കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതേ നാണയത്തില്‍ തിരിച്ചടിച്ച് അടുത്തിടെ ബിജെപിയിലെത്തിയ സുവേന്ദു അധികാരി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ തൃണമൂല്‍ നേതാവായ സുവേന്ദു അധികാരിയുടെ ശക്തികേന്ദ്രമായ നന്ദിഗ്രാമില്‍നിന്ന് മത്സരിക്കാന്‍ താത്പര്യപ്പെടുന്നുവെന്നായിരുന്നു മമതയുടെ പ്രഖ്യാപനം.
മത്സര രംഗത്ത് മമതാ ബാനര്‍ജിയെ നേരിടുമെന്ന് സുവേന്ദു അധികാരി സ്ഥിരീകരിച്ചു. നന്ദിഗ്രാമില്‍ അരലക്ഷം വോട്ടുകള്‍ക്ക് മമതാ ബാനര്‍ജിയെ പരാജയപ്പെടുത്താന്‍ തനിക്കായില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ സുവേന്ദു അധികാരി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും സുവേന്ദു പരിഹസിച്ചു.
തൃണമൂലിന് ബിഹാറില്‍നിന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ(പ്രശാന്ത് കിഷോര്‍) സഹായം തേടേണ്ടിവന്നത് പശ്ചിമ ബംഗാളില്‍ ബിജെപിക്ക് മേല്‍ക്കെ ഉണ്ടെന്നതാണ് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിങ്കളാഴ്ചയാണ് നന്ദിഗ്രാമില്‍നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനം നിയമസഭാ മണ്ഡലത്തിലെ റാലിയില്‍ മമത നടത്തിയത്. ഭാബനിപൂരിലാണ് കഴിഞ്ഞ തവണ മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: