പ്രൊഫ. ഡി. അരവിന്ദാക്ഷന്
ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റ്, മെയില്‍ നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഇടതുപക്ഷ മുന്നണിയുടെ വോട്ട് അഭ്യര്‍ത്ഥനയാണ്. ഭക്ഷ്യധാന്യ കിറ്റ് സൗജന്യമായി നല്‍കിയും ക്ഷേമ പെന്‍ഷനുകള്‍ കൂട്ടി കൊടുത്തും വോട്ട് വാങ്ങി ജയിക്കാനുള്ള വ്യാമോഹമാണ് ഇതിന്റെ കാതല്‍.
സാമ്പത്തികമായി തകര്‍ന്ന സംസ്ഥാനത്തിന്റെ പൊതു ചിത്രമാണ് ഈ ബജറ്റ് വഴി അവതരിപ്പിക്കപ്പെട്ടത്. കേരളത്തിന്റെ പൊതുകടം നാളിതുവരെ 2,92,00 കോടിയാണ്. കിഫ്ബിയുടെ കടം കൂടി കൂട്ടുമ്പോള്‍ ഇത് 3 ലക്ഷത്തിലധികം കോടിയാകും. സര്‍ക്കാര്‍ ഗ്യാരന്റി നല്കി പൊതുമേഖലാ സ്ഥാപനങ്ങള്‍ വാങ്ങിയ കടം കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് ഭയാനകമായി ഉയരും. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും ഒരു ലക്ഷം രൂപയുടെ കടക്കാരനാകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. 2016 മേയ് മാസത്തില്‍ ഒരു ലക്ഷത്തി അമ്പതിനായിരം കോടിയുടെ കടമുണ്ടായിരുന്നതാണ് ഇപ്പോള്‍ ഇരട്ടിയിലധികമായത്. ഇങ്ങനെ കടം വാങ്ങി ഭക്ഷ്യധാന്യ കിറ്റ് സൗജന്യമായി നല്‍കുന്നതും 60 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്ഷന് നല്കുന്നതുമാണ് സര്‍ക്കാരിന്റെ മേന്മയായി മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രചരിപ്പിക്കുന്നത്. കേരളത്തിന്റെ ആകെ ജിഡിപി. 8.2 ലക്ഷം കോടിയാണ്. ഇതിന്റെ പകുതി കടമായി മാറിയിരിക്കുന്നു.
ദാരിദ്ര്യ നിര്‍മാര്‍ജ്ജനം സര്‍ക്കാരുകളുടെ ഒന്നാമത്തെ കടമ തന്നെയാണ്. നിയമസഭയില്‍ 12-ാം തവണ ബഡ്ജറ്റ് അവതരിപ്പിച്ച തോമസ് ഐസക്ക് കാറല്‍ മാര്‍ക്സിന്റെ തത്വശാസ്ത്രം അംഗീകരിച്ച ആളെന്നാണ് അഭിമാനിക്കുന്നത്. അദ്ദേഹത്തെ ധനമന്ത്രിയാക്കിയ രാഷ്ട്രീയ പാര്‍ട്ടിയും കാറല്‍ മാര്‍ക്സിന്റെ പേരില്‍ രൂപീകരിക്കപ്പെട്ടതാണ്. മുതലാളിത്ത സമ്പദ് ഘടനക്കെതിരായി സോഷ്യലിസ്റ്റ് സമ്പദ്ഘടന സ്ഥാപിക്കും എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നതും അധികാരത്തില്‍ വരുന്നതും. അധികാരത്തില്‍ വരുമ്പോള്‍ കടം വാങ്ങി സൗജന്യങ്ങള്‍ നല്കി വീണ്ടും അധികാരത്തില്‍ വരാനുള്ള തന്ത്രങ്ങളാണ് നിര്‍ഭാഗ്യവശാല്‍ കേരളത്തിന്റെ ഇപ്പോഴത്തെ ധനമന്ത്രി അദ്ദേഹത്തിന്റെ 12 ബജറ്റുകളിലും സ്വീകരിച്ചത്. കേന്ദ്ര ബജറ്റിലെ ധനകമ്മി നികത്താന്‍ നോട്ടടിക്കാന്‍ കേന്ദ്രത്തെ ഉപദേശിച്ചയാളാണ് അദ്ദേഹം. സംസ്ഥാനത്തിന് നോട്ടടിക്കാന്‍ അധികാരമില്ലാത്തതിനാല്‍ കേന്ദ്ര അനുമതിയില്ലാതെ വിദേശത്തു നിന്നടക്കം പണം കടം വാങ്ങിതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കിഫ്ബിയ്ക്ക് എതിരെയുള്ള സിഎജിയുടെ കണ്ടെത്തലുകളും. വിദേശത്തു നിന്നും പണം സൗജന്യമായി വാങ്ങിയതിന്റെ കേസുകളാണ് ലൈഫ് മിഷനിലും ഉണ്ടായിട്ടുള്ളത്. ഈ ക്രമക്കേടുകള്‍ക്ക് എതിരായി റിപ്പോര്‍ട്ട് എഴുതിയ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിനെ ആവശ്യത്തിലധികം കുറ്റപ്പെടുത്തുന്നുമുണ്ട്. സിഎജിയ്ക്ക് എതിരായ ധനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍ സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണ്.
2001 മുതല്‍ 2021 വരെയുള്ള 20 വര്‍ഷം കൊണ്ടാണ് കേരളത്തിന്റെ സമ്പദ്ഘടന ഇത്രയധികം തകര്ന്നിടിഞ്ഞത്. 2019-20-ലെ കേരള ആസൂത്രണ ബോര്‍ഡ്, നിയമസഭയിലവതരിപ്പിച്ച അവലോകന റിപ്പോര്‍ട്ട് പ്രകാരം സമ്പദ്ഘടനയുടെ വളര്‍ച്ച 6.4 ശതമാനത്തില്‍ നിന്നും 3.4 ശതമാനമായി കുറഞ്ഞു കൂപ്പുകുത്തി. ബജറ്റിലെ 75 ശതമാനം ശമ്പളം, പെന്ഷന്, പലിശ എന്നിവയ്ക്കായി മാറ്റിവച്ചിരിക്കുന്നു. ബാക്കി വരുന്ന 25ശതമാനത്തില്‍ താഴെ തുക കൊണ്ടാണ് വികസനവും ശമ്പളമൊഴികെയുള്ള ഭരണ ചെലവുകളും നിര്‍വ്വഹിക്കേണ്ടത്. ഇതില്‍ ഗണ്യമായ തുക പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റ പണികള്‍ക്കായി നീക്കി വച്ചിരിക്കുന്നു. കൃഷിക്കും വ്യവസായത്തിനും സേവന മേഖലയ്ക്കുമായി 20,000 കോടിയില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ നൈപൂണ്യ വികസന പദ്ധതിയായ സ്കില്‍ ഇന്ത്യാ അതുപോലെ പകര്‍ത്തി എഴുതി. ഡിജിറ്റല്‍ ഇന്ത്യക്ക് പൂര്‍ണ്ണമായ കേന്ദ്ര സഹായം ലഭ്യമാണ്. വൈജ്ഞാനിക സമ്പദ്ഘടന എന്നത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഡിജിറ്റല്‍ ഇക്കണോമി തന്നെയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവച്ച 4074 കോടി കേന്ദ്രത്തിന്റെ വിഹിതമാണ്. ആലപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന മരുന്നു കമ്പനി കെഎസ്ഡിപിയില്‍ തുടങ്ങുന്ന ക്യാന്‍സര്‍ മരുന്ന് നിര്‍മ്മാണ പാര്ക്കിന് കേന്ദ്ര ഫണ്ട് ലഭിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കുന്ന 3000 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് ലഭിക്കുന്നതാണ്. കെ-ഫോണ്‍ പദ്ധതിക്ക് ഡിജിറ്റല്‍ ഇന്ത്യയില്‍ നിന്നും ഫണ്ട് ലഭിക്കും. പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് കേന്ദ്രത്തില്‍ നിന്നും പൂര്‍ണ്ണ ധനസഹായം ലഭിക്കും. മൂന്ന് വ്യവസായ ഇടനാഴികള്‍ക്കായി 50,000 കോടിയുടെ നിക്ഷേപം ആവശ്യമുള്ളിടത്ത് 100 കോടി മാത്രമാണ് വകയിരുത്തിയത്. കിഫ്ബിയില്‍ നിന്നുള്ള 15,000 കോടി വകയിരുത്തിയാലും ബാക്കി തുക കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നതാണ്. രണ്ടര ലക്ഷം തൊഴിലവസരങ്ങള്‍ വ്യവസായ ഇടനാഴികകളില്‍ സൃഷ്ടിക്കണമെങ്കില്‍ അവിടെ അന്തര്‍ദേശീയ കമ്പനികള്‍ വരണം. കേരളത്തില്‍ അതിനുള്ള സാധ്യതകള്‍ കുറവാണ്. ദുബായിയുമായി ചേര്‍ന്നുള്ള കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ അനുഭവമായിരിക്കും ഈ ഇടനാഴികള്‍ക്കും ഉണ്ടാവുക. ഐടി മേഖലയ്ക്ക് വേണ്ടി മാറ്റി വെച്ച മുഴുവന്‍ ഫണ്ടുകളും കേന്ദ്രത്തിന്റെ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയില്‍ നിന്നും ലഭിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ 5 ലക്ഷം രൂപ വര ധന സഹായം ലഭിക്കുന്ന ആരോഗ്യസുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ഇപ്പോഴും അംഗീകരിച്ചട്ടില്ല. പകരം കാരുണ്യ എന്ന് പേരില്‍ നടപ്പാക്കുകയാണ്. മത്സ്യ മേഖലയ്ക്ക് മാറ്റി വെച്ച 1500 കോടി കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നതാണ്. നെല്ല്, റബ്ബര്‍, നാളികേരം, കാപ്പി തുടങ്ങിയ കാര്‍ഷിക വിളകള്‍ക്ക് തുച്ഛമായ വിഹിതമാണ് നീക്കി വച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് കെഎഫ്സിയും, കേരള ബാങ്കും വായ്പ നല്‍കും എന്ന് പറഞ്ഞത് വളരെ പരിഹാസ്യമാണ്. ലൈഫ് മിഷനു വേണ്ടി വരുന്ന ചെലവില്‍ സിംഹഭാഗവും കേന്ദ്രത്തിന്റേതാണ്. കഴിഞ്ഞ 5 വര്‍ഷമായി രണ്ടര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്കി എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ അടുത്ത് ഒരു വര്‍ഷം കൊണ്ട് എങ്ങനെയാണ് ഒന്നരലക്ഷം പേര്‍ക്ക് വീടുകള്‍ നല്‍കുന്നത്.
കോവിഡ് വാക്സിന് സൗജന്യം എന്നു പ്രഖ്യാപിച്ച സര്‍ക്കാര്‍ 20 കോടി മാത്രമാണ് അതിനായി വകയിരുത്തിയത്. കേന്ദ്ര സഹായം ലഭിക്കുന്ന ഈ പദ്ധതിക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ച തുക അപര്യാപ്തമാണ്. കുടുംബശ്രീക്കു വേണ്ടി മാറ്റിവച്ച 1749 കോടിയില്‍ മുഖ്യപങ്കും കേന്ദ്രത്തിന്റേതാണ്. ഭാഗ്യക്കുറി, മദ്യം, കെഎസ്എഫ്ഇ ചിട്ടി എന്നിവയാണ് സര്‍ക്കാരിന് വരുമാനമുണ്ടാക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങള്‍. കുട്ടനാട്, വയനാട് ഇടുക്കി, കാസര്‍കോട് പാക്കേജുകള്‍ അടക്കം കൃഷിക്ക് 3500 കോടിയില്‍ താഴെ മാത്രമാണ് നീക്കി വച്ചിട്ടുള്ളത്. ഇത് ബജറ്റിന്റെ രണ്ടര ശതമാനത്തില്‍ താഴെയാണ്. കെഎസ്ആര്ആടിസി. പുനഃസംഘടനയ്ക്ക് 1800 കോടി മാറ്റിവച്ച സര്‍ക്കാര്‍ നെല്‍കൃഷിക്ക് മാറ്റിവച്ചത് 116 കോടി മാത്രമാണ്.
2020-21-ല്‍ വികസനത്തിനായി ചെലവഴിച്ച തുക 20000 കോടിയില്‍ താഴെ മാത്രമാണ്. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഒട്ടും പ്രായോഗികമല്ല. ശമ്പളം, പെന്ഷന്, പലിശ എന്നിവയ്ക്കായി റവന്യു വരുമാനത്തിന്റെ 75 ശതമാനം ചെലവഴിക്കുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനവനുസരിച്ച് 2021- ഏപ്രില്‍ മുതല്‍ ഇത് 80ശതമാനമായി വര്‍ദ്ധിക്കും. വികസനത്തിനായി വിനിയോഗിക്കാന്‍ ആകെ ബജറ്റ് തുകയില്‍ നിന്നും 20,000 കോടിയില്‍ താഴെ മാത്രമേ ലഭിക്കുന്നുള്ളു. ഇത് ബജറ്റ് വരുമാനത്തിന്റെ 13 ശതമാനത്തില്‍ താഴെ മാത്രമാണ്. 87 ശതമാനം ചെലവഴിച്ച് 13 ശതമാനം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും തൃപിതികരമല്ല. അടിസ്ഥാന മേഖലയായ കൃഷിക്ക് 3500 കോടിയില്‍ താഴെ മാത്രമാണ് വക ഇരുത്തിയിട്ടുള്ളത്. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് 500 കോടിയില്‍ താഴെ മാത്രമാണ് നീക്കി വച്ചിട്ടുള്ളത്. കഴിഞ്ഞ 20 വര്‍ഷമായി അടച്ചുപൂട്ടിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 21 വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ പുനഃരുദ്ധരിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ലൈഫ് മിഷന് പദ്ധതി പ്രകാരം രണ്ട് ലക്ഷത്തിലധികം വീടുകള്‍ വച്ചു നല്കി എന്ന് കേരള സര്‍ക്കാര്‍ അവകാശപ്പെടുന്നുവെങ്കിലും വീടിനു അര്‍ഹതയുള്ളവരുടെ എണ്ണം ഇപ്പോഴും 4 ലക്ഷത്തിലധികമാണ്. ചുരുക്കത്തില്‍ ബജറ്റിന്റെ ആകെത്തുകയായ 1, 59, 427 കോടിയില്‍ നിന്നും 13 ശതമാനത്തില്‍ താഴെ മാത്രമാണ് കാര്‍ഷിക വ്യവസായ മോഖലയിലും ഐ. ടി, മേഖലയിലും വിനിയോഗിക്കാന്‍ കഴിയുന്നത്. അവസാനം പണം ലഭ്യതയില്ലാത്തതു മൂലം 2022 മാര്‍ച്ച് മാസത്തില്‍ ഈ തുകയും വിനിയോഗിക്കപ്പെടാന്‍ കഴിയാതെ വരും. വികസനത്തിന് ഊന്നല്‍ നല്‍കാത്ത ഈ ബജറ്റിനെ കടം കേറി മുടിഞ്ഞ ബജറ്റ് എന്നു മാതമേ വിശേഷിപ്പിക്കാന്‍ കഴിയു. അമിതമായി കടം വാങ്ങുന്ന മുതലാളിത്ത സമ്പദ് വ്യവസ്ഥ അംഗീകരിച്ചു കൊണ്ട് തയ്യാറാക്കിയ ബജറ്റാണിത്.
കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങളെ അവഗണിച്ചു കൊണ്ട് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ശമ്പളത്തിനും, പെന്‍ഷനും മാത്രം ഊന്നല്‍ നല്കുന്നതു കൊണ്ടാണ് കഴിഞ്ഞ 20 വര്‍മായി സമ്പദ് ഘടന ഇത്രയും തകര്‍ന്നത്. നാണയ പെരുപ്പം 7 ശതമാനമായി വര്‍ദ്ധിച്ചു. അഭ്യസ്ത വിദ്യരായ 60 ലക്ഷത്തിലധികം ആളുകള്‍ തൊഴിലിന് വേണ്ടി പേര് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നു. ഇവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള യാതൊരു ക്രിയാത്മക പദ്ധതികളും ബജറ്റിലില്ല. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കുമെന്നുള്ള വാഗ്ദാനം അവിശ്വസനീയമാണ്. 2021-22-ല്‍ 8 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കിന്നതിനുള്ള യാതൊരു കര്‍മ്മ പദ്ധതിയും ബജറ്റിലില്ല.
വ്യവസായ സൗഹൃദ സൂചികയില്‍ കേരളത്തിന്റെ സ്ഥാനം 10-ല്‍ താഴെയാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ച പദ്ധതികള്‍ ഒന്നും പ്രായോഗികമല്ല. പ്രായോഗികതലത്തില്‍ വ്യവസായികളോടുള്ള വിരോധം കേരളത്തില്‍ മാറിയിട്ടില്ല. വികസനത്തിനും ക്ഷേമപദ്ധതികള്‍ക്കും ഒരുപോലെ പ്രാധാന്യം നല്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് സമീപനം ഇവിടെയും മാതൃകയാക്കേണ്ടതായിരുന്നു.
കമ്മിപ്പണം നോട്ടായി അച്ചടിക്കുന്നതിനു പകരം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ജനങ്ങള്‍ക്ക് നല്കി ധനസമാഹരണം നടത്തുന്ന കേന്ദ്രത്തിന്റെ മാതൃക ശ്ലാഘനീയമാണ്. നടപ്പു സാമ്പത്തിക വര്‍ഷം നികുതി വിഹിതമായി 6000 കോടിയും അധികം ഗ്രാന്റായി 17000 കോടിയും കൂടുതലായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയെന്ന് ബജറ്റ് രേഖകള്‍ തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: