കാക്കനാട്: ടിവിയും ഫോണും ഇല്ലാത്തതിനാൽ ഓൺലൈനിൽ പഠനം ലഭിക്കാതെ ജില്ലയിൽ പതിനയ്യായിരത്തോളം വിദ്യാർഥികൾ. പൊതു സ്കൂളിൽ നിന്നുള്ള വിവരങ്ങള്‍ സമാഹരിച്ചു സമഗ്ര ശിക്ഷ നടത്തിയ പ്രാഥമിക അവലോകന യോഗത്തിലാണ് ഈ വെളിപ്പെടുത്തൽ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായതോടെ സ്ഥാനാർഥി മോഹികളും നിസ്വാർഥമതികളുമായവരുടെ സഹായത്തോടെ ടിവിയും സ്മാർട് ഫോണും കുറെ പേർക്കു ലഭിച്ചിരുന്നു.
എന്നാൽ യഥാസമയങ്ങളിൽ നെറ്റ് ചാർജിങ്ങിനും മൊബൈൽ ചാർജിങ്ങിനും പണം കണ്ടെത്താൻ കഴിയാത്തതും ഇടയ്‌ക്കിടെയുണ്ടാകുന്ന പവർകട്ടും സാധാരണക്കാരായ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണക്കാരായ പട്ടിക വിഭാഗക്കാർ ഉൾപ്പെടെയുള്ള കൂലിപ്പണിക്കാരുടെ മക്കളുടെ ഭാവി എന്താകുമെന്നറിയാത രക്ഷിതാക്കൾ ആശങ്കാകുലരാണ്. ആദിവാസി മേഖലകളായ കോതമംഗലം, കുട്ടമ്പുഴ എന്നിവിടങ്ങളിലും തീരദേശ മേഖലകളിലെ കുട്ടികൾക്കും ഓണ്‍ലൈൻ പഠനത്തിനു മാർഗമില്ലാതെ കുഴയുകയാണ്.
ടിവിയും സ്മാർട് ഫോണുമില്ലാത്ത കുട്ടികളെ യഥാസമയങ്ങളിൽ ഹാജരാക്കുന്നതിനു പഞ്ചായത്തുകളുടെയും പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്കൂളുകളിലും വായനശാലകളിലും ക്ലാസുകൾ സംഘടിപ്പിച്ചിരുന്നെങ്കിലും കുട്ടികൾക്ക് മാസ്ക്, സാനിറ്റൈസർ എന്നിവ ലഭിക്കുന്നതിനോ സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിനോ ബന്ധപ്പെട്ടവർ അലംഭാവം കാട്ടിയെന്നും പരാതിയുണ്ട്. അധ്യാപകരും കുട്ടികളും മുഖാമുഖം ഇരുന്നു ക്ലാസുകൾ നടത്തുമ്പോഴുണ്ടാകുന്ന സംതൃപ്തി പറഞ്ഞറിയക്കാൻ പറ്റാത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: