വിശാഖപട്ടണം: മുന്‍ ആന്ധ്രമുഖ്യമന്ത്രിയും ടിഡിപിനേതാവുമായ ചന്ദ്രബാബുനായിഡുവിന്റെ ക്രിസ്ത്യന്‍ വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ക്രിസ്ത്യന്മതവിഭാഗക്കാരനായ ടിഡിപി മുന്‍ എംഎല്‍എ ഫിലിപ് സി ടോര്‍ച്ചര്‍ രാജിവെച്ചു.
രാമതീര്‍ത്ഥം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദര്‍ശിച്ച ചന്ദ്രബാബു നായിഡു ക്രിസ്ത്യന്‍ മതവിഭാഗത്തിനെതിരെ കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ജഗ്മോഹന് റെഡ്ഡിയെ ക്രിസ്ത്യന്‍ മുഖ്യമന്ത്രി എന്ന് വരെ ചന്ദ്രബാബു നായിഡു വിശേഷിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മുന്‍ എംഎല്‍എ ഫിലിപ്പ് സി ടോര്‍ച്ചര്‍ രാജിവെച്ചത്.
2014 മുതല്‍ 2019 വരെ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ടോര്‍ച്ചര്‍. ചന്ദ്രബാബു നായിഡുവിന്റെ സമീപനത്തില്‍ അമ്പരപ്പുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.1983 മുതല്‍ 37 വര്‍ഷക്കാലം ടിഡിപി പ്രവര്‍ത്തകനായിരുന്നു ടോര്‍ച്ചര്‍.
അതേ സമയം ആന്ധ്രയില്‍ ഹിന്ദുസമുദായത്തിനെതിരെ കയ്യേറ്റങ്ങള്‍ വര്‍ധിച്ചുവരികയാണ്. 25,000 ഓളം ക്ഷേത്രങ്ങളുടെ ഭൂമി ജഗന്മോഹന് റെഡ്ഡിയുടെ അച്ഛന് വൈ. രാജശേഖരറെഡ്ഡിയുടെയും തുടര്‍ന്നുള്ള വിവിധ സര്‍ക്കാരുകളുടെയും കാലത്ത് പിടിച്ചെടുത്തതായി കണക്കുകള്‍ പറയുന്നു. ഏകദേശം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 150ഓളം ക്ഷേത്രങ്ങള്‍ ആന്ധ്രയില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു വിജയവാഡയിലെ രാമതീര്‍ത്ഥം ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം.
ടിഡിപി മുന്‍എംഎല്‍എയുടെ രാജിയോടെ ആന്ധ്രയില്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണമെന്ന വിഷയം കൂടുതല്‍ ചൂടുപിടിക്കുകയാണ്. ഇതിനിടെ ചന്ദ്രബാബുനായിഡു ഭരിക്കുന്ന കാലത്ത് 30ഓളം ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടു എന്ന കണക്കുകളുമായി ജഗന് മോഹന്‍ റെഡ്ഡി എത്തിയിരിക്കുകയാണ്. ആ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുമെന്ന നിലപാടിലൂടെ തന്റെ കാലത്ത് മാത്രമല്ല, തെലുഗുദേശം പാര്‍ട്ടിയുടെ ഭരണകാലത്തും ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു എന്ന വരുത്തിതീര്‍ക്കുകവഴി വിമര്‍ശനങ്ങളില്‍ നിന്നും തടിയൂരാനാണ് ജഗന്മോഹന് റെഡ്ഡി ശ്രമിക്കുന്നത്. എന്തായാലും ജഗന് മോഹന്റെ ഭരണകാലത്ത് ക്രിസ്ത്യന്‍ സമുദായത്തിന് കൂടുതല്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുക വഴി പരസ്യമായ ക്രൈസ്തവ പ്രീണനം നടക്കുകയാണ്. അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് ഒരു ക്രൈസ്തവ മതപ്രചാരകനാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പള്ളികള്‍ കെട്ടിപ്പൊക്കുകയും കൂടുതല്‍ പേരെ ക്രൈസ്തവ സമുദായത്തിലേക്ക് ചേര്‍ക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: