യാതയാമം ഗതരസം
പൂതി പര്യൂഷിതം ച യത്
ഉച്ഛിഷ്ടമപി ചാമേധ്യം
ഭോജനം താമസ പ്രിയം
പാചകം ചെയ്തിട്ട് യാമങ്ങള്‍ കഴിഞ്ഞതും രസം നശിച്ചതും ദുര്‍ഗന്ധമുള്ളതും ജീര്‍ണിച്ചതും ഉച്ഛിഷ്ടമായതും ശുദ്ധിയില്ലാത്തതുമായ ആഹാരം തമോഗുണക്കാര്‍ ഇഷ്ടപ്പെടുന്നു എന്നാണ് ഭഗവദ്ഗീതയിലെ ഈ ശ്ലോകത്തിന്റെ അര്‍ഥം.
സത്വം, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളില്‍ ഏതെങ്കിലുമൊന്ന് എല്ലാ മനുഷ്യരിലും മുന്നിട്ടു നില്ക്കും. നമുക്ക് ആവശ്യം സത്വഗുണമാണ്. മൂന്ന് വിഭാഗക്കാര്‍ക്കും ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് ഭഗവദ്ഗീത 17ാം അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആയുസ്സും ഉത്സാഹവും മനോബലവും സുഖവും നല്‍കുന്നതും കേടുവരാത്തതുമായ ഭക്ഷണങ്ങള്‍ സാത്വികന്മാര് ഇഷ്ടപ്പെടുന്നു.
നാം ആഹരിക്കുന്ന ഭക്ഷ്യങ്ങള്‍ നമ്മുടെ സ്വഭാവം രൂപപ്പെടുത്തുന്നു. ‘യദന്നം ഭക്ഷയേന്നിത്യം ജായതേ താദൃശീ പ്രജാ’, ഏതു തരം ഭക്ഷണമാണോ കഴിക്കുന്നത് അതനുസരിച്ചുള്ള സന്താനം ജനിക്കുന്നുവെന്ന് വേദം പറയുന്നു. ആധുനിക ഗവേഷകരും ഇപ്പോള്‍ ഇക്കാര്യം ഊന്നി പറയുന്നുണ്ട്.
ഇക്കാലത്ത് ഭാക്ഷണവും ഒരു വ്യവസായോല്പ്പന്നമാണ്. കച്ചവടക്കാര്‍ക്ക് ആരുടെയും ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമില്ല. ലാഭമാണ് അവരുടെ ഉന്നം. ഒരു സമയം
നാം കേട്ടിട്ടില്ലാത്ത ഭക്ഷ്യവിഭവങ്ങള്‍ റോഡുവക്കുകളില്‍ വില്‍ക്കുന്നു. ഭൂരിപക്ഷവും നമ്മുടെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും ഹാനികരം തന്നെ. അവയില്‍ മിക്കവയും താമസിക ഭക്ഷ്യങ്ങളായിരിക്കും. ഭക്ഷ്യവസ്തുക്കളെക്കുറിച്ച് നാം കുറേ വസ്തുതകള്‍ മനസ്സിലാക്കേണ്ടത് പുതിയ പുതിയ രോഗങ്ങളെത്തുന്ന ഇക്കാലത്ത് അത്യന്താപേക്ഷിതമായിരിക്കുന്നു.
എസ്.ബി. പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: