ന്യൂദല്‍ഹി: രാമായണകാലത്തെയെന്ന് കരുതുന്ന, രാമസേതുവിനെപ്പറ്റി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിശദമായി പഠിക്കും. ഇതിന് കടലിനടിയില്‍ വിപുലമായ ഉദ്ഖനനം നടത്താനാണ് തീരുമാനം, ശ്രീലങ്കയ്ക്കും ഇന്ത്യക്കും ഇടയില്‍ കടലിനടിയിലുള്ള ചിറയാണ് രാമസേതു. ഇതിന്റെ പഴക്കം, അതെങ്ങനെയാണ് നിര്‍മിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പഠിക്കുക. ഇത് ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും പഠനം രാമായണ കാലത്തിലേക്ക് വെളിച്ചം വീശുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
സിഎസ്ഐആറും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫിയും മുന്നോട്ടു വച്ച നിര്‍ദ്ദേശം സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓണ്‍ ആര്‍ക്കിയോളജി അംഗീകരിച്ചു.പുരാവസ്തുക്കള്‍ ശേഖരിച്ചും, റേഡിയോമെട്രിക് , തെര്‍മോലൂമിനസീന്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുമാകും പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ പ്രൊഫ. സുനിന് കുമാര്‍ സിങ്ങ് പറഞ്ഞു. ജൈവാവശിഷ്ടങ്ങളില്‍ നിന്ന് രൂപം കൊണ്ട കല്ലുകളോ (കോറല്‍) പ്യൂമിക് കല്ലുകളോ കൊണ്ടാണ് രാമസേതു നിര്‍മിച്ചിട്ടുള്ളതെന്നാണ് അനുമാനം. ഇവയുടെ പഴക്കം റേഡിയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തും. കോറലുകളില്‍ കാല്‍ഷ്യം കാര്‍ബണേറ്റുണ്ട്. പഴക്കം കണ്ടെത്താന്‍ അത് ഗവേഷകര്‍ക്ക് സഹായകമാകും. കാര്‍ബണ്‍ ഡേറ്റിങ്ങ് എന്നാണ് ഇത് അറിയപ്പെടുക.
രാവണന് തട്ടിക്കൊണ്ടു പോയ സീതയെ വീണ്ടെടുക്കാന്‍ ശ്രീരാമന് വാനര സേനയുടെ സഹായത്തോടെയാണ് കടലിന് കുറുകെ രാമസേതു നിര്‍മിച്ചതെന്നാണ് രാമായണത്തില്‍. 48 കിലോമീറ്റര്‍ നീളമുള്ള ചിറയുടെ അവശിഷ്ടങ്ങളാണ് കടലിനടിയിലുള്ളത്.
സിന്ധു സാധന, സിന്ധു സങ്കല്പ് തുടങ്ങിയ കപ്പലുകളുടെ സഹായത്തോടെയാകും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫി കടലിനടിയില്‍ ഗവേഷണം നടത്തുക. വെള്ളത്തിന് 40 മീറ്റര്‍ അടിയില്‍ നിന്നു വരെ ഊറലുകളും സാമ്പിളുകളും ശേഖരിക്കാന്‍ ഈ കപ്പലുകള്‍ക്ക് ശേഷിയുണ്ട്. എന്‍ഐഒ മറീന്‍ ആര്‍ക്കിയോളജി വകുപ്പിലെ പ്രിന്‍സിപ്പല്‍ ടെക്നിക്കല്‍ ഓഫീസര്‍ ഡോ. സുന്ദരേഷ് ഉദ്ഖനനത്തിന് മേല്‍നോട്ടം വഹിക്കും.
രാമസേതുവിന്റെ ചുറ്റുമായി ജനവാസ കേന്ദ്രം ഉണ്ടായിരുന്നോയെന്നും പരിശോധിക്കുമെന്ന് എഎസ്ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചരിത്രപരമായും ഇതിന് സാധ്യതയുണ്ട്. 1964ല്‍ സുനാമിയില്‍ രാമേശ്വരത്തിനടുത്ത് ധനുഷ്കോടിയെന്ന ഗ്രാമം തന്നെ കടലിലായിരുന്നു.
അഞ്ചു വര്‍ഷം മുന്‍പാണ് കടലിലെ ഉദ്ഖനനത്തിന് ഓഷ്യനോഗ്രഫി ഇന്‍സ്റ്റിറ്റിയൂട്ടും എഎസ്ഐയും തമ്മില്‍ കരാറായത്. രാമ സേതു, കടലിലായ ദ്വാരക തുടങ്ങിവയില്‍ ഗഷേണം നടത്തുകയായിരുന്നു ലക്ഷ്യം. രണ്ടു വര്‍ഷമായി ദ്വാരക പദ്ധതി നടന്നുവരികയാണ്. ഇവയെല്ലാം ശാസ്ത്രീയ പഠനങ്ങളാണ്. കൊണാര്‍ക്ക് ക്ഷേത്രത്തിനടുത്തുള്ള കടലില്‍ വന്‍ കപ്പല്‍ച്ചേതം ഉണ്ടായിട്ടുണ്ട്. ഇതിന്റെ അവശിഷ്ടങ്ങള്‍ക്കായും അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: