കണ്ണൂര്‍: ഭവനരഹിതരായവര്‍ക്ക് വീട് വച്ച് നല്‍കാനുള്ള സേവാഭാരതിയുടെ ‘തല ചായ്‌ക്കാനൊരിടം’ പദ്ധതിയിലേക്ക് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ സഹായഹസ്തം. മലപ്പട്ടം പഞ്ചായത്തിലെ 12 സെന്റ് സ്ഥലമാണ് അബ്ദുള്ളക്കുട്ടി സേവാഭാരതിക്ക് നല്‍കിയത്.
സേവാഭാരതി ഇവിടെ ഭവനരഹിതരായ മൂന്നു പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും. നേരത്തെ പ്രളയ സമയത്ത് കെപിസിസി പ്രഖ്യാപിച്ച ആയിരം വീട് പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മിച്ച് നല്‍കുന്നതിന് സ്ഥലം നല്‍കാനായിരുന്നു തീരുമാനിച്ചത്. സ്ഥലം കൈമാറുന്നതിന് സംഘടനാ ഭാരവാഹികളെ സമീപിച്ചെങ്കിലും അനുകൂലമായ സമീപനമല്ല ഉണ്ടായതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
പിന്നീട് കോണ്‍ഗ്രസ്സില്‍ നിന്ന് മാറി നിന്നപ്പോഴും ഭൂരഹിതരായ മൂന്നു പേരുടെ വിവരങ്ങള്‍ തന്നാല്‍ അവര്‍ക്ക് സ്ഥലം എഴുതി നല്‍കാമെന്ന് കാണിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്തെഴുതിയെങ്കിലും മറുപടിയുണ്ടായില്ല. പാവപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കുമെന്ന കോണ്‍ഗ്രസ്സ് പ്രഖ്യാപനം വെറും വാക്കിലൊതുങ്ങിയെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.
ബിജെപിയിലെത്തി ഇന്ത്യയിലാകമാനം യാത്ര ചെത്‌പ്പോഴാണ് ഭൂമിയില്‍ നിശ്ശബ്ദമായി ഏറ്റവുമധികം സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സേവാഭാരതിയാണെന്ന് വ്യക്തമായത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിലെത്തിയപ്പോള്‍ അവിടെ പ്രളയത്തില്‍ വീട് പോയ 17 ആളുകള്‍ക്ക് സേവാഭാരതി വീടു വച്ച് നല്‍കിയ പുനര്‍ജനി എന്ന ഗ്രാമം കണ്ടു. ഇത്തരത്തില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് സേവാഭാരതി ഭാരതത്തിലുടനീളം മതവും രാഷ്‌ട്രീയവും നോക്കാതെ ചെയ്ത് വരുന്നത്. ഈ ഭൂദാനം ധന്യമാകണമെങ്കില്‍ അത് ഏല്‍പ്പിക്കേണ്ടത് സേവാഭാരതിയെ ആണെന്ന ഉത്തമബോധ്യം അബ്ദുള്ളക്കുട്ടിക്കും കുടുംബത്തിനുമുണ്ടായത് ഈ അനുഭവത്തില്‍ നിന്നാണ്.
സ്ഥലത്തിന്റെ രേഖ കണ്ണൂരില്‍ സേവാഭാരതി ജില്ലാ കാര്യാലയം ഉദ്ഘാടന സദസ്സില്‍ല്‍എ.പി. അബ്ദുള്ളക്കുട്ടിയുടെ സഹോദരന്‍ എ.പി. ഷറഫുദ്ദീന്‍ സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. വിജയന് കൈമാറി. ബിജെപി ലക്ഷദ്വീപിലെ പ്രഭാരി എന്ന നിലയില്‍ അബ്ദുള്ളക്കുട്ടി സ്ഥലത്തില്ലാത്തിനാലാണ് സഹോദരന്‍ ചടങ്ങിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: