കെ. സുരേന്ദ്രന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍
ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ‘ജനങ്ങളെ കബളിപ്പിക്കുന്ന’ ബജറ്റ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിലുള്ള കടക്കെണിയിലേക്ക് തള്ളിവിടും. മൂന്ന് ലക്ഷം കോടി പൊതുകടത്തില്‍ നിന്നും 5 ലക്ഷം കോടിയിലേക്ക് കേരളത്തെ എത്തിക്കുന്ന തലതിരിഞ്ഞ സാമ്പത്തിക നയമാണ് തോമസ് ഐസക്കിന്റേത്. സമ്പദ്ഘടനയെ സുശക്തമാക്കി കേരളത്തെ കടത്തില്‍ നിന്നും മോചിപ്പിക്കാനുള്ള ഒരു ശ്രമവും ബജറ്റില്‍ ഇല്ല. കര്‍ഷകര്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന ഇടതുസര്‍ക്കാരില്‍ നിന്ന് കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷിക്കാനൊന്നുമില്ല. പച്ചക്കറി,നെല്ല് തുടങ്ങി വിവിധ കാര്‍ഷികോത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താന്‍ 15 അഗ്രോപാര്‍ക്കുകള്‍ തുടങ്ങുമെന്നാണ് പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി പറഞ്ഞത്. 5 വര്‍ഷം കഴിഞ്ഞിട്ടും അഗ്രോപാര്‍ക്കിന്റെ പണി തുടങ്ങാന്‍ മാത്രമാണ് സര്‍ക്കാരിന് സാധിച്ചത്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒരു വര്‍ഷം കൊണ്ട് 8 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. 2016 ല്‍ എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ നല്കിയ വാഗ്ദാനം 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു. സ്വര്‍ണ്ണക്കടത്തുകാര്‍ക്കും സിപിഎം ക്രിമിനലുകള്‍ക്കുമല്ലാതെ ആര്‍ക്കാണ് ഈ സര്‍ക്കാര്‍ തൊഴില്‍ നല്‍കിയത്. ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്നം തകര്‍ത്ത്, പിഎസ്സിയെ അട്ടിമറിച്ച് പിന്‍വാതില്‍ നിയമനം വഴി 3 ലക്ഷം പേര്‍ക്ക് ജോലി നല്‍കുക വഴി അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച സര്‍ക്കാരാണിത്. കോവിഡാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയത് എന്ന വാദം വസ്തുതാപരമല്ല. കൊവിഡിന് മുമ്പ് തന്നെ കേരളത്തിന്റെ സാമ്പത്തിക രംഗം തകര്‍ന്നിരുന്നു.
കഴിഞ്ഞ 5 വര്‍ഷമായി കെഎസ്ആര്‍ടിസിക്ക് വാങ്ങിക്കും എന്ന് പറഞ്ഞ ബസുകള്‍ എത്രയാണെന്നും വാങ്ങിച്ച ബസുകള്‍ എത്രയാണെന്നും ധനമന്ത്രി വ്യക്തമാക്കണം. കുറേ ബസുകള്‍ എല്ലാ കാലത്തും കട്ടപ്പുറത്ത് ആകുകയല്ലാതെ പുതുതായി ഒന്നും വാങ്ങിക്കാറില്ല. പിന്നെ എല്ലാം ഒരു ആചാരം പോലെ പറഞ്ഞു പോവുകയാണ് ധനമന്ത്രി. ഇത്തരം കണ്ണില്‍ പൊടിയിടല്‍ മാത്രമാണ് ഈ സര്‍ക്കാരിന്റെ ട്രാക്ക് റെക്കോര്‍ഡ്. എല്ലാ വര്‍ഷവും കയ്യടിവാങ്ങാന്‍ നടത്തുന്ന പ്രഖ്യാപനങ്ങളല്ലാതെ ഒന്നുമില്ല. നരേന്ദ്രമോദി ഡിജിറ്റല്‍ ഇന്ത്യ കൊണ്ടുവന്നപ്പോള്‍ പട്ടിണി മാറുമോ എന്ന് ചോദിച്ച് പരിഹസിച്ചവര്‍ ഇപ്പോള്‍ മോദിയുടെ പദ്ധതി വികൃതമാക്കി അനുകരിക്കുകയാണ്.
കമ്പ്യൂട്ടറൈസൈഷന്‍ ജനങ്ങളെ കാര്‍ന്നുതിന്നുവെന്നും കമ്പ്യൂട്ടര്‍, ബകനാണെന്നും പറഞ്ഞ ഐസക്ക് തന്നെയാണ് ലാപ്പ്ടോപ്പ് എല്ലാ വീട്ടിലും എത്തിക്കുമെന്ന് പറയുന്നത്. ഡിജിറ്റല്‍ ഇന്ത്യ വന്‍വിജയമാണെന്ന് ഇനിയെങ്കിലും കമ്മ്യൂണിസ്റ്റുകാര്‍ അംഗീകരിക്കണം. എല്ലാവീട്ടിലും തൊഴില്‍ എത്തിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ ഭേദഗതി കൊണ്ടുവന്നപ്പോള്‍ തൊഴില്‍ നിയമങ്ങളുടെ ലംഘനം, തൊഴിലാളിവിരുദ്ധം എന്നെല്ലാം പ്രസംഗിച്ചവരാണ് ഇടതുപക്ഷക്കാര്‍. ഇപ്പോള്‍ എന്താ തൊഴില്‍ നിയമങ്ങള്‍ മറന്നുപോയോ? സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ ബജറ്റ്. ഈ ബജറ്റില്‍ എന്തെങ്കിലും നേട്ടമുണ്ടെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ മാത്രമാണ്. കെ.എസ്.ഇ.ബിയുടെ എല്‍.ഇ.ഡി ബള്‍ബും അങ്കണവാടി ടീച്ചേഴ്സിനും ആശാ വര്‍ക്കര്‍മാര്‍ക്കും ശമ്പളം കൂട്ടിയതും തൊഴിലുറപ്പ് പദ്ധതിയും, കുടുംബശ്രീയും കേന്ദ്രസര്‍ക്കാരിന്റേതാണ്. 10 വര്‍ഷത്തെ കേന്ദ്രസഹായം വെച്ച് ധവളപത്രം ഇറക്കാന്‍ തോമസ് ഐസക്കിന് ധൈര്യമുണ്ടോ? 4 വര്‍ഷം ഭരിച്ച യു.പി.എ സര്‍ക്കാര്‍ ഓരോ വര്‍ഷവും കേരളത്തിന് അനുവദിച്ച പണവും 6 വര്‍ഷമായി ഭരിക്കുന്ന മോദി സര്‍ക്കാര്‍ അനുവദിക്കുന്ന പണവും എത്രയെന്ന് ജനങ്ങള്‍ അറിയട്ടെ.
സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് വേണ്ടിയുള്ള ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഒന്നും ബജറ്റില്‍ ഇല്ല. ദീര്‍ഘകാല അടിസ്ഥാനത്തില്‍ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ കേരളത്തിന്റെ പൊതുകടം കുറയ്ക്കാനാവൂ. എന്നാല്‍ ധനമന്ത്രി അടിസ്ഥാന സൗകര്യ മേഖലയെ പൂര്‍ണ്ണമായും അവഗണിച്ചു. ഇതുതന്നെയാണ് ബി.ജെ.പിയുടേയും ഇടതുപക്ഷത്തിന്റെയും വികസനത്തോടുള്ള സമീപനത്തിന്റെ വ്യത്യാസം. വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് സുവര്‍ണ ചതുഷ്ക്കോണ പദ്ധതി കൊണ്ടുവന്നാണ് രാജ്യത്തെ റോഡ് പരിഷ്കരണം നടപ്പിലാക്കിയത്. ഒരു ദിവസം ഇത്ര കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചാണ് പദ്ധതി നടപ്പാക്കിയത്.
യു.പി.എ കാലത്ത് മന്ദീഭവിച്ച പദ്ധതി നരേന്ദ്രമോദി അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും ഉര്‍ജ്ജിതമാക്കി. ഇത്തരം വന്‍കിട പദ്ധതികള്‍ ഇല്ലാതെ എങ്ങനെയാണ് നാടിന്റെ പുരോഗതി സാധ്യമാക്കുക? ബജറ്റിന്റെ പുറത്തുള്ള ഓഡിറ്റിങ് ഇല്ലാത്ത കിഫ്ബി വഴി തുക വകയിരുത്തും എന്ന് ബജറ്റ് അവതരണത്തില്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഒന്നുകില്‍ കിഫ്ബിയെ ബജറ്റില്‍ നിന്നും ഒഴിവാക്കണം. അല്ലെങ്കില്‍ കിഫ്ബി ഓഡിറ്റിങ്ങിന് വിധേയമാക്കണം. ഓഡിറ്റിങ്ങിനെയും എതിര്‍ക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തിയതും സി.എ.ജിക്കെതിരെ തിരിഞ്ഞതും ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്ത് ആറ്റിലെ മണലെടുത്ത് കേരളത്തെ ഗള്‍ഫാക്കുമെന്ന് പറഞ്ഞ ആളാണ് ഐസക്ക്. അതേപോലെ തിരുവനന്തപുരം ഐ.ടി ഇടനാഴി പ്രഖ്യാപിച്ചതും ഇതേ മന്ത്രിയായിരുന്നു. ഐസക്കില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ല. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനോ നികുതി തിരിച്ചുപിടിക്കാനോ ഒരു ശ്രമവും ബജറ്റില്‍ ഇല്ല. വന്‍കിട വാറ്റ് കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ഒരു നീക്കവും ഇല്ല. വന്‍കിട മുതലാളിമാരെ പ്രീണിപ്പിക്കാനാണ് നികുതി പിരിക്കാത്തത്. കേന്ദ്രസര്‍ക്കാര്‍ കൃത്യമായി നികുതി പിരിക്കുന്നത് കൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് ഇത്രയം പണം നല്കാനാവുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: