Categories: Literature

കവിതയുടെ ദാര്‍ശനിക ഭൂപടം

ഞാന്‍ ഇവിടെയുണ്ട്'' എന്ന് ധീരമായി ഈ ലോകത്തോട് വിളിച്ചു പറയാന്‍ കഴിയുന്നത്.

Published by

കെ. കനകരാജ്

കാലത്തിന്റെ അനിവാര്യതയാണ് കവിത. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ സര്‍ഗ്ഗാത്മകമായ തുടിപ്പുകളും ഉരുവമാര്‍ന്നത് സന്ദര്‍ഭാനുഗതമായ ഒരു നിര്‍ദ്ദേശ തന്ത്രത്തില്‍ നിന്നാണ്.

അതിനെ ദൈവേച്ഛയെന്നോ, ഈ മഹാജൈവ പരമ്പരയിലെ സുകൃതശാലിയായ ഏതോ ഒരു ജീവകണത്തിന്റെ സ്വാധീനമെന്നോ, വ്യവഹരിക്കാവുന്നതാണ്. ”ഭൗതികവാദത്തിലൂടെ അനാവരണം ചെയ്യാനാവാത്ത ഒരു സത്യവുമില്ലെന്ന ധാരണ ശാസ്ത്രയുഗത്തിന്റെ അന്ധവിശ്വാസങ്ങളില്‍ ഒന്നാണ്” എന്ന് ഡോ. എം. ലീലാവതി ടീച്ചര്‍ കുറിച്ചതിന്റെ അര്‍ത്ഥവും മറ്റൊന്നല്ല.

സര്‍ഗ്ഗാത്മകതയുടെ ധ്യാനഭൂമിയില്‍ ഒരിക്കല്‍ പ്രവേശിച്ചാല്‍ പിന്നൊരു പിന്‍മടക്കം സാധ്യമല്ല. കാരണം, അത് ആത്യന്തികമായൊരു അവബോധമാണ്. ഈ പ്രത്യക്ഷ ലോകത്തുനിന്നും കിട്ടുന്ന അറിവുകളെല്ലാം മനസ്സിന്റെ വിളഭൂമിയില്‍ പതിക്കുകയും, കാലാന്തരത്തില്‍ അവ രചനാരൂപം പൂണ്ട് അവതരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് എഴുത്തുകാരന്‍ എന്നും അസ്വസ്ഥചിത്തനാണെന്ന് പറയപ്പെടുന്നത്.

മുരളി മങ്കരയുടെ 94 കവിതകള്‍- ‘നാവില്ലാക്കുന്നിലപ്പന്‍’ (2009 സെപ്തംബര്‍) വെയില്‍ (2011 ആഗസ്റ്റ്), ആകാശം തൊട്ട കടല്‍ (2018-ഒക്‌ടോബര്‍) എന്നീ മൂന്ന് കാവ്യ സമാഹാരങ്ങളിലായി ബാലചന്ദ്രന്‍ വടക്കേടത്ത്, ശിവശങ്കരന്‍ മണ്ണൂര്‍, വിനോദ് മങ്കര എന്നിവരുടെ വിസ്തൃതമായ ആമുഖ പഠനത്തോടെ സമാഹരിച്ചിരിക്കുന്നു.

മുരളി മങ്കരയുടെ കവിതകളിലൂടെ പര്യവേക്ഷണം ചെയ്യുമ്പോള്‍, ഒരു കാര്യം വ്യക്തമാണ്. അവ അനുഭവാവിഷ്‌കരണത്തെക്കാള്‍ ആത്മദര്‍ശന സാക്ഷാത്ക്കാരമാണെന്നു കാണാം. അതുകൊണ്ട് കൂടുതല്‍ ചിന്തിക്കുമ്പോഴും കുറച്ച് എഴുതുന്ന ശീലം- മിതത്വം പാലിക്കപ്പെടുന്നു.

”പരിഭ്രമത്തിലാണ് ഞാന്‍

കവിത വരാവുന്ന വഴികളിലെല്ലാം

സ്വപ്‌നങ്ങള്‍ക്ക് വഴിമാറിക്കൊടുത്ത്

കണ്‍തുറന്നു നടപ്പാണു ഞാന്‍”

ഈ ജാഗ്രത, അന്വേഷണം, കാത്തിരിപ്പ്-എല്ലാം ഒരു നല്ല കവിത പിറക്കുന്നതിനുവേണ്ട അനുഷ്ഠാനങ്ങളാണ്. ഒരു വ്രതശുദ്ധിയോടെ സൗന്ദര്യം കൂടി ഉള്‍ച്ചേരുന്നതാണ് മുരളി മങ്കരയുടെ കവിതകള്‍.

കവി പ്രകൃത്യുപാസകനാണ്, സൗന്ദര്യാരാധകനാണ്, ജീവിത നിരീക്ഷണ പടുവാണ്. ഇതെല്ലാം ചേര്‍ന്നതാണ് കവിതയുടെ ദാര്‍ശനിക ഭൂപടം. വിരിഞ്ഞുനില്‍ക്കുന്ന ഒരു താമരയുടെ അലൗകിക സൗന്ദര്യത്തില്‍ ലയിച്ച്, ഈ വിശ്വചേതനയെ മറന്നു നില്‍ക്കാന്‍ ഒരു കവിക്കേ കഴിയൂ. ആ അനുഭൂതി മറ്റൊരു ഹൃദയത്തിലേക്കു പകരാനായാല്‍ അത് കവിതയുമായി. മുരളി മങ്കരയുടെ കവിതകളില്‍ ആ സാധ്യത ധാരാളം.

പുരോഗമന സാഹിത്യം, ജീവല്‍ സാഹിത്യം, ആധുനികത, ഉത്തരാധുനികത തുടങ്ങിയ സാഹിത്യ പ്രസ്ഥാനങ്ങളും. ക്ലാസിസം, റൊമാന്റിസം, റിയലിസം മുതലായ ഇസങ്ങളും ഇവിടെ തകര്‍ത്താടിയിട്ടും, സാഹിത്യ-കലകളുടെ മൂലസ്ഥിതിയില്‍ മാറ്റമൊന്നും സംഭവിച്ചില്ല, ഉപരിപ്ലവമായ ചലനങ്ങള്‍ ഒഴിച്ചാല്‍. അതുകൊണ്ടാണ് മുരളി മങ്കരക്ക്  

”ഞാന്‍ ഇവിടെയുണ്ട്

കയ്യൊപ്പിലെ  

തള്ളവിരല്‍ സത്യംപോലെ

പാടി പതം പറഞ്ഞ്

പിരിഞ്ഞു പോകാത്ത

കവിതകള്‍ക്കൊപ്പം

ഞാന്‍ ഇവിടെയുണ്ട്” എന്ന് ധീരമായി ഈ ലോകത്തോട് വിളിച്ചു പറയാന്‍ കഴിയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by