തിരുവനന്തപുരം: ഊരൂട്ടമ്പലം വലിയതറഗ്രാമത്തില് നിന്ന് ആറര പതിറ്റാണ്ട് മുമ്പ് ബാലകൃഷ്ണന് നായര്‍ നഗരത്തിലെത്തിയതിനു കാരണം വീട്ടിലെ ദാരിദ്ര്യം വന്നുപെട്ടത് തമ്പാനൂരില്‍. പട്ടിണിമാറാന്‍ പണം കിട്ടുന്ന ഒരു പണി കിട്ടി. പത്രവിതണം. പട്ടം താണുപിള്ളയുടെ ഉടമസ്ഥതയിലുള്ള കേരള ജനത എന്ന പത്രമായിരുന്നു അത്. പ്രധാനമായും സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളിലാണ് ഇടേണ്ടിയിരുന്നത്.
എന്‍എസ്എസിന്റെ പത്രമായി കുരുതിയിരുന്ന മലയാളി, തിരുവനന്തപുരത്തിന്റെ സ്വന്തം പത്രമായി കണ്ടിരുന്ന കേരളകൗമുദി, കൊല്ലത്തു നിന്നുള്ള മലയാള രാജ്യം, ജനയുഗം എന്നിവയുടേയും വിതരണം പിന്നീട് വന്നു. തമ്പാനൂരില്‍ കൃത്യമായി പത്രം വിതരണം ചെയ്യുന്ന ബാലകൃഷ്ണനെക്കുറിച്ച് അറിഞ്ഞ കെ.സുകുമാരന്‍, കേരള കൗമുദിയിലേക്ക് വിളിപ്പിച്ചു. പത്രത്തിന്റെ ഏജന്‍സി നല്‍കാനായിരുന്നു അത്. വെറും പത്രവിതരണക്കാരനില്‍ നിന്ന് ഉത്തരവാദിത്വം ഏറെയുള്ള ഏജന്റിലേക്ക്. പിന്നീട് എത്രയെത്ര പത്രങ്ങളുടെ ഔദ്യോഗിക ഏജന്റായി. മനോരമ, മാതൃഭൂമി, ദീപിക, ജന്മഭൂമി, മാധ്യമം, ഇന്ത്യന്‍ എക്സ്പ്രസ്, ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ…….. തുടങ്ങി എല്ലാ പത്രങ്ങളുടേയും അനന്തപുരിയുടെ ഹൃദയമായ തമ്പാനൂരിലെ നാട്ടുകാരുടെ മുന്നിലെ മുഖം ബാലകൃഷ്ണന് നായരായി. പത്രങ്ങളെല്ലാം മാതൃകയാക്കാന്‍ ഏജന്റുമാരോടു പറയൂന്ന പേരും തമ്പാനൂര്‍ ബാലകൃഷ്ണന് ആയി.
ആറര പതിറ്റാണ്ട് നീണ്ട പത്ര പ്രവര്‍ത്തനത്തില്‍നിന്ന് ബാലകൃഷ്ണന് നായര്‍ പുതുവര്‍ഷത്തില്‍ പിന്മാറി. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം കൊണ്ടുനടക്കാന്‍ പറ്റില്ലന്ന് ഉറപ്പായപ്പോള്‍. തികച്ചും സംതൃപ്തനായി. തനിക്ക് എല്ലാം നേടി തന്നത് പത്രങ്ങളാണെന്ന് ഉറക്കെ പറഞ്ഞാണ് മടക്കം. തമ്പാനൂര്‍ നഗര ഹൃദയത്തില്‍ 10 സെന്റ് സ്ഥലവും വീടും. നാലു മക്കളേയും നല്ല നിലയില്‍ പഠിപ്പിച്ചു. പെണ്മക്കളില് രണ്ടു പേര് അധ്യാപകര്‍, ഒരാള്‍ അഭിഭാഷക, മകന് പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണ്.
ഓരോ മാസത്തേയും ബില്‍ തുക അടയ്ക്കേണ്ട ദിവസത്തിന് മുന്‍പ് പത്രം ഓഫീസില്‍ അടച്ച് രസീത് വാങ്ങണം എന്ന നിര്‍ബന്ധം ബാലകൃഷ്ണന് നായര്‍ക്കുണ്ട്. അതില്‍ വലിയ പത്രം ചെറിയ പത്രം എന്ന വ്യത്യാസം ഒന്നുമില്ല. വരിക്കാര്‍ കുടിശ്ശിക വരുത്തി എന്നൊന്നും ഒരിക്കലും ആരോടും അദ്ദേഹം പറയില്ല. ഡിപ്പോസിറ്റായി പിടിച്ച പണം ബാലകൃഷണന് നായര്‍ക്ക് പത്രങ്ങള്‍ നല്കാന് ഉണ്ടെന്നല്ലാതെ അദ്ദേഹം ആര്‍ക്കും നല്കാനില്ല.
ഏജന്‍സി നിര്‍ത്തുമ്പോഴും ബാലകൃഷ്ണന് നായര്‍ മാതൃക കാട്ടി. വിശ്വസ്തനായ മറ്റൊരാളിലേക്ക് ഏജന്‍സികള്‍ ഔദ്യോഗികമായി കൈമാറിയതിനു ശേഷമാണ് പിന്മാറ്റം. ജന്മഭൂമിയുടെ തുടക്കം മുതല്‍ തമ്പാനൂരിലെ ഏജന്റ് ബാലകൃഷ്ണന് നായരായിരുന്നു. ഏജന്‍സി നിര്‍ത്തുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സേവനങ്ങളെ മുന്‍നിര്‍ത്തി ജന്മഭൂമി ആദരിച്ചു. ജന്മഭൂമി ഓഫീസില്‍ നടന്ന ചടങ്ങില്‍ റസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞിക്കണ്ണന്, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ പ്രസാദ് ബാബു, യുണിറ്റ് മാനേജര്‍ ആര്. സന്തോഷ് കുമാര്‍, സര്‍ക്കുലേഷന്‍ മാനേജര്‍ കെ.രമേശ്, ഡസ്ക്ക് ചീഫ് ആര് പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: