പ്രൊഫ. ബി. വിജയകുമാര്‍
(സാമ്പത്തിക വിദഗ്ധനാണ് ലേഖകന്‍)
കേരള ബജറ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗമാണ് ധനമന്ത്രി തോമസ് ഐസക് നടത്തിയത്. കോവിഡാനന്തര പുലരിയെ സ്വാഗതം ചെയ്ത തോമസ് ഐസക് ജനങ്ങളുടെ കയ്യില്‍ പണം എത്തിക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയില്ല.
ബജറ്റിന് വെളിയിലുള്ള വികസന ധനസമാഹരണം ധനമന്ത്രിയുടെ ഒരു ദൗര്ബ്ബല്യമായിട്ടുണ്ട്. 2016-17 ലെ ബജറ്റ് പ്രസംഗത്തിലാണ് കിഫ്ബി വഴിയുള്ള വികസനം ആദ്യം പ്രഖ്യാപിച്ചത്. കിഫ്ബി വഴി, ബജറ്റിന് വെളിയിലുള്ള വായ്പകള്‍ സംസ്ഥാനത്തിന് ബാധ്യതയാകും എന്ന സി.എ.ജി.യുടെ കണ്ടെത്തല്‍ ധനമന്ത്രിയെ അസ്വസ്ഥനാക്കി. ഇതോടെ കേന്ദ്രം, കേരള വികസനത്തെ തകര്‍ക്കുന്നു എന്നായി.
അസംബ്ലിയില്‍ വയ്ക്കുംമുമ്പേ രാഷ്ട്രീയ ലാഭത്തിനായി സി.എ.ജി. റിപ്പോര്‍ട്ട് ചോര്‍ത്തി. ഇത്തരം രാഷ്ട്രീയം കേരളത്തെ രക്ഷിക്കില്ല. അറുപതിനായിരം കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ട് നാലര വര്‍ഷംകൊണ്ട് അയ്യായിരത്തി നാനൂറ് കോടി മാത്രമാണ് ചെലവാക്കിയത്. രണ്ട് മാസം മുമ്പ് ധനമന്ത്രി തന്നെ ഇത് സമ്മതിച്ചതാണ്. എന്നാല്‍ പതിനയ്യായിരം കോടി രൂപയുടെ കിഫ്ബി പദ്ധതി ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കിയെന്നാണ് ബജറ്റ് പ്രസംഗം. കിഫ്ബി പോലെ മറ്റൊരു സ്റ്റാറ്റിയൂട്ടറി സംവിധാനമാണ് വികസനത്തിനായി ബജറ്റില്‍ പറയുന്ന പുതിയ സംവിധാനം, കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍. ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ഇരുപത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ബജറ്റ് വാഗ്ദാനം ഈ സംവിധാനം വഴിയാകും നടപ്പാക്കുക.
കേന്ദ്രത്തെ അംഗീകരിച്ചു
കേന്ദ്രത്തെ വിമര്‍ശിച്ചാണ് ധനമന്ത്രി പ്രസംഗം തുടങ്ങിയത്. ബജറ്റിന് വെളിയില്‍ കടമെടുക്കാന്‍ കേന്ദ്രം നിയന്ത്രണം കൊണ്ടുവരുന്നു, വായ്പയില്‍ നിബന്ധനകള്‍ വയ്ക്കുന്നു എന്നൊക്കെ. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളും സ്വീകരിക്കുന്ന നിബന്ധനകള്‍ എന്തുകൊണ്ട് കേരളത്തിന് സ്വീകരിച്ചുകൂടാ. റെയില്‍ വികസനത്തിന് കേന്ദ്രവും കേരളവും ഒരുമിച്ച് രൂപീകരിക്കുന്ന കമ്പനി വേണമെന്നും സംസ്ഥാനം പകുതി ചെലവ് വഹിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചപ്പോള്‍ സംസ്ഥാനം വഴങ്ങാതിരുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് മാത്രമാണ്. തെരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ എത്തിനില്ക്കുമ്പോള് ശബരി റെയില്‍വേ ലൈന്‍ ആരംഭിക്കാന്‍ കേന്ദ്ര നിബന്ധന കേരളം അംഗീകരിച്ചു. കിഫ്ബിയില്‍ നിന്നും രണ്ടായിരം കോടി രൂപാ നല്കാന് തീരുമാനമായി.
ഗെയില്‍ പദ്ധതി നടപ്പായതും ഹൈവേകളുടെ ത്വരിത വികസനവും കേരളത്തിന്റെ കണ്ണ് തുറപ്പിച്ചു എന്നു കരുതാം. ഐസക്കിന്റെ അവസാന ബജറ്റ് പ്രസംഗം പരോക്ഷമായെങ്കിലും നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പദ്ധതികളെ അംഗീകരിക്കുന്നുണ്ട്. സംരംഭകത്വം, നൈപുണ്യവികസനം, ഡിജിറ്റൈസേഷന് തുടങ്ങിയ കേന്ദ്രപദ്ധതികള്‍ സംസ്ഥാനവും സ്വീകരിച്ചതായി ബജറ്റ് സൂചിപ്പിക്കുന്നു. അഞ്ച് വര്‍ഷം മുമ്പ് സദ്ബുദ്ധി ഉദിച്ചിരുന്നെങ്കില്‍ സംസ്ഥാന വികസനം വേഗത്തിലാകുമായിരുന്നു.
ഉത്പാദന മേഖലയില്‍ തൊഴിലവസരം ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണ വികസന പദ്ധതിയുടെയും റൂര്‍ബന്‍ മിഷന്റെയും സാദ്ധ്യത ധനമന്ത്രിയുടെ വാക്കുകളിലുണ്ട്. ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ വ്യവസായ ക്ലസ്റ്ററുകള്‍ തുടങ്ങും. ഇതിന് രണ്ടായിരം കോടി നീക്കിവയ്ക്കും. ആയിരത്തില്‍ അഞ്ച് പേര്‍ക്ക് എന്ന രീതിയില്‍ ഇതുവഴി തൊഴില്‍ നല്‍കും. ഇത്തരം പ്രഖ്യാപനങ്ങള്‍ വ്യക്തമാക്കുന്നത് കേന്ദ്രപദ്ധതികളോടുളള എതിര്‍പ്പ് വെറും രാഷ്ട്രീയമായിരുന്നു എന്നാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ മറ്റൊരു കോവിഡാനന്തര പദ്ധതിയാണ് ഗരീബ് കല്യാണ്‍ യോജന. വഴിയോര കച്ചവടക്കാരെ സഹായിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും പണമെടുക്കാമെന്ന ബജറ്റ് നിര്‍ദ്ദേശം മോദി സര്‍ക്കാരിനുള്ള അംഗീകാരമാണ്. കാരണം തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ഫണ്ടില്‍ കേന്ദ്രവിഹിതവും ഉണ്ട്.
കോവിഡാനന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ബജറ്റാണ് ഐസക് അവതരിപ്പിച്ചത്. കോവിഡ് പ്രതിരോധത്തിന് ഏറ്റവും അധികം പ്രയത്നിച്ചത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. ഇതുമൂലം അവയില്‍ പലതിന്റേയും സാമ്പത്തിക സ്ഥിതി താറുമാറായി. ആയിരംകോടി രൂപയാണ് ധനമന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചത്. ‘സ്പെഷ്യല്‍ പര്‍പ്പസ് ഫണ്ട്’ എന്ന തരത്തില്‍ അനുവദിക്കുന്ന തുക മൂന്നര ശതമാനത്തില്‍ നിന്നും നാലര ശതമാനം ആയി മാത്രമാണ് വര്‍ദ്ധിപ്പിച്ചത്. ഇത്തരത്തില്‍ ആയിരത്തിലധികം സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത് വളരെ ചെറിയ തുകയായിരിക്കും. കോവിഡ് പ്രതിരോധം മൂലം ഉണ്ടായ അധിക ബാദ്ധ്യത തരണം ചെയ്യാന്‍ ഈ തുക അപര്യാപ്തമാണ്.
തൊഴിലുറപ്പിലും കേന്ദ്രത്തെ പിന്തുടര്ന്ന്
കേന്ദ്രസര്‍ക്കാര്‍ എം.എന്‍.ആര്.ഇ.ജി.എസ്. പദ്ധതിയോട് (തൊഴിലുറപ്പ് പദ്ധതി) സ്വീകരിക്കുന്ന നിലപാടിന്റെ വിമര്‍ശകനായിരുന്നു ധനമന്ത്രി. എന്നാല്‍ കേന്ദ്രം പടിപടിയായി തൊഴിലുറപ്പ് പദ്ധതിയുടെ തുകയും പ്രവര്‍ത്തന ദിവസവും വര്‍ദ്ധിപ്പിച്ചു. കുറഞ്ഞത് എഴുപത്തഞ്ച് ദിവസത്തെ ജോലി, സാങ്കേതികവിദ്യ നേടിയവരെയും പദ്ധതിയുടെ ഭാഗമാക്കി. നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. ഈ കേന്ദ്ര ആശയങ്ങള്‍ ബജറ്റ് പ്രസംഗത്തിലുണ്ട്. എന്നാല്‍ മഹാത്മാഗന്ധി തൊഴിലുറപ്പ് പദ്ധതിയെ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയാക്കാനുള്ള ശ്രമം ഉണ്ടോയെന്ന് സംശയിക്കണം. കാരണം അയ്യന്‍കാളി പദ്ധതിക്ക് നൂറ് കോടി രൂപാ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ തൊഴിലില്ലായ്മ 10.8% ആണ് എന്ന് ബജറ്റില്‍ സമ്മതിക്കുന്നുണ്ട്. എട്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അവയില്‍ അഞ്ച് ലക്ഷം കാര്‍ഷിക മേഖലയില്‍ ആയിരിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ എങ്ങനെ നടപ്പാക്കുമെന്ന് പറയുന്നില്ല. കേന്ദ്ര കാര്‍ഷിക നിയമത്തെ തള്ളിയവര്‍ക്ക് കാര്‍ഷിക രംഗത്തിന് എന്ത് ബദല്‍ നിര്‍ദ്ദേശമാണ് ഉള്ളത്? കാര്‍ഷിക രംഗത്ത് സ്വകാര്യ മുതല്‍മുടക്ക് വേണ്ടാ എന്നാണെങ്കില്‍ പദ്ധതി ലക്ഷ്യം കാണില്ലായെന്ന് ഉറപ്പ്.
ഡിജിറ്റല്‍ ഇന്ത്യയല്ലേ ഡിജിറ്റല്‍ കേരളവും
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈജ്ഞാനിക സമ്പദ്വ്യവസ്ഥയാക്കും എന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അമ്പത് കോടി, ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്കുന്ന 2500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍, നൈപുണ്യവികസനത്തിന് നാല്പത് കോടി, അന്‍പത് ലക്ഷം പേര്‍ക്ക് തൊഴില്‍ പരിശീലനം എന്നൊക്കെയാണ് പ്രഖ്യാപനങ്ങള്‍. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സ്കില്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് – സ്റ്റാന്റപ്പ് പദ്ധതികള്‍ എന്നിവയെപ്പറ്റി കേട്ടതായിപ്പോലും ധനമന്ത്രിക്ക് ഭാവമില്ല. അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ കെ-ഫോണ്‍ പദ്ധതി ജൂലൈയില്‍ പൂര്‍ത്തിയാക്കുമെന്ന് ബജറ്റില്‍ പറയുന്നു. പാവപ്പെട്ട ഇരുപത് ലക്ഷം കുടുംബങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതി ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ധനമന്ത്രി പറയുമോ?
റബറും കൃഷിയും
2016-17 ലെ ബജറ്റില്‍ റബ്ബര്‍ കര്‍ഷകര്‍ക്കായി 500 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപിച്ചിരുന്നു. കുറച്ചുകാലം നാമമാത്രമായി കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചു. എന്നാല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ 170 രൂപാ തറവില എന്ന് മാത്രമാണ് പ്രഖ്യാപനം. റബ്ബര്‍ സംഭരിക്കാതെ കര്‍ഷകര്‍ക്ക് വില ലഭിക്കില്ലല്ലോ. അതുപോലെ തന്നെയാണ് നെല്ലിനും നാളികേരത്തിനുമുള്ള താങ്ങുവിലയുടെ നാമമാത്രമായ വര്‍ദ്ധനവും.
കാര്‍ഷിക രംഗത്ത് മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ക്കായി കേരള റബ്ബര്‍ ലിമിറ്റഡ്, റൈസ് ടെക്നോളജി പാര്‍ക്ക് എന്നിവയെല്ലാം ആരംഭിക്കാനുള്ള നിര്‍ദ്ദേശമുണ്ട്. എന്നാല്‍ മന്ത്രിയുടെ സ്വന്തം പാര്ട്ടിക്കാര് കോട്ടയത്ത് തുടങ്ങിയ റബ്കോയുടെയും പെരുമ്പാവൂര്‍ ഐരാപുരത്തുള്ള റബ്ബര്‍ പാര്‍ക്കിന്റെയും അവസ്ഥയെന്തെന്ന് ആരും അന്വേഷിക്കുന്നില്ല.
കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി ചെന്നൈ ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമാണെന്ന് ബജറ്റില്‍ പറയുന്നു. അതുപോലെതന്നെ വിഴിഞ്ഞം പദ്ധതിയെ എതിര്‍ത്തവര്‍ തുറമുഖവുമായി ബന്ധപ്പെട്ട തിരുവനന്തപുരം നഗരത്തിന്റെ വികസനം അനിവാര്യമാണെന്ന് പറഞ്ഞതും സ്വാഗതാര്‍ഹം തന്നെയാണ്.
സര്‍വ്വകലാശാലകളുടെ നിലവാരത്തില്‍ കേരളം വളരെ പിറകിലാണെന്ന് ബജറ്റ് പ്രസംഗത്തില്‍ സമ്മതിക്കുന്നുണ്ട്. ലോക സര്‍വ്വകലാശാലകളുടെ റാങ്കിംഗില്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ 600-നും 700-നും ഇടയിലാണ്. വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ മുന്നേറ്റം എന്ന പ്രചരണം നീര്‍ക്കുമിള മാത്രമാണെന്നാണ് ഇത് കാണിക്കുന്നത്.
തൊഴില്‍ പോയവര്‍ക്ക് ഒന്നുമില്ല
തോമസ് ഐസക്കിന്റെ ബജറ്റിലുള്ള ഏറ്റവും വലിയ പോരായ്മ കോവിഡിന്റെ ഫലമായി തൊഴിലും ജീവിതവും നഷ്ടപ്പെട്ടവര്‍ക്കായുള്ള ആശ്വാസപദ്ധതികള്‍ ഒന്നും ഇല്ലായെന്നതാണ്. മദ്യവും ലോട്ടറിയും മാത്രം വരുമാനമാര്‍ഗ്ഗമുള്ള സര്‍ക്കാരിന് മറ്റൊന്നും ചെയ്യാന്‍ സാധ്യമല്ല.
അതുപോലെ തന്നെ എം.എസ്.എം.ഇ.കളുടെ പുരോഗതിക്കായുള്ള നിര്‍ദ്ദേശങ്ങളൊന്നും ബജറ്റ് പ്രസംഗത്തില്‍ ഇല്ല. ഒരു ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ ജി.എസ്.ടി. പിരിവ് ഝാര്‍ഖണ്ഡ് സംസ്ഥാനത്തിനും പിന്നിലാണ്. നമ്മുടെ നികുതി വരുമാനം മൂന്നിലൊന്നായി ചുരുങ്ങി. ഇതിന് ഉത്തരം പറയേണ്ടത് ധനമന്ത്രിയാണ്. ക്ഷേമ പെന്ഷന് 1600 രൂപ, ആശാ വര്‍ക്കര്‍മാരുടെ അലവന്‍സ് 1000 രൂപ, തിരിച്ചുവരുന്ന പ്രവാസികളുടെ വെല്‍ഫെയര്‍ ഫണ്ടിലേക്കായി 200 രൂപ, പത്രപ്രവര്‍ത്തകരുടെ പെന്ഷന് 1000 രൂപ എന്നതരത്തില്‍ വര്‍ദ്ധിപ്പിച്ചത് ഒഴികെ ജനങ്ങളുടെ കൈയ്യില്‍ നേരിട്ട് പണം എത്തിക്കുന്ന വാഗ്ദാനങ്ങള്‍ ഒന്നും ബജറ്റിലില്ല.
നാളികേരത്തിന് 75 കോടി രൂപയും കാപ്പിക്ക് 5 കോടി രൂപയും നെല്ലിന് 116 കോടി രൂപയും ചിലവാക്കുന്ന പദ്ധതികള്‍ ഒഴിച്ചാല്‍ കാര്‍ഷിക മേഖലയ്ക്കായി ഒന്നുംതന്നെ ഈ ബജറ്റില്‍ ഇല്ല. കേന്ദ്രനിയമത്തിനെതിരെ പ്രമേയം പാസാക്കിയപ്പോള്‍ കണ്ട കര്‍ഷക പ്രേമം ബജറ്റില്‍ കാണാനില്ല. നടന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യകിറ്റ് വിതരണം തുടരും എന്നത് ഒരു തെരഞ്ഞെടുപ്പ് തന്ത്രമായേ കാണാന്‍ കഴിയൂ.
സംസ്ഥാന ജീവനക്കാരുടെ ശമ്പളപരിഷ്കരണ റിപ്പോര്‍ട്ട് ഈ മാസം 31-ന് പ്രഖ്യാപിക്കും. എന്നാല്‍ അതിനായുള്ള തുക ബജറ്റില്‍ നീക്കിവച്ചതായി കാണുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വാഗ്ദാനങ്ങളുടെ പെരുമഴയായി മാത്രമേ തോമസ് ഐസക്കിന്റെ ബജറ്റിനെ കാണാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: