തിരുവനന്തപുരം: മായം കലര്‍ന്ന പപ്പടം സംസ്ഥാനത്ത് വിതരണത്തിന് നല്കിയ ട്രേഡിങ് കമ്പനിക്ക് തന്നെ വീണ്ടും സപ്ലൈകോ കരാര്‍. ഓണക്കിറ്റില്‍ മായം കലര്‍ന്ന പപ്പടം വിതരണം ചെയ്ത് വിവാദമുണ്ടാക്കിയ തിരുവനന്തപുരം കോവളത്തുള്ള ഹഫ്സര്‍ എന്ന കമ്പനിയുമായി പഞ്ചസാരയ്ക്കായാണ് സപ്ലൈകോ വീണ്ടും കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഓണക്കിറ്റിനായി മായം കലര്‍ന്ന പപ്പടം വിതരണം ചെയ്തതിന് ഹഫ്സറിനെ കരിമ്പട്ടികയില്‍ പെടുത്തിയുരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് സപ്ലൈകോ വീണ്ടും കരാറില്‍ ഏര്‍പ്പെട്ടത്. ആദ്യഘട്ടത്തില്‍ 4800ഉം, രണ്ടാംഘട്ടത്തില്‍ 3200 എന്നിങ്ങനെ 8000 ക്വിന്റല്‍ പഞ്ചസാരയ്ക്കായാണ് കരാര്‍.
ഗുണനിലവാരം തീരെ ഇല്ലാത്ത പപ്പടം വിതരണം ചെയ്ത് ആരോഗ്യ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഹഫ്സറിനെ കരിമ്പട്ടികയില്‍പ്പെടുത്തി മൂന്ന് മാസം വിലക്ക് ഏര്‍പ്പെടുത്തിയത്. ഓണക്കിറ്റിലെ നിലവാരമില്ലാത്ത ശര്‍ക്കരയുടെ പേരില്‍ നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട്, അരുണാചല ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ് ചൈന്നെ, ബാല്‍സണ്‍ എന്റര്‍പ്രൈസസ് കോഴിക്കോട്, എവിഎന്‍ ട്രേഡ് വെഞ്ചേഴ്സ് ഈറോഡ്, മാര്‍ക്കറ്റ് ഫെഡ് കൊച്ചി, കോനൂപ്പറമ്പന്‍ ട്രേഡേഴ്സ് തൃശൂര്‍ എന്നീ കമ്പനികള്‍ക്കെതിരേ സപ്ലൈകോ ഒരുവര്‍ഷം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ സമാന കുറ്റത്തിന് ഹഫ്സറിന് മാത്രം മൂന്ന് മാസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്.
ഗുണമേന്മയില്ലാത്ത ഭക്ഷ്യ വസ്തു വിതരണം ചെയ്തതില്‍ ഹഫ്സര്‍ കമ്പനിയില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പി. തിലോത്തമന് നിയമസഭയിലും അറിയിക്കുകയുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പിഴ ഈടാക്കാനിരിക്കുന്ന കമ്പനിയുമായി വീണ്ടും കരാറിലെത്തുന്നത് സംശയമുണര്‍ത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: