പത്തനാപുരം: അജി സമ്പന്നനല്ല…. സാധരണ കുടുംബാംഗമാണ്. കഷ്ടപ്പാടുകള്‍ കണ്ട് വളര്‍ന്നവന്‍. അതുകൊണ്ട് തന്നെ സാധരണക്കാരുടെ ദുരിതം തിരിച്ചറിയാന്‍ ഈ യുവാവിന് അധിക സമയം വേണ്ടി വന്നില്ല. നിരാലംബരായ ഒന്‍പത് കുടുംബങ്ങള്‍ക്കാണ് കുണ്ടയം ആലവിള തുണ്ടില്‍ പുത്തന്‍വീട്ടില്‍ അജി എന്ന ജേക്കബ് തോമസും ഭാര്യ ഷീനയും കൈത്താങ്ങായത്.
ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇവരുടെ 36 സെന്റ് ഭൂമിയാണ് മാതാപിതാക്കളായ സാമുവലിന്റെയും കുഞ്ഞുമോളുടെയും സ്മരണാര്‍ത്ഥം ‘മഹനീയം സ്വപ്‌ന ഭൂമി’ എന്ന പദ്ധതിയിലൂടെ വീടും വസ്തുവുമില്ലാത്ത കുടുംബങ്ങള്‍ക്ക് ദാനമായി നല്കിയത്. പത്തനാപുരം കല്ലുംകടവ് ടെമ്പോ സ്റ്റാന്‍ഡിലെ ഡ്രൈവറും മൈത്രി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റും കൂടിയായ അജി സംഘടന വഴി ലഭിച്ച നൂറോളം അപേക്ഷയില്‍ നിന്നുമാണ് അര്‍ഹരായവരെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം അജിയുടെ വീട്ടില്‍ നടന്ന പ്രമാണ വിതരണ ചടങ്ങ് പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സുനിത രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനറ്റ്. കെ. വൈ., ഫാറൂക്ക് മുഹമ്മദ്, അഡ്വ. എം. സാജൂഖാന്‍, സലൂജ ദിലീപ്, മൈത്രി ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി ജോര്‍ജ്ജ് വര്‍ഗീസ്, അജി സ്ലീബാ, മാധ്യമ സാംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രദീപ് ഗുരുകുലം തുടങ്ങിയവര്‍ പങ്കെടുത്തു. ഭൂമി ലഭിച്ചവര്‍ക്ക് ഭവനപദ്ധതിയില്‍ വീട് നല്കുന്നതിന് പ്രഥമപരിഗണന നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: