വാഷിങ്‌ടൺ: 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള പുതിയ വൈറസ് അമേരിക്കയിൽ പടർന്നു പിടിക്കുമെന്ന് മുന്നറിയിപ്പ്. ഇതിനോടകം 30 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പുതിയ വകഭേദത്തെ നേരിടാൻ കൂടുതൽ ശക്തമായ പ്രതിരോധ നടപടികൾ ആവശ്യമാണെന്ന് യുഎസ് രോഗ പ്രതിരോധകേന്ദ്രം (സിഡിഎസ്) മുന്നറിയിപ്പ് നൽകുന്നു.
പുതിയ ഭരണകൂടത്തിന്റെ ആദ്യ ആഴ്ചകളിൽ രോഗതോത് ഉയരുമെന്നും കോവിഡ് മരണനിരക്ക് ഫെബ്രുവരി അവസാനത്തോടെ അഞ്ച് ലക്ഷം കടക്കുമെന്നും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിതനാകുന്ന റോൺ ക്ലെയിൻ മുന്നറിയിപ്പ് നൽകി. ‘അണയുന്നതിന് മുൻപുള്ള ആളിക്കത്തൽ പോലെ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിന് മുൻപായി രോഗികൾ കൂടുന്ന അവസ്ഥയുണ്ടാകും. ഇന്ന് രോഗിയുമായി സമ്പർക്കമുണ്ടായ ആൾക്കാണ് അടുത്ത മാസം രോഗം സ്ഥിരീകരിക്കുപ്പെടുകയും ഫെബ്രുവരിയിൽ മരണങ്ങളിൽപ്പെടുകയ്യും ചെയ്യുന്നത്. മാർച്ചിലും ഇത് തുടരാം. കാര്യങ്ങൾ വരുതിയിലാവാൻ അല്പം സമയം പിടിക്കും’ അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങളിലായി നിലവിൽ 76 പേർക്ക് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങളെ വൈറസിൽ നിന്ന് സംരക്ഷിക്കാൻ വാക്സിൻ കുത്തിവെയ്‌പ് വർദ്ധിപ്പിക്കണമെന്ന് സിഡിഎസിന്റെ റിപ്പോർട്ടിൽ പറയുന്നു. മാസ്ക് ധരിക്കൽ, സാമൂഹിക അകലം എന്നീ സുരക്ഷാ മുൻകരുതൽ നടപടികൾ ശീലമാക്കണം. ഈ പ്രതിരോധ നപടികൾ അധികം വൈകാതെ എത്രയും പെട്ടെന്ന് നടപ്പാക്കിയാൽ കൂടുതൽ ഫലപ്രദമാകുമെന്ന് സിഡിഎസ് നിർദ്ദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം പുതിയ ആളുകൾക്ക് നൽകാൻ വാക്സിൻ സ്റ്റോക്ക് ഇല്ലെന്നും ലഭ്യമായവ ആദ്യ ഡോസ് സ്വീകരിച്ച വ്യക്തികൾക്ക് അടുത്ത ഡോസ് നൽകാൻ മാത്രം പര്യാപ്തമാണെന്നുമാണ് വിവരം. ഉത്പാദനത്തിലും വിതരണത്തിലുമുള്ള മുൻപത്തെ ടീമിന്റെ കെടുകാര്യസ്ഥതയാണ് ഇത്തരം സാഹചര്യം സൃഷ്ടിച്ചതെന്ന് റോൺ ക്ലെയിൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: