തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാനകേന്ദ്രമായ ശിവഗിരിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുവച്ച സംഭവത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ ഇടപെടുന്നു. സര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിച്ച്, മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തിയ നമുക്ക് ജാതിയില്ലാ വിളംബരം സ്മാരക മ്യൂസിയം നിര്‍മിക്കുന്നതിനുള്ള തടസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു. 21 ന് രാവിലെ 11 മണിക്കാണ് യോഗം. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ.സി. മൊയ്തീന്‍, വര്‍ക്കല എംഎല്‍എ വി.ജോയി, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, ശിവഗിരി മഠം ഭാരവാഹികള്‍ എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
രണ്ടു വര്‍ഷമായി തടഞ്ഞുവച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സിപിഎം ഭരിക്കുന്ന മുനിസിപ്പാലിറ്റിയും സര്‍ക്കാരും ചെറുവിരല്‍ അനക്കിയിരുന്നില്ല. ശിവഗിരിയേയും ശിവഗിരി മഠത്തെയും അവഹേളിക്കുന്ന തരത്തിലായിരുന്നു സിപിഎം നേതൃത്വം കൊടുത്ത മുന്‍ ഭരണസമിതി പെരുമാറിയത്. ശിവഗിരിയുമായി ബന്ധപ്പെട്ട മുഴുവന്‍ പണികളും കഴിഞ്ഞ ഭരണസമിതി യാതൊരു നീതികരണവുമില്ലാതെ നിര്‍ത്തിവെയ്‌പ്പിച്ചു.
14 കോടി രൂപ മുടക്കി നിര്‍മിക്കുന്ന തീര്‍ത്ഥാടന പന്തലിന്റെ പണി പൂര്‍ത്തിയാകുന്നതിനു മുമ്പു തടഞ്ഞുവച്ചു. അന്ന ക്ഷേത്രത്തിന്റെ പണി തടഞ്ഞു. ശിവഗിരിയിലേക്കു വരുന്ന ഭക്തര്‍ക്കുള്ള ഏക ആശ്രയമായ കോഫി ഹൗസ് പൂട്ടിച്ചു. നമുക്ക് ജാതിയില്ലാ വിളംബരത്തിന് അഞ്ചു കോടി രൂപ അനുവദിച്ചിട്ടും ഇതിന്റെ പണിയും നിര്‍ത്തിവെയ്‌പ്പിച്ചു. ചുറ്റുമതില്‍ കെട്ടുന്നത് തടഞ്ഞുവച്ചു.
2017 ആഗസ്റ്റില്‍ മുഖ്യമന്ത്രി ശിലാസ്ഥാപനം നിര്‍വഹിക്കുകയും 2018 ല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെയും എംഎല്‍എയുടെയും സാന്നിധ്യത്തില്‍ ഭൂമി പൂജ നടത്തുകയും ചെയ്ത ഭൂമിയില്‍ നിര്‍മാണം ആരംഭിച്ച നമുക്ക് ജാതിയില്ലാ വിളംബരം സ്മാരക മ്യൂസിയം നിര്‍മാണം മുനിസിപ്പാലിറ്റി തന്നെ തടഞ്ഞത് ഏറെ വിവാദമായിരുന്നു. ഇതു സംബന്ധിച്ച് ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: