തലക്കെട്ടില്‍ സൂചിപ്പിച്ച പുസ്തകത്തിന്റേത് അല്പം സുദീര്‍ഘമായ പേരാണ്- “1962ലെ യുദ്ധം- അറിയാത്ത ഏറ്റുമുട്ടലുകള്‍- സുബന്‍സിരിയിലെയും സീയാഹ് അതിര്‍ത്തിഡിവിഷനുകളിലെയും ഓപ്പറേഷനുകള്‍”. ഇത് വായിച്ചിരുന്നെങ്കില്‍ രാഹുല്‍ഗാന്ധി അരുണാചല്‍പ്രദേശിലെ ചൈനീസ് ഗ്രാമത്തെക്കുറിച്ച് സംസാരിക്കുമായിരുന്നില്ല. അന്നത്തെ ഇന്ത്യാ-ചൈനാ യുദ്ധത്തില്‍ പങ്കെടുത്ത, ഇപ്പോള്‍ സേവനത്തില്‍ നിന്നും വിരമിച്ച ജി.ജി. ദ്വീവേദി, പിജെഎസ് സന്ധു എന്നീ മേജര്‍മാരാണ് ഈ പുസ്തകം രചിച്ചത്.
ഇതില്‍ 1962ലെ യുദ്ധത്തിലേക്ക് നയിച്ച വസ്തുതകള്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ലോംജു സംഭവം എന്ന 1959ലെ ചൈനയുടെ ഓപ്പറേഷനില്‍ നിന്നാണ് തുടക്കം. ഇതിന് കാരണമാകട്ടെ, ടിബറ്റുകാര്‍ 1959 മാര്‍ച്ച് 10 ന് നടത്തിയ ലഹളയാണ്. ടിബറ്റന്‍ ലഹള എന്നാണ് ഇത് അറിയപ്പെടുന്നത്. ചൈനീസ് സൈന്യം ഈ ലഹളയെ മൃഗീയമായി അടിച്ചമര്‍ത്തി. അന്നാണ്, കൃത്യമായി പറഞ്ഞാല്‍ 1959 മാരച്ച് 31നാണ് 14ാമത് ദലൈലാമ അനുയായികളോടൊപ്പം ടിബറ്റില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യന്‍ പ്രവിശ്യയില്‍ അഭയം തേടിയാണ്. പിന്നീട് ഇന്ത്യ അദ്ദേഹത്തിനും ശിഷ്യര്‍ക്കും രാഷ്ട്രീയ അഭയം നല്കി.
ഇത് ചൈനയെ ശരിക്കും ഞെട്ടിച്ചു. ഇന്ത്യയാണ് ടിബറ്റിന്റെ മോചനം ആവശ്യപ്പെട്ട് ടിബറ്റന്‍ ലഹളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വരെ ചൈന സംശയിച്ചു. ലോംഗ്ജുവിലെ ഇന്ത്യന്‍ പോസ്റ്റ് ചൈനയെ എപ്പോഴും അലോസരപ്പെടുത്തി. 1959 ജൂണ്‍ 23ന് ഒരു കുറിപ്പില്‍ ചൈന ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്തി. ടിബറ്റിലെ മിഗിറ്റുനിലും മറ്റ് പ്രദേശങ്ങളിലും ഇന്ത്യന്‍ സൈന്യം കടന്ന് കയറി എന്നായിരുന്നു ഈ കുറ്റപ്പെടുത്തല്‍. ഈ സംശയത്തെ തുടര്‍ന്ന് ചൈനീസ് സൈന്യം ഇന്ത്യന്‍ സേനയുമായി ഏറ്റുമുട്ടി. ലോംഗ്ജുവിലെ ഇന്ത്യന്‍ പോസ്റ്റ് നശിപ്പിച്ചു. 1959 ആഗസ്തം 25നായിരുന്നു ഇത്. ഈ സംഭവത്തിന് ശേഷം ഇന്ത്യന്‍ സേന ഒരിക്കലും ഈ പോസ്റ്റ് തിരിച്ചുപിടിക്കുകയുണ്ടായില്ലെന്ന് ഈ പുസ്തകത്തില്‍ പറയുന്നു. പിന്നീട് ഈ പ്രദേശം ചൈനീസ് അധിനിവേശപ്രദേശമായി. ക്രമേണ ചൈന ഈ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പണിതുയര്‍ത്തി. രാഹുല്‍ ഗാന്ധിയുടെ അപ്പൂപ്പന് നെഹ്രുവായിരുന്നു ഈ സമയത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി. ഇത് രാഹുല്‍ മനസ്സിരുത്തി മനസ്സിലാക്കിയാല്‍ നന്ന്.
ഇനി ഈ പുസ്തകത്തിലില്ലാത്ത പുതിയ കുറച്ച് കാര്യങ്ങള്‍ പറയാം….2017ല്‍ ചൈനയ്ക്ക് വീണ്ടും ടിബറ്റിനെ കുറിച്ചുള്ള വ്യാധി കൂടി. ടിബറ്റിനെ നിയന്ത്രിക്കാന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയിലെ കുടുംബത്തെ പാര്‍പ്പിക്കുന്നതാണ് നല്ലതെന്ന ആശയം ചൈനീസ് ഭരണകൂടത്തിനുണ്ടായി. ഇതേ തുടര്‍ന്നത് ടിബറ്റന്‍ അതിര്‍ത്തിപ്രദേശങ്ങളിലെ ഗ്രാമങ്ങളില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാഡര്‍മാര്‍ കുടുംബസമേതം ഇവിടെക്കയറി താമസം തുടങ്ങിയത്. ഇതുവഴി ടിബറ്റുകാരുടെ ഇന്ത്യയിലേക്കുള്ള വരവും ഇന്ത്യക്കാരുടെ ടിബറ്റിലേക്കുള്ള കടന്നുകയറ്റവും തടയാമെന്നായിരുന്നു ചൈനയുടെ കണക്ക്കൂട്ടല്‍.
ഷീ ജിന്‍പിങ് ഇതിനെക്കുറിച്ച് പറയുന്ന ഒരു വാചകമുണ്ട്: ‘ഒരു രാജ്യത്തെ ഭരിക്കാന്‍ ആദ്യം നമ്മള് അതിര്‍ത്തിപ്രദേശമാണ് നന്നായി ഭരിക്കേണ്ടത്. അതിര്‍ത്തികള്‍ ഭരിച്ചാല്‍ ടിബറ്റിന്റെ സുസ്ഥിരത ഉറപ്പാക്കാം’. ഇതിന്റെ ഭാഗമായാണ് ഇന്ന് രാഹുല്‍ഗാന്ധി പറയുന്ന അരുണാചലിലെ ചൈനീസ് ഗ്രാമം ഉണ്ടായത്. വാസ്തവത്തില്‍ ഇത് അരുണാചലിലല്ല, ചൈനയുടെ പ്രദേശത്തുതന്നെയാണ്. നിംഗ്ത്രി എന്ന അതിര്‍ത്തി ഗ്രാമത്തിലും കൂടുതല്‍ ചൈനീസ് കുടുംബങ്ങള്‍ എത്തിയത് ഇക്കാലത്താണ്. ടിബറ്റുകാര്‍ നേരിട്ട് ഇന്ത്യയിലെത്താനോ, നേപ്പാള്‍ വഴി ഇന്ത്യയിലെത്താനോ സാധ്യതയുള്ള ഗ്രാമങ്ങളിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേഡറുകള്‍ കുടുംബമായി കയറിത്താമസിച്ചത്. ടിബറ്റ് അതിര്‍ത്തിക്ക് ചുറ്റും ചൈനയുടേതായ ഒരു മതില്‍ക്കെട്ടുയര്‍ത്തുക എന്നതായിരുന്നു ചൈനയുടെ ലക്ഷ്യം. ടിബറ്റുകാരുടേതായി ഒരു ഗ്രാമവും ഈ അതിര്‍ത്തിപ്രദേശത്തുണ്ടായിരിക്കരുതെന്നതായിരുന്നു ചൈനയുടെ ലക്ഷ്യം.
വാസ്തവത്തില്‍ എന്‍ഡിടിവി പുറത്തുകൊണ്ട് വന്ന ചൈനയുടെ അധിനിവേശം എന്ന് പറഞ്ഞ സ്ഥലമായ സുബന്‍സിരി ജില്ലയിലെ സരി ചു പുഴയുടെ തീരത്തുള്ള ഭാഗത്തുള്ള ഗ്രാമവും ചൈനയുടെ പ്രദേശത്തുള്ളതാണ്. പകരം എന്‍ഡിടിവി പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് ഈ ഗ്രാമം ഇന്ത്യയുടെ പ്രവിശ്യയിലുള്ള സ്ഥലത്താണെന്നും. വെറും നുണപ്രചരണമാണിത്. മോദിയെയും ബിജെപി സര്‍ക്കാരിനെയും താറടിക്കാനുള്ള പ്രണോയ് റോയിയുടെ ചാനല്‍ നടത്തുന്ന മോശമായശ്രമം.അതിന് കുട പിടിക്കാന്‍രാഹുല്‍ഗാന്ധിയും.
ചൈനയുടെ ഇന്ത്യയിലുള്ള കടന്നാക്രമണം മോദിയുടെ ഭരണത്തിന് കീഴില്‍ അഭംഗുരം തുടരുന്നു എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ വിഷ്ണു സോമിന്റെ ശ്രമം. പക്ഷെ ഈ പ്രദേശം ചൈനയുടെ അതിര്‍ത്തിയിലാണെന്നതാണ് വാസ്തവം. അതിര്‍ത്തിഗ്രാമങ്ങളില്‍ ആളുകളെ കയറ്റിത്താമസിപ്പിക്കുന്ന അഞ്ച് ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചുള്ള ചൈനയുടെ പദ്ധതി 2020ല്‍ അവസാനിച്ചു. അതിന്റെ ഭാഗമായിരുന്നു സുബന്‍സിരി ജില്ലയിലെ സരി ചു പുഴയുടെ തീരത്തുള്ള ഭാഗത്തുള്ള ഗ്രാമവും. ഇതിന് ചൈനയും ഇന്ത്യയും തമ്മില്‍ ലഡാക്കിലുണ്ടായ ഏറ്റുമുട്ടലിന് ഒരു ബന്ധവുമില്ല. പക്ഷെ ഇതെല്ലാം തമ്മില്‍ ബന്ധിപ്പിക്കാനാണ് എന്‍ഡിടിവിയും ഇപ്പോള്‍ പ്രതിപക്ഷപാര്‍ട്ടികളും ശ്രമിക്കുന്നതെന്ന് മാത്രം. ഇവിടെ അരുണാചലിലുള്ള ഇന്ത്യക്കാരും സൈന്യത്തിലെ പരിചയസമ്പന്നരും നയതന്ത്രോദ്യോഗസ്ഥരും ഏകസ്വരത്തില്‍ പറയുന്നത് ഒരു കാര്യമാണ്- ആ ചൈനീസ് ഗ്രാമം ചൈനയുടെ പ്രദേശത്ത് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: