ജക്കാര്‍ത്ത: വിമാന ദുരന്തത്തിന്റെ നടുക്കം മാറും മുന്‍പ് ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. സുലവേസി ദ്വീപിലെ മമജു നഗരത്തില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ ഭൂചലനത്തില്‍ കുറഞ്ഞത് 35 പേരെങ്കിലും മരിച്ചു. അറുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരം.
മരണം കൂടിയേക്കാം. രണ്ടായിരത്തോളം പേര് ജീവന് രക്ഷിക്കാന്‍ വീടുവിട്ടു. ആശുപത്രികളും വീടുകളും ബഹുനിലക്കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. ഭൂചലനത്തോടെ പലയിടങ്ങളിലും മണ്ണിടിച്ചിലുമുണ്ടായി. അതേസമയം, സുനാമി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.
റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവ കേന്ദ്രം മമജു നഗരത്തില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ വടക്കു പടിഞ്ഞാറു ഭാഗത്ത് പത്തു കിലോമീറ്റര്‍ ആഴത്തിലാണ്. ആറേഴു സെക്കന്റോളം ശക്തമായ കുലുക്കം അനുഭവപ്പെട്ടതായും ജനങ്ങള്‍ വീടുവിട്ട് ഓടിയതായും മുന്നൂറിലേറെ വീടുകള്‍ തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു. അനവധി വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിയിട്ടുണ്ട്. ഇവരെ പൂര്‍ണ്ണമായും പുറത്തെടുത്തു കഴിഞ്ഞാല്‍ മാത്രമേ മരണമെത്രയെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ.
ജനങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഭൂചലനം അനുഭവപ്പെട്ടത് എന്നതിനാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ വളരെക്കൂടുതല്‍ പേരുണ്ടാകാം. മനക്കര ആശുപത്രിയുടെ എട്ടു നിലക്കെട്ടിടം പൂര്‍ണമായും നിലംപൊത്തി. ഇതിനടിയില്‍ നൂറുകണക്കിന് പേരുണ്ടാകാമെന്നാണ് ആശങ്ക. മിത്ര ആശുപത്രിയും തകര്‍ന്നു. അഞ്ചു നഴ്സുമാരും നിരവധി രോഗികളും കെട്ടിടാവശിഷ്ടങ്ങള്ക്കിടയിലുണ്ടെന്നാണ് സൂചന. 24 മണിക്കൂറിനുള്ളില്‍ നിരവധി ചെറിയ ചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനസാന്ദ്രതയേറിയ, ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ദ്വീപാണ് സുലവേസി.
വ്യാഴാഴ്ചയും സാമാന്യം ശക്തമായ, റിക്ടര്‍ സ്കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2018ലുണ്ടായ ഭൂചലനത്തില്‍ ഇന്തോനേഷ്യയില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇന്തോനേഷ്യയിലെ ശ്രീ വിജയ എയര്‍വേയ്സിന്റെ ബോയിങ്ങ് വിമാനം കടലില്‍ തകര്‍ന്നു വീണ് 62 പേര് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: