ആര്‍എസ്എസ് സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വല്‍ക്കറുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു എന്നതിന്റെ പേരിലാണ്, സര്‍വഥാ യോഗ്യനായ ഒരു ന്യായാധിപനെ സുപ്രീം കോടതിയില്‍ നിയമിക്കുന്നത് ഇന്ദിര ഗാന്ധി തടഞ്ഞത്. ഗുരുജിയും ആ ന്യായാധിപന്റെ പിതാവും അത്രയേറെ അടുപ്പമുള്ളവരായിരുന്നു എന്നതാണ് മരണസമയത്ത് അവിടെയെത്താന്‍ ന്യായാധിപനെ പ്രേരിപ്പിച്ചത്. ഒരു യോഗിവര്യനായി ലോകം കണ്ട വ്യക്തി മരണമടയുമ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പോകുന്നത് അത്രവലിയ പാതകമാണോ? സൂചിപ്പിച്ചത് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എം.എന്‍. ചന്ദ്രുര്‍ക്കറുടെ കാര്യമാണ്. അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് തന്നെയാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. ഇത് ഒരു ഉദാഹരണം മാത്രം. കോണ്‍ഗ്രസ് ഭരണകാലത്ത് നമ്മുടെ നീതിപീഠം എത്രയേറെ അപകടാവസ്ഥയിലായിരുന്നു എന്നത് പലവട്ടം രാജ്യം ചര്‍ച്ചചെയ്തിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടം പലപ്പോഴും ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു. നാല് സുപ്രീം കോടതി ജഡ്ജിമാര്‍ അടുത്തകാലത്ത് വാര്‍ത്താ സമ്മേളനം നടത്തി വിവാദമുണ്ടാക്കിയതും മറ്റുമോര്‍ക്കുക. അന്ന് കോലാഹലമുണ്ടാക്കാന്‍ അവര്ക്കൊപ്പമിറങ്ങിയത് കോണ്‍ഗ്രസുകാരും അവരുടെ ദല്ലാളന്മാരുമാണ്.
ധാര്‍മ്മികതയ്ക്ക് തീരെ സ്ഥാനം ലഭിക്കാതെ പോയ വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരണകാലം വിലയിരുത്തപ്പെടാറുണ്ടല്ലോ. കേശവാനന്ദ ഭാരതി കേസിലെ വിധിക്ക് ശേഷം മൂന്ന് ജഡ്ജിമാരെ മറികടന്നുകൊണ്ട് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ.എന്‍. റേയെ നിയമിച്ചത്, തുടര്‍ന്ന് മൂന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ രാജിവെച്ചത്, അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയശേഷം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്, ആ ഏകാധിപത്യത്തിന്റെ മറവില്‍ സര്‍വ്വതിനും സഹായമേകിയത്… പള്ളിയും പട്ടക്കാരനും ഇമാമുമാരും വരെ ജഡ്ജി നിയമനത്തില്‍ ഇടപെട്ടിരുന്നു എന്നതൊക്കെയും അന്നൊക്കെ പറഞ്ഞുകേട്ടിരുന്നു. അതില്‍ പലതും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും പലര്‍ക്കും പുറത്തുപറയാന്‍ സാധിച്ചിരുന്നില്ല. ശക്തമായ കോടതിയലക്ഷ്യ നടപടി എന്ന കവചമുള്ളതുകൊണ്ടുമാത്രം. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ തെളിവുകള്‍ സഹിതമാണ്. നമ്മുടെ നീതിന്യായ വ്യവസ്ഥ എത്രമാത്രം അപകടകരമായിരുന്നു എന്നതാണ് അത് കാണിച്ചുതരുന്നത്. വളരെ വലിയവരെന്ന് നാമൊക്കെ കരുതുന്ന (കരുതാന്‍ ചുമതലപ്പെട്ട) ചിലരുടെ മനസ്സ് എത്രത്തോളം ഇടുങ്ങിയതാണ് എന്നതും ഇവിടെ തുറന്നുകാണിക്കപ്പെടുന്നു.
കുറച്ചുദിവസമായി, ‘സുപ്രീം വിസ്പേഴ്സ്-ഇന്ത്യന്‍ സുപ്രീം കോടതിയിലെ ജഡ്ജിമാരുമായുള്ള ആശയവിനിമയങ്ങള്‍’ എന്ന പുസ്തകവുമായി ഞാന്‍ നടക്കുന്നു. വായിച്ചുതീരുന്നില്ല. ഏറെ രസകരമായതു കൊണ്ടാവണം ആസ്വദിച്ചുവായിച്ചത്. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡിന്റെ മകന് അഭിനവ് ചന്ദ്രചൂഡ് ആണത് രചിച്ചത്. അതില്‍ കണ്ട ചിലകാര്യങ്ങള്‍ രസകരമായി തോന്നി; എന്നാല്‍ അതിലേറെ അത് എന്നെ ആശങ്കയിലാഴ്ത്തി, നമ്മുടെ നീതിപീഠത്തിന്റെ പഴയ അവസ്ഥയോര്‍ത്ത്. അമേരിക്കന്‍ ഗവേഷകനും പണ്ഡിതനുമായ ജോര്‍ജ് എച്ച് ഗഡ്ബോയിസ് ഇന്ത്യയിലെത്തി സുപ്രീം കോടതി ജഡ്ജിമാര്‍, മുന്‍ ജഡ്ജിമാര്‍, ജഡ്ജിമാരുടെ ബന്ധുക്കള്‍, മുതിര്‍ന്ന അഭിഭാഷകര്‍ രാഷ്ട്രീയക്കാര്‍ ഭരണകര്‍ത്താക്കള്‍ എന്നിവരെയൊക്കെ കണ്ട് നടത്തിയ അഭിമുഖങ്ങളാണ് പുസ്തകത്തിന് ആധാരം. ഒന്നും രണ്ടുമല്ല, 116 അഭിമുഖങ്ങള്‍, അവയാകട്ടെ ചുരുങ്ങിയത് 45 മിനിറ്റ്; പലതും മണിക്കൂറുകള്‍ നീണ്ടത്. അനവധി തവണ അദ്ദേഹം ഇവിടെ വന്നു. ചിലതെല്ലാം ചിലരൊക്കെ ‘ഓഫ് ദി റെക്കോര്‍ഡ്’ ആയാണ് പറഞ്ഞതെങ്കിലും പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു പരാതിയുമുയര്ന്നില്ല. അമേരിക്കയിലെ ലോ & സൊസൈറ്റി റിവ്യൂ, ഇക്കണോമിക് & പൊളിറ്റിക്കല്‍ വീക്ക്ലി എന്നിവയാണ് പലപ്പോഴായി ആ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. അതിന്റെ ടൈപ്പ് ചെയ്ത സ്ക്രിപ്റ്റ് ലഭിച്ചയാള്‍ എന്ന നിലയ്ക്കാണ് അഭിനവ് ചന്ദ്രചൂഡ് ഈ ഉദ്യമം നടത്തിയിരിക്കുന്നത്. ചില മുന്‍ ചീഫ് ജസ്റ്റിസുമാര്‍ പോലും എത്രത്തോളം അടുപ്പം ഈ അമേരിക്കക്കാരനോട് പുലര്ത്തിയെന്നതറിയാന് വേണ്ടുന്ന സാക്ഷ്യ പത്രങ്ങള്‍ അതിലടങ്ങിയിട്ടുണ്ട്.
ചില ഉദാഹരണങ്ങള്‍ മാത്രം, എന്നാല്‍ എല്ലാം ഇവിടെ നിരത്തുക എളുപ്പമല്ല; അത്രമാത്രമുണ്ട്. എന്നാല്‍ അതില്‍നിന്ന് തന്നെ നമ്മുടെ നീതിപീഠത്തിലെ പോരായ്മ എത്രമാത്രമാണ് എന്നത് വ്യക്തമാവും. പക്ഷെ ഒന്ന് സൂചിപ്പിക്കട്ടെ, ഇത് കുറെ അനുഭവങ്ങളാണ്. നമ്മുടെ ജഡ്ജിമാര്‍ എല്ലാവരും ഇങ്ങനെയായിരുന്നു, ഇങ്ങനെയാണ് എന്നൊന്നും കരുതരുത്. മുന്‍സിഫ്-മജിസ്ട്രേറ്റ് മുതല്‍ സുപ്രീം കോടതി ജഡ്ജി വരെ നീതിബോധം നല്ലവണ്ണമുള്ള വിവരം നന്നായുള്ള അനവധിയനവധി ന്യായാധിപന്മാര് നമുക്കുണ്ട്.
സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്.സി. റോയ്യുടെ പത്നി നല്കിയ വിവരങ്ങള്‍ രസകരമാണ്. ജഡ്ജിയായി നിയമിതമായ ഉടനെ ഇന്ദിര ഗാന്ധി വിളിച്ചു ചില ചുമതലകള്‍ ഏല്പിച്ചുവത്രെ; ഇന്ദിരയുടെ അലഹബാദിലെ സ്വത്ത് സംബന്ധിച്ച ചില കേസുകള്‍ ശ്രദ്ധിക്കണമെന്ന്. സുപ്രീം കോടതി ജഡ്ജിക്ക് അതിനെങ്ങിനെ കഴിയുമെന്നത് വേറെ പ്രശ്നം. ആ കേസിന്റെ നടത്തിപ്പ് ഒരു സുപ്രീം കോടതി ജഡ്ജി നിരീക്ഷിക്കണം എന്നുതന്നെയാവണം ഇന്ദിര ഉദ്ദേശിച്ചത്; പക്ഷെ, അദ്ദേഹം ജഡ്ജിയായിരിക്കെ ഏറെ താമസിയാതെ മരിച്ചു; ആ സമയത്ത്, കുറേയാള്ക്കാര് ഓടിവന്ന് ഔദ്യോഗിക വസതിയിലുണ്ടായിരുന്ന കുറെ ഫയലുകള്‍ എടുത്തുകൊണ്ടുപോയി. തന്നോട് പോലും പറഞ്ഞതേയില്ല എന്നാണ് ആ ജഡ്ജിയുടെ ഭാര്യ പറഞ്ഞത്. ഒരു പക്ഷെ, ആ ജഡ്ജിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് വെറും കേസ് ഫയലുകള്‍ ആവണമെന്നില്ല, അതിലേറെ വിലപ്പെട്ട എന്തൊക്കെയോ? ജഡ്ജിമാരുടെ വീടിനേക്കാള്‍ സുരക്ഷിതമായ മറ്റൊരിടം അതിനില്ല എന്നത് ഇന്ദിരാ ഗാന്ധിക്ക് അറിയാമായിരുന്നിരിക്കും.
ഒരു വളര്‍ത്തു നായ കാരണം ദല്‍ഹിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന ടി.പി.എസ്. ചൗള സുപ്രീം കോടതി കണ്ടില്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം. അദ്ദേഹം താമസിച്ചിരുന്നത് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്.എസ്. പഥക്കിന്റെ വീടിനോട് ചേര്‍ന്നുള്ള വസതിയില്‍. തന്റെ നായയെ ജസ്റ്റിസ് ചൗള വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നതായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ആക്ഷേപം. ജസ്റ്റിസ് പി.എന്‍. ഭഗവതി വെളിപ്പെടുത്തിയത് ഒരു മുന്‍ നിയമമന്ത്രി കൂടിയായ മുതിര്‍ന്ന അഭിഭാഷകന് തന്റെ കോടതിയില്‍ കേസ് വാദിക്കുന്നത് ഒഴിവാക്കാനായി ക്ഷീണമാണ് എന്ന് പറഞ്ഞുപോയതാണ്; അദ്ദേഹം നേരെ പോയത് ദല്‍ഹി ഹൈക്കോടതിയില്‍ മറ്റൊരുകേസ് വാദിക്കാനാണ് എന്നത് ജസ്റ്റിസ് ഭഗവതി തിരിച്ചറിയുന്നു. ജഡ്ജി നിയമനത്തില്‍ പലപ്പോഴും നിക്ഷിപ്ത താല്പര്യങ്ങളാണ് ഉണ്ടായിരുന്നതെന്ന് തുറന്നു പറഞ്ഞവരെയും നാം ഇവിടെ കാണുന്നുണ്ട്. മതത്തിന്റെ പേരില്‍ മാത്രം പരിഗണന കിട്ടിയവര്‍, മതം കൊണ്ട് തന്റെ സീനിയോറിറ്റി മറ്റുചിലര്‍ കൊണ്ടുപോയെന്ന് വിലപിക്കുന്നവര്‍. ആന്ധ്രയില്‍ നിന്നുവന്ന സുപ്രീം കോടതി ജഡ്ജി ഒ. ചിന്നപ്പ റെഡ്ഢി ഈ അമേരിക്കക്കാരന് എഴുതിയ കത്തില്‍, തന്റെ മാതാപിതാക്കള്‍ ക്രൈസ്തവരാണ് എന്നും എന്നാല്‍ എനിക്ക് ജാതി ചാര്‍ത്തേണ്ട എന്നും…അങ്ങനെ അനവധി ഉദാഹരണങ്ങള്‍. വലിയ കസേരകളില്‍ ഇരിക്കുന്നവരുടെ മനസിന്റെ നിലവാരം…
ഇവിടെ കൊല്ലപ്പെട്ട കന്യാസ്ത്രീക്ക് വേണ്ടി ക്രിസ്തുവിന്റെ നാമത്തില്‍ അഭിമാനിക്കുന്നവര്‍ പലതും പറയുന്നതും ചെയ്യുന്നതും കണ്ടല്ലോ; ജിഹാദികള്‍ക്ക് വേണ്ടി നിലകൊണ്ടവരെയും കണ്ടിട്ടുണ്ട്. അതിനപ്പുറമാണ് പലതും. ആരുടെയൊക്കെയോ മാറാപ്പ് പേറുകയാണ് പലരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: