കോട്ടയം: മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ ആവശ്യങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കിലേക്ക് പോകുമെന്ന് കേരള ഗവണ്‍മെന്റ് പോസ്റ്റ് ഗ്രാഡ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. മെഡിക്കല്‍ അദ്ധ്യാപകര്‍ക്ക് 2016 ല്‍ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പള പരിഷ്‌കരണ ഉത്തരവ് നാല് കൊല്ലത്തിനു ശേഷം 2020 ലാണ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. അതാകട്ടെ നിറയെ അപാകങ്ങള്‍ നിറഞ്ഞതുമായിരുന്നു. 2016 മുതലുള്ള കുടിശ്ശിക നല്‍കുവാനും ഉത്തരവില്‍ നിര്‍ദ്ദേശമില്ല. ഈ ഉത്തരവിലെ അപാകതകള്‍ തിരുത്തണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് സംഘടന കുറ്റപ്പെടുത്തി.
നിയമാനുസൃതമായ മുന്‍ഗണനാ പട്ടിക തയാറാക്കി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും. കൊറോണ കാലഘട്ടത്തില്‍ സംസ്ഥാനത്തുടനീളം ആരോഗ്യ രംഗത്ത് സേവനം നടത്തിയ മെഡിക്കല്‍ അദ്ധ്യാപകരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വിദ്യാഭ്യാസം തുടങ്ങി ഇതര സര്‍വീസ് മേഖലകളിലെ ജീവനക്കാര്‍ക്ക് കുടിശ്ശികയടക്കം ശമ്പള പരിഷ്‌കരണം നടപ്പാക്കുന്ന സര്‍ക്കാര്‍, മെഡിക്കല്‍ രംഗത്ത് ഇടതടവില്ലാതെ ജോലി ചെയ്തു വരുന്ന ഡോക്ടര്‍മാരെ അവഗണിക്കുന്നത് നീതിയുക്തമല്ലെന്നും സംഘടന കുറ്റപ്പെടുത്തി.
മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ ഉന്നയിച്ച വിഷയങ്ങളില്‍ സത്വര നടപടി ഉണ്ടായില്ലെങ്കില്‍ ജനുവരി 20 മുതല്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരമാര്‍ഗ്ഗം സ്വീകരിക്കുമെന്ന് സംഘടനാ പ്രസിഡന്റ് ഡോ.ജെ.എസ്.അജിത് പ്രസാദ്, സെക്രട്ടറി ഡോ. ജെജി .ജി, ട്രഷറര്‍ ഡോ.സന്‍ഷേ ഇ.യു എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: