ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നടന്ന കൂറ്റന്‍ സ്വാതന്ത്ര്യ അനുകൂല റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ലോകനേതാക്കളുടെ പ്ലക്കാര്‍ഡുകള്‍. ജി എം സയിദിന്റെ 117-ാം ജന്മവാര്ഷികത്തില് സിന്ധുദേശിന്റെ സ്വാതന്ത്ര്യത്തിനായി ലോകനേതാക്കള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് റാലി സംഘടിപ്പിച്ചത്. ആധുനിക സിന്ധി ദേശീയതയുടെ സ്ഥാപകരില്‍ ഒരാളാണ് ജിഎം സയീദ്. ജംഷോരോ ജില്ലയിലെ സയിദിന്റെ ജന്മനഗരമായ സാന്നിലാണ് റാലി നടന്നത്. സ്വാതന്ത്ര്യത്തെ അനുകൂലിച്ചുള്ള മുദ്രാവാക്യങ്ങളും റാലിയില്‍ പങ്കെടുത്തവര്‍ മുഴക്കി.
സിന്ധിന് പാക്കിസ്ഥാനില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്ന് യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ജോ ബൈഡന്, അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഘനി, ബംഗ്ലാദേശിന്റെ ഷെയ്ഖ് ഹസീന തുടങ്ങിയവരുടെ പേരുകള്‍ എഴുതിയ പ്ലക്കാര്‍ഡുകളില്‍ വായിക്കാം. സിന്ധികള്ക്ക് പ്രത്യേകമായി മാതൃരാജ്യം എന്ന ആവശ്യമാണ് സിന്ധുദേശ്. ജിഎം സയീദ്, പീര്‍ അലി മുഹമ്മദ് റാഷ്ദി എന്നിവരുടെ നേതൃത്വത്തില്‍ 1967-ലാണ് ഈ വാദമുയര്‍ന്നത്.
മഹാത്മാ ഗാന്ധിയുടെ വലിയ ആരാധകനായിരുന്ന ജിഎം സയീദ് ആയിരുന്നു പാക്കിസ്ഥാന് രൂപീകരിച്ചശേഷമുള്ള ആദ്യ രാഷ്ട്രീയ തടവുകാരന്. മുപ്പതുവര്‍ഷത്തോളം ഇദ്ദേഹം ജയിലില്‍ കഴിഞ്ഞു. സിന്ധു നദീതട സംസ്കാരത്തിന്റെയും വേദ ധര്‍മത്തിന്റെയും ഉദ്ഭവസ്ഥാനം സിന്ധാണെന്ന് പ്രക്ഷോഭം നടത്തിയവര്‍ പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടീഷുകാര്‍ അനധികൃതമായി കയ്യേറിയശേഷം 1947-ല്‍ പാക്കിസ്ഥാന് കൈമാറിയതാണെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: