ദ്രന്, ബിജെപി ധര്‍മ്മടം പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി സി. സുജേഷ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: