ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പുതിയ ചുമതല. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷന്റെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്. നേതാക്കളായ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്, താരിഖ് അന്‍വര്‍, വി എം സുധീരന്, കെ മുരളീധരന്, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന് എന്നിവര്‍ പത്തംഗ സമിതിയിലുണ്ട്. നേരത്തേ ഇതുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങള്‍ ഹൈക്കമാന്‍ഡിന് മുന്പിലുണ്ടായിരുന്നു.
ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യവും സമ്മര്‍ദവും മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ ഉയര്‍ത്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി അടക്കം ചൂണ്ടിക്കാട്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മുന്‍നിര്‍ത്തി മാത്രം നിയസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന അഭിപ്രായവും യുഡിഎഫ് ഘടകകക്ഷികള്‍ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാനുള്ള സമിതിയുടെ മേല്‍നോട്ടവും ഉമ്മന്‍ ചാണ്ടിക്കുണ്ടാകുമെന്നാണ് സൂചന. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായും കേരളത്തില്‍നിന്ന് എത്തിയ നേതാക്കള്‍ ഇന്ന് മൂന്നു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. ഡിസിസി പുനഃസംഘടനയും ചര്‍ച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: