കൊല്ലം: ഫിഷറീസ് വകുപ്പ് നടപ്പാക്കിയ രജിസ്‌ട്രേഷന്‍ നിബന്ധന ബോട്ട് യാര്‍ഡുകളെ പ്രതിസന്ധിയിലാക്കുന്നു. അരലക്ഷം രൂപ ഡിപ്പോസിറ്റും 10,000 രൂപ ലൈസന്‍സ് ഫീസ് അടച്ചും ഫിഷറീസ് ബോട്ടുയാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയാണ് മേഖലയ്‌ക്ക് തിരിച്ചടിയായത്. അഷ്ടമുടിക്കായലിന്റെ ചില തീരങ്ങളിലും ആയിരം തെങ്ങ് ടി എസ് കനാലിന്റെ തീരത്തും വിരലില്‍ എണ്ണാവുന്ന ഫിഷിംഗ് ബോട്ട് യാര്‍ഡുകളാണ് പ്രവര്‍ത്തിക്കുന്നത്. യാര്‍ഡ് രജിസ്‌ട്രേഷന്‍ ഇല്ലായെന്ന പേരില്‍ ഫിഷറീസ് രജിസ്‌ട്രേഷന്‍ നിഷേധിച്ചതിനാല്‍ ഇവിടെ രണ്ടുബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ ബുദ്ധിമുട്ടിലാണ്.
തീരപരിപാലന നിയമം കിടക്കുന്നതുമൂലം, ബോട്ടുയാര്‍ഡുകള്‍ മാറ്റി മറ്റെന്തെങ്കിലും തുടങ്ങാനുമാകില്ല. യാര്‍ഡുകള്‍ക്ക് വ്യവസായവകുപ്പ് അനുമതി, പഞ്ചായത്ത് ലൈസന്‍സ്, ഫാക്ടറി ലൈസന്‍സ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ കണ്‍സന്റ് എന്നി നിബന്ധനകള്‍ നേരത്തെ തന്നെയുണ്ട്.
പുതിയ നിബന്ധനയുടെ പേരില്‍ ബോട്ടു യാര്‍ഡുകള്‍ പൂട്ടാന്‍ ശ്രമിക്കുന്നത് മേഖലയിലെ നൂറുകണ്കകിനുപേര്‍ക്ക് തൊഴില്‍ നഷ്ടമാക്കുമെന്നതാണ് അവസ്ഥ. നിബന്ധന പിന്‍വലിക്കണമെന്നാണ് ഉയരുന്ന ആവശ്യം. കടബാധ്യതകള്‍ കാരണം പല യാര്‍ഡുകളും ബാങ്ക് ജപ്തിഭീഷണിയിലാണ്.
പുതിയതായി വയ്‌ക്കുന്ന ബോട്ടുകള്‍ ഫിഷറീസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വരുമ്പോള്‍ യാര്‍ഡ് ഫീസ് അടയ്‌ക്കാന്‍ ഇവര്‍ തയ്യാറാണ്. എന്നാല്‍ ജില്ലയിലെ വള്ളക്കാരും ബോട്ടുകാരും ലൈസന്‍സും മറ്റാവശ്യങ്ങള്‍ക്കുമായി നിറഞ്ഞ് കിടക്കുന്ന നീണ്ടകര ഫിഷറീസ് ആഫീസിലേക്ക് യാര്‍ഡുകളുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളുമായി വന്ന്രജിസ്‌ട്രേഷന്‍ എടുക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നും യാര്‍ഡുകാര്‍ പറയുന്നു.
യാര്‍ഡുകളുടെ പ്രവര്‍ത്തനം
ബോട്ട് യാര്‍ഡുകളിലാണ് ഫിഷിംഗ് ബോട്ടുകള്‍ നിര്‍മിക്കുന്നത്. ഇപ്പോള്‍ നിര്‍മാണം വല്ലപ്പോഴും മാത്രം. ബോട്ടുനിര്‍മ്മിക്കാന്‍ വരുന്നവര്‍ക്ക് അതിന് സൗകര്യമൊരുക്കുകയാണ് യാര്‍ഡുകാര്‍ ചെയ്യുന്നത്. ചിലര്‍ക്ക് വര്‍ഷത്തില്‍ ഒന്നോ രണ്ടോ ബോട്ടു നിര്‍മ്മിക്കാന്‍ അവസരം ലഭിക്കും.
യാര്‍ഡ് ഉടമകള്‍ക്ക് ബോട്ട് നിര്‍മിക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കുമ്പോള്‍ യാര്‍ഡ് വാടക മാത്രമാണ് ലഭിക്കുന്നത്. ഈയിനത്തില്‍ ദീര്‍ഘ നാളത്തേക്ക് ഒരുലക്ഷം രൂപ വരെ കിട്ടിയേക്കും.
ബോട്ടു നിര്‍മ്മാണം ഇല്ലാത്തപ്പോള്‍ യാര്‍ഡിലെ മൂന്നു തൊഴിലാളികള്‍ ചെറിയ വെല്‍ഡിംഗ് ജോലികളും മറ്റും ചെയ്തു കഴിച്ചുകൂട്ടും. ചില ബോട്ടുയാര്‍ഡുകള്‍ പൂട്ടിയിടും. ഇപ്പോള്‍ മിക്ക ബോട്ടുകളുടേയും എന്‍ഞ്ചിന്‍ റിപ്പയറിംഗും മറ്റും എഞ്ചിന്‍ കമ്പനിക്കാര്‍ തന്നെ നേരിട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: