തൃശൂര്‍: ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പെടുക്കാന്‍ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയില്ല. ആയൂര്‍വേദ മേഖലയില്‍ നിന്നുള്ള ഡോക്ടര്‍മാരടക്കമുള്ളവരാണ് കുത്തിവെയ്പ്പെടുക്കാതിരുന്നത്. സംഭവത്തില്‍ അധികൃതരില്‍ നിന്ന് ഡിഎംഒ വിശദീകരണം തേടി.
വാക്സിനേഷനില്‍ നിന്ന് വിട്ടു നിന്നതല്ലെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കിയിരിക്കുന്ന മറുപടി. ഇരിങ്ങാലക്കുട ഗവ.ആയുര്‍വ്വേദാശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് കുത്തിവെപ്പെടുക്കാന്‍ എത്താതിരുന്നത്. നേരത്തെ കണക്കെടുത്തതനുസരിച്ചാണ് ഓരോ കേന്ദ്രങ്ങളിലും കുത്തിവെയ്പ് എടുക്കുന്നവർക്കുള്ള വാക്സിന് കരുതിയിരുന്നു. ശനിയാഴ്ച ജില്ലാ ജനറല്‍ ആശുപത്രിയിലായിരുന്നു ഇവര്‍ക്കുള്ള കുത്തിവെയ്പ്പ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും രജിസ്റ്റര്‍ ചെയ്തവരെത്തി വാക്സിനെടുത്തില്ല. ഇതേ തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് ആശുപത്രി സിഎംഒയോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ജെ റീന ആവശ്യപ്പെട്ടു.
ഡോക്ടര്‍മാരടക്കമുള്ളവര്‍ എത്താതിരുന്നത് ശനിയാഴ്ച നടന്ന അവലോകന യോഗത്തില്‍ ചര്‍ച്ചയായിരുന്നു. കളക്ടര്‍ എസ്.ഷാനവാസ് ഇതുസംബന്ധിച്ച്ഡിഎ.ഒയോട് വിവരങ്ങളും ആരാഞ്ഞു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ വിശദീകരണം നല്കാന് ആശുപത്രി സിഎംഒയോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വാക്സിനേഷനില്‍ നിന്ന് ഒഴിഞ്ഞു മാറിയതല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വാക്സിനേഷന് സംബന്ധിച്ച അറിയിപ്പ് തലേദിവസമാണ് ലഭിച്ചതെന്നും ഇതിനാലാണ് പല കാരണങ്ങളാലും കുത്തിവെപ്പെടുക്കാന്‍ കഴിയാതെയിരുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
വാക്സിന് എടുക്കണമെന്ന് നിര്‍ബന്ധമില്ല. ഇതു സംബന്ധിച്ചുള്ള ആയൂര്‍വേദ ഡിഎംഒയുടെ പ്രത്യേക ഉത്തരവും ലഭിച്ചിട്ടില്ല. വാക്സിന് എടുക്കേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നുണ്ടായിരുന്നത്. ജീവനക്കാരില്‍ ഒരാള്‍ കൊവിഡ് പോസിറ്റീവാണ്. ഇയാളുമായി സമ്പര്‍ക്ക പട്ടികയിലുള്ളവര്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രസവ ചികിത്സ നടത്തുന്നവര്‍ എന്നിവരാണ് കുത്തിവെപ്പിനുള്ള ലിസ്റ്റിലുണ്ടായിരുന്നത്. ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് വര്‍ക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലായിരുന്നു ഡ്യൂട്ടി. ചിലര്‍ ലീവിലായതിനാല്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇക്കാരണത്താലാണ് വാക്സിനേഷന് എടുക്കാന്‍ സാധിക്കാതെയിരുന്നതെന്നും രണ്ടാംഘട്ടത്തില്‍ കുത്തിവെയ്പെടുക്കുമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
രണ്ടാംഘട്ട അലോട്ട്മെന്റില്‍ വാക്സിനേഷന് ജില്ലാ മെഡിക്കല്‍ ഓഫീസറോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇരിങ്ങാലക്കുട സിഎംഒ ഡോ.പ്രീതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: