ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമല്ല, വാക്‌സിന്‍ വികസനത്തിനുവേണ്ടി ആരോഗ്യത്തെ മറന്ന് സ്വയം പരീക്ഷണത്തിന് വിധേയരായവരും കോവിഡിന്റെ യഥാര്‍ത്ഥ മുന്നണി പോരാളികളാണ്. മഹാമാരിക്കിടയില്‍ നാം ചിലപ്പോള്‍ അവരെ ഓര്‍ത്തില്ല. നമ്മളെ ശുശ്രൂഷിക്കുന്നവരെയും പരിചരിക്കുന്നവരേയും മാത്രമേ പോരാളികളായി കണ്ടൊള്ളൂ.
മരുന്ന് പരീക്ഷണത്തിനായി സ്വന്തം ജീവനും ആരോഗ്യവും സമര്‍പ്പിച്ചവരും ഉണ്ട്. അവര്‍ നല്‍കിയ സേവനം ഒരിക്കലും വിസ്മരിക്കാന്‍ ആവുന്നതല്ല. മരുന്ന് പരീക്ഷണത്തിന് വിധേയരായവര്‍ക്ക് ആദരമര്‍പ്പിച്ച് ഒരുകൂട്ടം ചെറുപ്പക്കാര്‍ നിര്‍മിച്ച ഹ്രസ്വ ചിത്രവും ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. ഒരാളുടെ ശരീരത്തില്‍ പരീക്ഷിച്ച് അയാള്‍ക്കുണ്ടാകുന്ന രാസമാറ്റങ്ങള്‍ നിരീക്ഷിച്ചും പഠനം നടത്തിയുമാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. അതിനാല്‍ പരീക്ഷണത്തിന് വിധേയനാവുന്ന വ്യക്തിയും വീര യോദ്ധാവാണെന്നാണ് ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം.
ശ്രീജേഷ് രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബുകളിലെ ജോലിക്കാര്‍, ശാസ്ത്രജ്ഞന്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, പോലീസുകാര്‍ തുടങ്ങിയവരുടെ സേവനങ്ങളേയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. വയലിയിലെ കലാകാരന്മാരായ കുട്ടന്‍ ആറങ്ങോട്, ശരത്ത് വയലി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വയലിയിലെ മറ്റ് കലാകാരന്മാരും ഇതിന്റെ ഭാഗമാകുന്നുണ്ട്. ജയഹരി കാവാലമാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വരികള്‍ ഏഴുതിയത് കാവാലം ശശികുമാറും മുര്‍ഷിദ് വി.എച്ചുമാണ്. അബിന്‍ ഷാജി, അഖില്‍ എസ്, അക്ഷയ് ശങ്കര്‍, ഷിബിന്‍ കുമാര്‍, ജയഹരി കാവാലം എന്നിവരാണ് ആലാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: