കോഴിക്കോട്: മന്ത്രി കെടി ജലീലിനെതിരെ ആഞ്ഞടിച്ച ആതിരാ പ്രകാശിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ. ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കിയെന്ന മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയായിരുന്നു അധ്യാപികയുടെ രൂക്ഷ വിമര്‍ശനം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ജലീല്‍ തകര്‍ത്തു എന്നായിരുന്നു ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജ് അസിസ്റ്റന്റ്പ്രൊഫസറായ ആതിരയുടെമറുപടി. ഇതിന് മറുപടിയുമായി എത്തിയ മന്ത്രിയ്ക്കെതിരെ വീണ്ടും അധ്യാപിക ചുട്ട മറുപടി കൊടുത്തതോടെ മന്ത്രി മൗനത്തിലാണ്. സോഷ്യല്‍ മീഡയയില്‍ അധ്യാപികയ്ക്ക് ഇതോടെ പിന്തുണ വ്യാപകമായി. വരും വര്‍ഷങ്ങളില്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് ലോക റാങ്കിംഗുകളില്‍ മെച്ചപ്പെട്ട സ്ഥാനം കൈവരിക്കാന്‍ ഉതകുംവിധമുള്ള പദ്ധതികളാണ് ധനകാര്യ വകുപ്പ് മന്ത്രി 2021-22 ബജറ്റിലൂടെ മുന്നോട്ടു വയ്ക്കുന്നതെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് ആതിര പ്രകാശ് മടപ്പാട്ട് ചുട്ട മറപടി നല്‍കിയത്. അധ്യാപകര്‍ 2006ലെ നിരക്കില്‍ ശമ്പളം വാങ്ങേണ്ടി വരുന്നത് മന്ത്രിയുടെ കെല്പ്പില്ലായ്മ കാരണമാണന്നും ആതിര വിമര്‍ശിച്ചു. “2006 റെഗുലേഷന് പ്രകാരമുള്ള ശമ്പളം വാങ്ങി ജോലി ചെയ്യുന്ന കോളേജ് അധ്യാപകര്‍ക്ക് 2016 റെഗുലേഷന് പ്രകാരമുള്ള ശമ്പളം കൊടുത്തിട്ട് മതി ഈ മേനി പറച്ചില്. പിശകില്ലാതെ ഒരു ഉത്തരവ് ഇറക്കാന്‍ കെല്‍പ്പില്ലാത്ത ഒരു വകുപ്പും മന്ത്രിയും വന്നിരിക്കുന്നു. ഉന്നത വിഭ്യാഭ്യാസത്തെ നശിപ്പിച്ച് മതിയായില്ലേ” -ഇതായിരുന്നു ആതിരയുടെ കമന്റ്.
നേരത്തെ കോളേജ് അധ്യാപകരുടെ ശമ്പളനിരക്ക് സ്വീപ്പര്‍മാരേക്കാളും താഴ്ന്നതാണെന്ന് അധ്യാപക സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതും കൂടി ചേര്‍ത്താണ് ആതിരയുടെവിമര്‍ശനം. എന്നാല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് കുറച്ച് കൂടെ മാന്യതയാകാം എന്നതായിരുന്നു മന്ത്രിയുടെ മറുപടി. “കുട്ടികളെ പഠിപ്പിക്കുന്നതും ഇത്തരം ഭാഷയിലാണോ? വിതച്ചതല്ലേ കൊയ്യൂ” എന്നും ജലീല്‍ പരിഹസിച്ചു.
എന്നാല്‍ ഇതിനും ആതിരയുടെ കയ്യില്‍ മറുപടിയുണ്ടായിരുന്നു. മാന്യമായ സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമില്‍ കാര്യം പറഞ്ഞതില്‍ മാന്യതക്കുറവിന്റെ കാര്യമില്ലെന്നും മന്ത്രിയ്ക്കും വകുപ്പിനും കെടുകാര്യസ്ഥതയുണ്ടെന്നും ആയിരുന്നു ആതിരയുടെ മറുപടി. എന്തായാലും ഇതോടെ മന്ത്രി അടങ്ങി. ഇതുവരെ മന്ത്രിയുടെ ഭാഗത്ത് നിന്നും പിന്നീട് ഒരു മറുപടി ഉണ്ടായിട്ടില്ല. അതേ സമയം സോഷ്യല്‍ മീഡിയയിലാകട്ടെ പ്രശ്നം ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുന്നു എന്ന് മാത്രമല്ല ആയിരങ്ങള്‍ അധ്യാപികയ്ക്ക് പിന്തുണയുമായി എത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: