തിരുവനന്തപുരം കോര്പ്പറേഷന് മേയറായി ആര്യാ രാജേന്ദ്രന് സ്ഥാനമേറ്റത് ഒരു ചരിത്ര സംഭവമാക്കുകയാണ് നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍. 21 വയസ്സുള്ള ആര്യ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ”തലസ്ഥാന നഗരം ഇനി ആര്യ സാമ്രാജ്യം” എന്നായിരുന്നു ഒരു പ്രമുഖ പത്രത്തിന്റെ തലവാചകം. ഇതിലൂടെ ഗൗരവമേറിയ നിരവധി വിഷയങ്ങള്‍ തമസ്കരിക്കുകയെന്ന ദൗത്യം നമ്മുടെ മാധ്യമങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. മറയ്ക്കേണ്ടത് അവര്‍ മറച്ചു വെക്കും. എന്താണ് ജനം അറിയേണ്ടതെന്ന് അവര്‍ തീരുമാനിക്കുകയും ചെയ്യും. നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ് ഇന്ന് തലസ്ഥാനനഗരം എന്നതാണ് വസ്തുത.
അതൊന്നും തന്നെ ചര്‍ച്ച ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് താല്പര്യം ഇല്ല. പരിചയ സമ്പന്നരായ വനിത കൗണ്‍സിലര്‍മാര്‍ എന്തുകൊണ്ട് മേയറായി പരിഗണിക്കപ്പെട്ടില്ല?. ജമീല ശ്രീധര്‍ എന്ന പേരൂര്‍ക്കട കൗണ്‍സിലര്‍ പലതവണയായി കോര്പറേഷന് അംഗമാണ്. അനുഭവ സമ്പത്തുള്ള മറ്റ് വനിത കൗണ്‍സിലര്‍മാരും തഴയപ്പെട്ടു. മേയറുടെ പദവി, അധികാരം, കടമകള്‍ ഇവ നിസാരമല്ലെന്ന് നമുക്ക് അറിയാം. വലിയ സമ്പത്തിന്റെ വിനിയോഗം, സങ്കീര്‍ണ്ണമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം, സാങ്കേതിക പ്രശ്നങ്ങള്‍ ഉള്‍പ്പെടുന്ന നിര്‍മ്മാണ ചട്ടങ്ങള്‍ തുടങ്ങി എത്രയോ വിഷയങ്ങള്‍ മേയര്‍ക്ക് കൈകാര്യം ചെയ്യേണ്ടിവരും. ഈ വിഷയങ്ങള്‍ എല്ലാം നമ്മുടെ മാധ്യമങ്ങള്‍ സൃഷ്ടിച്ച ശബ്ദഘോഷങ്ങളില്‍ മുങ്ങിപ്പോയി.
സിപിഎം നിലപാടിന്റെ മലക്കം മറിച്ചിലും ഇവിടെ കാണാന്‍ കഴിയും. യുവത്വം പ്രായത്തിന്റേതാകരുത്. മറിച്ച് തത്വശാസ്ത്രത്തിന്റെതായിരിക്കണം. ഇതാണ് സിപിഎം സമീപനം. എന്നാല്‍ യുവാക്കളെ സംഘടന അധികാരത്തിലേക്ക് കെട്ടഴിച്ചു വിടുന്ന രീതിയാണ് കോണ്‍ഗ്രസിന്റേത്. എഴുപതുകളില്‍, യുവാക്കളെ വ്യാപകമായി നേതൃപദവികളില്‍ എത്തിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പുതുജീവന്‍ നേടിയത്. എ.കെ. ആന്റണിയും, വയലാര്‍ രവിയും സുധീരനും തുടങ്ങി അനവധി പേരാണ് എഴുപതുകളില്‍ കോണ്‍ഗ്രസിന്റെ നേതൃനിരയിലെത്തിയത്. അടിയന്തരാവസ്ഥയില്‍ സി.പി.എം വിശദീകരിച്ചത് ഇങ്ങനെയാണ് ”തത്വശാസ്ത്രത്തിന്റെ യുവത്വമാണ് പാര്‍ട്ടി അംഗീകരിക്കുന്നത്”. അതുകൊണ്ടാണ് വയോധികരായ ഇഎംഎസിനും, എകെജിക്കും അടിയന്തരാവസ്ഥയ്ക്ക് എതിരെ പോരാടാന്‍ കഴിഞ്ഞത്. ബേബി മേയറെ സൃഷ്ടിക്കുക വഴി പഴയ നിലപാട് തിരുത്തുകയാണ് യഥാര്‍ത്ഥത്തില്‍ സി.പി.ഐ(എം) ചെയ്തത്. തത്വശാസ്ത്രത്തിന്റെ യൗവ്വനം നഷ്ടപ്പെട്ട് ജരാനരബാധിച്ചുവെന്ന തിരിച്ചറിവ് അവര്‍ക്ക് ഉണ്ടായോ എന്ന ചോദ്യമാണ് ഈ സന്ദര്‍ഭത്തില്‍ ഉയരുന്നത്.
പന്തളം നഗരസഭയില്‍ സുശീലാ സന്തോഷ് അധ്യക്ഷയായതു സംബന്ധിച്ചാണ് പ്രധാനമായും പറയാനുള്ളത്. മുമ്പ് സിപിഐ (എം)ക്ക് ആയിരുന്നു ഭരണം. ഇത്തവണ ബി.ജെ.പി അധികാരത്തിലെത്തി. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട സുശീലാ സന്തോഷ്, ജനറല്‍ സീറ്റില്‍ മത്സരിച്ചാണ് കൗണ്‍സിലറായത്. അധ്യക്ഷ സ്ഥാനം ജനറല്‍ വിഭാഗത്തിന് ആയിരുന്നിട്ടു കൂടി അധ്യക്ഷ പദവിയിലേക്ക് സുശീലയെ ബി.ജെ.പി തെരഞ്ഞെടുക്കുകയായിരുന്നു. കേരള രാഷ്ട്രീയ ഭൂമികയില്‍ അത്യപൂര്‍വ്വം ആണ് ഇതെന്ന് പറയാതെ വയ്യ.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ സംവരണ മണ്ഡലത്തില്‍ മാത്രമാണ് അധികാരത്തില്‍ എത്താറുള്ളത്. സുശീലാ സന്തോഷിന്റെ സ്ഥാനാരോഹണം അതുകൊണ്ടുതന്നെ ചരിത്രം സൃഷ്ടിക്കുന്നു. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് ഇത് കാണാതെ പോയതെന്ന ചോദ്യം ഗൗരവമേറിയതാണ്. അധ്യാപികയും നാടന്‍ കലയുടെ ഉപാസകയും, അയ്യപ്പഭക്തയുമായ സുശീല, പന്തളം നഗരസഭാധ്യക്ഷ ആകുവാന്‍ സര്‍വ്വഥാ യോഗ്യയുമാണ്. കൂട്ടായ പരിശ്രമത്തിലൂടെ സാമൂഹ്യനീതി കൈവരിക്കുക എന്ന രീതിയാണ് ഇവിടെ അവലംബിച്ചത്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി എന്നിവരുടെ നവോത്ഥാന ചരിത്രം ഇത് സാധൂകരിക്കുന്നുണ്ട്.
പിന്നാക്കവിഭാഗങ്ങളുടെ ചരിത്രപരമായ അവശതകള്‍ കൂട്ടായ പ്രയത്നത്തിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. ദളിത് സ്വത്വവാദം യഥാര്‍ത്ഥത്തില്‍ അവരെ പൊതു സമൂഹത്തില്‍ നിന്ന് അകറ്റുകയാണ് ചെയ്യുന്നത്. ഡോക്ടര്‍ എം. കുഞ്ഞാമനെ പോലുള്ളവര്‍ ഇതേ അഭിപ്രായമാണ് പങ്ക് വെയ്ക്കാറുള്ളത്. അദ്ദേഹം പറയാറുള്ള ഒരു ഉദാഹരണം ഉണ്ട്. പന്തളം നഗരസഭ അധ്യക്ഷയായ സുശീലാ സന്തോഷ് വര്‍ത്തമാന കേരളത്തിന്റെ പ്രതിനിധാനമാണ്.
രാഷ്ട്രീയ നവോത്ഥാനമാണ് ഇവരുടെ സ്ഥാനാരോഹണം അടയാളപ്പെടുന്നത്. ആര്യമാരെ വാഴ്ത്തിപ്പാടുകയും സുശീലയെ തമസ്കരിക്കുകയും ചെയ്യുന്ന അധമ രാഷ്ട്രീയവും മാധ്യമ പ്രവര്‍ത്തനവും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
അഡ്വ.ആര്. പത്മകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: