തിരുവനന്തപുരം : ജീവനക്കാര്‍ തനിക്കെതിരെ തെറ്റിദ്ധാരണ പരത്തിയതിനാലാണ് പരസ്യ പ്രസ്താവന നടത്തിയത്. സാമ്പത്തിക ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാറിന്റെ വിശദീകരണത്തിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ എംഡിയെ ഓടിക്കാന്‍ ശ്രമിച്ചപ്പോഴാണ് തുറന്ന് പറച്ചില് നടത്തിയതെന്നും സ്വിഫ്റ്റില്‍ പിന്നോട്ടില്ല. പൂര്‍ണ്ണ നിയന്ത്രണം കെഎസ്ആര്‍ടിസിക്ക് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എംഡിയും യൂണിയനുകളും തമ്മില്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും. സ്വിഫ്റ്റ് സംബന്ധിച്ച് എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍ മന്ത്രിതല ചര്‍ച്ചയുള്‍പ്പടെ നടത്തുമെന്നും എംഡി അറിയിച്ചു.
കെ എസ് ആര് ടിസി വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തിനെതിരെ നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നു. പോക്സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. ഷറഫ് മുഹമ്മദിനെതിരെയും നടപടിയുണ്ടാകും. ഇയാള്‍ക്ക് കഴിഞ്ഞദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം സിഎംഡി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്ആര്‍ടിസിയുടെ 100 കോടി രൂപ കാണാതായ സംഭവത്തില്‍ അന്നത്തെ അക്കൗണ്ട്സ് മനേജറും ഇന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീകുമാറിന് വീഴ്ചയുണ്ടായെന്ന് എംഡി ബിജു പ്രഭാകര്‍ വെൡപ്പെടുത്തി. ശ്രീകുമാറിനെ നേരത്തെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയിരുന്നു.
കിഫ്ബി വഴിയുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റ് നവീകരണ പദ്ധതിയെ യൂണിയനുകള്‍ എതിര്‍ത്തതാണ് കെഎസ്ആര്‍ടിസി എംഡിയുടെ രോഷത്തിന്റേയും തുറന്ന് പറച്ചിലന്റേയും കാരണം. സ്പെയര്‍പാര്‍ട്സ് വാങ്ങുന്നതിലും ഇന്ധനം വാങ്ങുന്നതിലും ക്രമക്കേടുണ്ടെന്നും. 10 ശതമാനം ജീവനക്കാരെങ്കിലും തട്ടിപ്പുകാരാണെന്നും ഇന്നലെ ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നു. കൂടുതല്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും കെ എസ് ആര് ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമാണ്. തൊഴിലാഴികളില്‍ 30 ശതമാനം പേര് മാത്രമാണ് കുഴപ്പക്കാര്‍. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പടെ കൃത്രിമം കാട്ടി വന്‍ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ വാര്‍ത്താസമ്മേളനത്തില്‍ തൊഴിലാളി വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി. ഭരണാനുകൂല സംഘടനകള്‍ക്കും എംഡിക്കുമെതിരെ കടുത്ത പ്രതിഷേധമുണ്ട്. എന്നാല്‍ മന്ത്രിമാരായ തോമസ് ഐസക്, എ.കെ.ശശീന്ദ്രന് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബിജു പ്രഭാകര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ശ്രമിച്ചുവരുന്നത്. ഈ സര്‍ക്കാരിന്റെ കാലത്തെ ആറാമത്തെ മാനേജിങ് ഡയക്ടറാണ് ബിജു പ്രഭാകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: