ഡോ. ടി.പി.ശങ്കരന്‍കുട്ടി നായര്‍
ധീര ദേശാഭിമാനിയും തിരുവിതാംകൂര്‍ ദിവാനും ദളവയുമായിരുന്ന വേലായുധന് ചെമ്പകരാമന്‍ തമ്പിയെന്ന വേലുത്തമ്പി ദളവയുടെ (1765-1809) വിഖ്യാതമായ കുണ്ടറ വിളംബരത്തിന്റെ 212-ാം വാര്‍ഷികദിനമാണ് കടന്നുപോയത്. കൊല്ലവര്‍ഷം 984-ാം ആണ്ട് മകരം ഒന്നിനായിരുന്നു കുണ്ടറ ഇളമ്പല്ലൂര്‍ ക്ഷേത്രാങ്കണത്തില്‍ നിന്നു വേലുത്തമ്പി തന്റെ യുദ്ധകാഹളം മുഴക്കിയത്. 1809 ല്‍ ആ ദിവസം ജനുവരി പതിനൊന്നായിരുന്നതുകൊണ്ടാണ് സര്‍ക്കാര്‍ രേഖകളിലും കലണ്ടറുകളിലും ജനുവരി പതിനൊന്ന് കുണ്ടറ വിളംബരദിനമായി ചേര്‍ത്തിരിക്കുന്നത്. 1809 മാര്‍ച്ച് 28 അര്‍ദ്ധരാത്രിയായിരുന്നു വേലുത്തമ്പിയുടെ ആത്മത്യാഗം – ബ്രിട്ടീഷ് പട്ടാളം പിടികൂടുന്നതിനുമുമ്പ് തന്റെ ശരീരം രാജ്യത്തിന് സമര്‍പ്പിക്കുകയാണ് വേലുത്തമ്പി ചെയ്തത്. മണ്ണടിയില്‍ വച്ച്. മാര്‍ച്ച് 29 വീരബലിദാന ദിനമായും കേരളീയരും കന്യാകുമാരി ജില്ലക്കാരും ആചരിച്ചുവരുന്നു. വേലുത്തമ്പിയുടെ ജനനം തക്കലയ്ക്ക് അടുത്തുള്ള തലക്കുളത്ത് വലിയവീട്ടില്‍ ആയിരുന്നു (1765 മെയ് ആറ് അത്തം നക്ഷത്രം). അതിനാലാണ് തമിഴ്നാട് സര്‍ക്കാര്‍ ഒരുകോടിയോളം മുടക്കി വേലുത്തമ്പി സ്മാരകം ഉണ്ടാക്കിയത്. അതിന് ചുക്കാന്‍പിടിക്കാന്‍ ചിത്രകലാമണ്ഡലം എന്ന സംഘടനയും ഉണ്ടായി.
കാര്യക്കാരനായിരുന്ന വേലുത്തമ്പിയുടെ ദളവയായുള്ള ഉയര്‍ച്ച സാഹചര്യങ്ങള്‍ മൂലമായിരുന്നു. ധര്‍മ്മരാജാവിന്റെ (1758-1798) അന്ത്യനാളുകളില്‍ ദിവാനായിരുന്ന രാജാ കേശവദാസ് എന്ന വലിയ ദിവാന്‍ജി, വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചിതിനാല്‍ കൊല്ലപ്പെട്ടു. ഇതിന് ഉത്തരവാദികള്‍ ദിവാന് പദവി കാംക്ഷിച്ചിരുന്ന ജയന്തന് നമ്പൂതിരിയായിരുന്നു. ഒപ്പം തടിവ്യാപാരിയായിരുന്ന മാത്തുത്തരകനും വ്യാപാരിയായിരുന്ന ശങ്കരനാരായണന് ചെട്ടിയും. ഇവരുടെ ദുഷ്ടലാക്കായിരുന്നു രാജാകേശവദാസിന്റെ അന്ത്യത്തിനിടയാക്കിയത്. ജയന്തന് ഭരണം തുടങ്ങിയതുതന്നെ പണം നിര്‍ബന്ധിച്ചുവാങ്ങിയായിരുന്നു. ഇതിനിടയില്‍ കാര്‍ത്തിക തിരുനാള്‍ ധര്‍മ്മരാജാവ് നാട് നീങ്ങി. ബാലനായ ബാലരാമവര്‍മ്മ (1798-1810) ഭരണപരമായ അപക്വതകൊണ്ട് ജയന്തന് പറഞ്ഞതെല്ലാം കേട്ടു. തിരുവിതാംകൂറിലെ ധനാഢ്യരുടെ പട്ടിക തയ്യാറാക്കുകയും അവരില്‍നിന്നെല്ലാം നിര്‍ബന്ധിത പിരിവ് നടത്തുകയും ചെയ്തു. കാര്യക്കാര്‍ വേലുത്തമ്പിയോടും 3000 പണം ആവശ്യപ്പെട്ടു. ഇത് നല്കാന് മൂന്നുദിവസത്തെ അവധി ആവശ്യപ്പെട്ട വേലുത്തമ്പിയുടെ അപേക്ഷ ജയന്തന് അംഗീകരിച്ചു. മൂന്നാംദിവസം തന്റെ തലക്കുളം നാട്ടുകൂട്ടത്തിലെ പ്രജകളുമായി വന്ന് തമ്പുരാനെ കണ്ട്, ജയന്തന് നടത്തുന്ന അനധികൃതവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമായ പിരിവ് നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാതിരിക്കുവാന്‍ കഴിയുമായിരുന്നില്ല. ഇത്തരം ഹീനമായ പ്രവര്‍ത്തി ജയന്തന് സംഘത്തിന്റെ വിടുതലില്‍ അവസാനിച്ചു.
തുടര്‍ന്ന് വേലുത്തമ്പിക്കും ഉയര്‍ച്ചയുണ്ടായി. ആദ്യം മുളകുമടിശ്ശീല കാര്യക്കാരനായും പിന്നീടു ദളവയായും ഉയര്‍ത്തപ്പെട്ടു. ജയന്തന് സംഘം വെറുതേ ഇരുന്നില്ല. അവരുടെയും കൂടി ശ്രമത്തില്‍ തിരുവിതാംകൂറിന്റെ നായര്‍ പട്ടാളം ശമ്പള വര്‍ദ്ധനവിന്റെ പേരില്‍ ലഹളയ്ക്ക് തയ്യാറായി. ഇതിനെ അടിച്ചമര്‍ത്താന്‍ അഞ്ചുതെങ്ങിലെ ഇംഗഌഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പട്ടാളത്തിന്റെ സഹായം സ്വീകരിച്ച വേലുത്തമ്പി ഇംഗഌഷുകാരുമായി ഒരു സന്ധിക്കുപോാലും പദ്ധതിയിട്ടു. അത് 1795 ലെ സൈനിക ഉടമ്പടിയുടെ പരിഷ്കരണത്തിലാണവസാനിച്ചത്. ഇംഗഌഷുകാര്‍ ഈ അവസരം വേണ്ടതിലധികം മുതലെടുത്തു. 1795ലെ സന്ധിയില്‍, കപ്പം രണ്ടുലക്ഷത്തില്‍ നിന്ന് എട്ടുലക്ഷമായി വര്‍ദ്ധിപ്പിച്ചു. ഇതിന് പകരം തിരുവിതാംകൂറിന് സൈനികമായുള്ള സഹായം വാഗ്ദാനം ചെയ്തു. എട്ടുലക്ഷം കുറയ്ക്കണമെന്ന നിര്‍ദ്ദേശം തിരുവിതാംകൂര്‍ മഹാരാജാവ് ബാലരാമവര്‍മ്മയും ദിവാന് വേലുത്തമ്പിയും മുന്നോട്ടു വച്ചെങ്കിലും റസിഡന്റ് മെക്കാളെ ചെവിക്കൊണ്ടില്ല. രാജ്യരക്ഷക്കായി പട്ടാളത്തെ നിലനിറുത്തുന്നതിന് എട്ടുലക്ഷം തന്നെ വേണമെന്ന നിലപാടായിരുന്നു ഇംഗഌഷുകാരുടേത്.
1805ലെ സൈനിക സഹായവ്യവസ്ഥയെത്തുടര്‍ന്നുള്ള കലുഷിതമായ കാലഘട്ടം വേലുത്തമ്പി-മെക്കാളെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് ഇടയാക്കി. ഇതാണ് കുണ്ടറവിളംബരത്തില്‍ കലാശിച്ചത്. ക്ഷേത്രങ്ങളും ക്ഷേത്രസ്വത്തുക്കളും കണ്ടുകെട്ടുക, ജനദ്രോഹ നടപടികള്‍ നടപ്പിലാക്കുക, രാജ്യത്തിന്റെ താല്‍പ്പര്യത്തിന് എതിരായി പ്രവര്‍ത്തിച്ചിരുന്ന മാത്തുത്തരകന്, ശങ്കരനാരായണന് ചെട്ടി എന്നിവരുടെ ദുര്‍നടപടികളെ സാധൂകരിക്കുക എന്നിവ ഇംഗഌഷ് റസിഡന്റുമായുള്ള തിരുവിതാംകൂറിന്റെ സംഘര്‍ഷത്തിനിടയാക്കി. വേലുത്തമ്പിയെ നാട്ടില്‍നിന്ന് കെട്ടുകെട്ടിക്കാനുള്ള പദ്ധതികളാണ് മെക്കാളെ തയ്യാറാക്കിയത്. അല്ലാത്തപക്ഷം വേലുത്തമ്പിയുടെ തല വലിയതുറ കടലില്‍ കിടക്കും എന്നുവരെ മെക്കാളെ ഭീഷണിപ്പെടുത്തി.
ഇത്തരം ഒരു പശ്ചാത്തലത്തിലായിരുന്നു വേലുത്തമ്പി കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്. നാട്ടിനും നാട്ടാര്‍ക്കും പരിരക്ഷ നല്‍കുന്നതിന് ഇംഗഌഷുകാരെ നാട്ടില്‍ നിന്ന് പുറത്താക്കാന്‍ വേലുത്തമ്പി ആഹ്വാനം ചെയ്തു. ഇതിനായി സാമൂതിരി, കൊച്ചി രാജാവ് എന്നിവര്‍ക്കും കത്തുകളെഴുതി. അമേരിക്കന്‍, ഫ്രഞ്ചു സൈനികസഹായവും വേലുത്തമ്പി തേടിയതായി ഹണ്ടറുടെ ബ്രിട്ടീഷ് ഇന്ത്യാചരിത്രം (മൂന്നാം വാള്യം) പറയുന്നു. നാട്ടുകാരുടെ രക്ഷയ്ക്കായി നാട്ടുകൂട്ടങ്ങള്‍ക്ക് സൈനികമായ പരിശീലനം നല്കി ജനങ്ങളെ ഒരു ആത്യന്തിക യുദ്ധത്തിന് തയ്യാറാക്കുവാന്‍ വേലുത്തമ്പി കുണ്ടറവിളംബരം വഴി ശ്രമിച്ചു. ഇംഗ്ലീഷ് സൈനികമേധാവിത്വം തിരുവിതാംകൂറിനെ കഷ്ടത്തിലാക്കി. കൊച്ചി രാജാവ്, മെക്കാളെക്കെതിരെ നടത്തിയ സന്നാഹങ്ങള്‍ പരാജയപ്പെട്ടു. സാമൂതിരിക്ക് വേലുത്തമ്പി എഴുതിയ സമരാഹ്വാനം ഇംഗഌഷുകാര്‍ക്ക് നല്‍കുകയാണ് സാമൂതിരി ചെയ്തത്. ഇതുവഴി തിരുവിതാംകൂറിന്റെ യുദ്ധസന്നാഹങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനും ഇംഗഌഷുകാര്‍ക്കും മെക്കാളെക്കും സാധിച്ചു. ഇതെല്ലാം തിരുവിതാംകൂറിന്റെ പരാജയത്തിനും വേലുത്തമ്പിയുടെ ആത്മഹത്യക്കും ഇടയാക്കി.
സുഭാഷ്ചന്ദ്രബോസ് തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയതുപോലെ, വേലുത്തമ്പിയുടെ സമരം ദക്ഷിണേഷ്യയിലെതന്നെ ബ്രിട്ടീഷ് വിരുദ്ധ-വിദേശവിരുദ്ധ സമരങ്ങളില്‍ ആദ്യത്തേതാണ്. ഒന്നാം സ്വാതന്ത്ര്യസമരത്തിന് അര നൂറ്റാണ്ടുമുമ്പായിരുന്നു വേലുത്തമ്പിയുടെ കുണ്ടറ വിളംബരം. കുണ്ടറ വിളംബരത്തിന്റെ 212-ാം വാര്‍ഷികം കടന്നു പോകുമ്പോള്‍, തിരുവിതാംകൂറിന്റെ വീരബലിദാനിയായ പടയാളിക്ക് ബാഷ്പാഞ്ജലി അര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: