സന്ധി പ്രസ്താവനയുടെ രഹസ്യമെന്തായിരിക്കും? അതു മനസ്സിലാക്കാന്‍ ശിവാജി ജയസിംഹനയച്ച കത്ത് പഠിക്കണം. അദ്ദേഹം എഴുതുന്നു; ‘ദക്ഷിണ പ്രദേശം ജയിക്കാനായിട്ടാണല്ലോ താങ്കള്‍ വന്നിരിക്കുന്നത്. സ്വതന്ത്ര ഹിന്ദു രാജാവായിട്ടാണ് താങ്കള്‍ വന്നിരുന്നതെങ്കില്‍ താങ്കളുടെ പാദത്തില്‍ എന്റെ തലവയ്ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഔറംഗസേബിന്റെ സേവകനായിട്ടാണ് താങ്കള്‍ വന്നിരിക്കുന്നത്.
താങ്കളുമായി യുദ്ധം ചെയ്താല്‍ രണ്ടുപക്ഷത്തില്‍ നിന്നും മരിക്കുന്നത് ഹിന്ദുക്കളായിരിക്കും. സിംഹം പരസ്പരം യുദ്ധം ചെയ്ത് കൊല്ലപ്പെട്ടാല്‍ ചെന്നായകള്ക്കും കുറുക്കന്മാര്ക്കും അവരുടെ ഭരണം നിര്‍ബാധം നടത്താമല്ലൊ!
ഈ ഉദ്ദേശ്യത്തോടുകൂടിയാണ് ഔറംഗസേബ് താങ്കളെ ഇങ്ങോട്ടയച്ചത്. ഔറംഗസേബിനെപ്പോലുള്ള ക്രൂരനും നീചനുമായ ഒരാളുടെ ദാസ്യം താങ്കള്‍ക്ക് ചേര്‍ന്നതല്ല. മുഴുവന്‍ ഹിന്ദുസമാജവും ഇന്ന് ഒരു ജീവന്മരണ പോരാട്ടത്തിലാണ്.
ഉത്തരഭാരതത്തില്‍ താങ്കള്‍ രാജാ ജസ്വന്തസിംഹനും രാജാരാജസിംഹനുമായി കൈകോര്‍ക്കുകയാണെങ്കില്‍, ദക്ഷിണത്തില്നിന്നും ഞാന്‍ മറാഠാ സൈനികരോടൊപ്പം താങ്കളോട് ചേരാന്‍ സന്നദ്ധമാണ്. എല്ലാവര്ക്കും ചേര്‍ന്ന് ഔറംഗസേബിനെ അമര്‍ച്ച ചെയ്യാം. അവിടെ ഔറംഗസേബിനോ മുഗള്‍ സാമ്രാജ്യത്തിനോ നിലനില്‍പ്പുണ്ടാവില്ല. താങ്കള്‍ ആഗ്രഹിക്കുന്ന പക്ഷം ഞാന്‍ താങ്കളുമായി വ്യക്തിപരമായി സംസാരിക്കാന്‍ തയ്യാറാണ്. താങ്കള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ വാള് ഉറയില്‍നിന്ന് പുറത്തെടുക്കാനും തയ്യാറാണ്.’ ഇതായിരുന്നു കത്തിന്റെ ചുരുക്കം.
ശിവാജിയുടെ ഉള്ളിലെ തുടിപ്പ് ഈ കത്തില്‍നിന്നും മനസ്സിലാക്കാം. ഇരുപക്ഷത്തുമുള്ള ഹിന്ദുക്കളുടെ മരണം ഒഴിവാക്കുക എന്നത് ഒരുദ്ദേശമാണെങ്കില് സ്വരാജ്യ സ്ഥാപനത്തിന് ജയസിംഹന്റെ സഹയോഗം നേടിയെടുക്കുക എന്നതായിരുന്നു രണ്ടാമത്തേത്.
എന്നാല്‍ ഈ കത്തുകൊണ്ട് ജയസിംഹനില്‍ എന്തെങ്കിലും മാറ്റം ഉണ്ടായൊ എന്നു പറയാന്‍ സാധ്യമല്ല. എന്നാല്‍ ഔറംഗസേബും കൂടെയുണ്ടായിരുന്ന ദിലേര്‍ഖാനും അറിയാത്തവണ്ണം ജയസിംഹന് ജാഗരൂകനായിരുന്നു. അതുകൊണ്ടുതന്നെ ശിവാജിയുമായുള്ള ജയസിംഹന്റെ പരസ്യമായ പെരുമാറ്റം വളരെ കഠോരമായിരുന്നു.
ജയസിംഹനില്നിന്നും തുളസീദളവും ബില്വപത്രവും ലഭിച്ചതുകൊണ്ട്, ശിവാജി കൂടിക്കാഴ്ചയ്ക്കായി പല്ലക്കിലേറി പുറപ്പെട്ടു. ആയുധങ്ങളില്ലാതെ ആറ് ബ്രാഹ്മണരുമായിട്ടാണ് ശത്രുവിന്റെ കൂടാരത്തിലേക്ക് അദ്ദേഹം പുറപ്പെട്ടത്. ശിവാജി വരുന്നു എന്ന വാര്‍ത്ത അറിഞ്ഞതോടെ മുഗള്‍ സൈനികരുടെ ഇടയില്‍ ഉത്സുകതയും ഭയവും ഉണ്ടായി. ജയസിംഹനും പരിഭ്രമിച്ചു. ജയസിംഹന് ഒരാജ്ഞാപത്രം അയച്ചു, തന്റെ കൈയിലുള്ള എല്ലാ കോട്ടകളും നിരുപാധികം വിട്ടുതരാന്‍ തയ്യാറാണെങ്കില്‍ മാത്രം അകത്തു പ്രവേശിച്ചാല്‍ മതി, ഇല്ലെങ്കില്‍ തിരിച്ചുപോയ്ക്കൊള്ളൂ എന്നായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: