കണ്ണൂര്‍: സേവാഭാരതിയുടെ പഞ്ചായത്ത് തലത്തിലുള്ള സേവാ കേന്ദ്രങ്ങള്‍ ഓരോ പ്രദേശത്തുള്ളവരുടെയും അത്താണിയാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹസംഘചാലക് അഡ്വക്കറ്റ് കെ.കെ. ബാലറാം. കണ്ണൂരില്‍ സേവാഭാരതി ജില്ലാ കാര്യാലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താവശ്യത്തിനും സാധാരണക്കാര്‍ക്ക് വിശ്വസിച്ച് ആശ്രയിക്കാനുള്ള പ്രതീക്ഷാ കേന്ദ്രങ്ങളാണവ. സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ എങ്ങിനെ ലഭിക്കുമെന്ന് സാധാരണക്കാര്‍ക്ക് അറിയണമെന്നില്ല. അത്തരം ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കാനാണ് സേവാഭാരതി ഓരോ പ്രദേശങ്ങളിലും സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
1989 ല്‍ സംഘസ്ഥാപകനായ ഡോക്റ്റര്ജിയുടെ ജന്മശതാബ്ദിയോടുകൂടിയാണ് സംഘത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തോടൊപ്പം സേവാ പ്രവര്‍ത്തനവും മുന്നോട്ട് കൊണ്ടു പോകാന്‍ വ്യവസ്ഥാപിതമായ പദ്ധതികളുണ്ടായത്. സംഘ പ്രവര്‍ത്തനം ഭാരതത്തിലുടനീളം പടര്‍ന്ന് പന്തലിച്ചതിന് ശേഷമാണ് സേവന പ്രവര്‍ത്തനത്തിലും ശ്രദ്ധയൂന്നണമെന്ന ലക്ഷ്യത്തോടെ ആ തരത്തിലുള്ള വ്യവസ്ഥയ്ക്ക് രൂപം കൊടുത്തത്. എന്നാല്‍ 1989 ലാണ് സേവന പ്രവര്‍ത്തനത്തിന് ഏകീകൃത സ്വഭാവമുണ്ടായതെങ്കിലും സംഘം ആരംഭിച്ചത് മുതല്‍ തന്നെ എവിടെയൊക്കെ അവിശ്യഘട്ടത്തില് സേവനം ആവശ്യമുണ്ടോ അവിടെയെല്ലാം സംഘപ്രവര്ത്തകരെത്തിയിരുന്നു. സംഘ ശാഖയില്‍ സേവനപ്രവര്‍ത്തനത്തിന് ഊന്നല്‍ കൊടുക്കുന്നത് ഇതെന്റെ മാതൃഭൂമിയാണെന്നും ഇവിടെയുള്ളവരെല്ലാം എന്റെ സഹോദരീ സഹോദരന്മാരാണെന്ന വിശാലമായ മനോഭാവത്തിലാണ്. എല്ലാവര്ക്കും താങ്ങായി നില്‍ക്കാനുള്ള കെല്പാണ് സംഘശാഖയിലൂടെ സ്വയംസേവകര്‍ക്ക് നല്‍കുന്നത്. രാഷ്ട്രീയമോ മതമോ നോക്കിയല്ല സംഘം സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്തത്. എല്ലാവരും തുല്ല്യരാണെന്ന കുടുംബാന്തരീക്ഷമാണ് സംഘത്തിലുള്ളത്. അത്തരത്തിലുള്ള വിശാലമായ വീക്ഷണമുള്ളതുകൊണ്ടാണ് സ്വയം സേവകര്‍ പ്രതിസന്ധിഘട്ടത്തില്‍ എല്ലാം മറന്ന് രംഗത്തിറങ്ങുന്നത്. പ്രത്യേക പരിശീലനം നല്കുന്നില്ലെങ്കിലും അത്തരത്തില്‍ രംഗത്തിറങ്ങുന്നത് സേവന മനോഭാവമുള്ളതു കൊണ്ടാണ്. ഒരാള്‍ക്ക് എന്താണ് സഹായം വേണ്ടതെന്ന് അയാളോട് ചോദിക്കേണ്ടതില്ല. അര്‍ഹരായവര്‍ക്ക് ആവശ്യമായ സഹായം നല്‍കുകയെന്നതാണ് സ്വയം സേവകരുടെ ദൗത്യമെന്നും കെ.കെ. ബാലറാം പറഞ്ഞു.
പുനര്‍ജ്ജനി കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം റിട്ട. ഡെപ്യൂട്ടി കളക്റ്റര്‍ രവീന്ദ്രനാഥ് ചേലേരിയും ആത്മനിര്‍ഭര്‍ ഭാരത് ഹെല്പ് ഡസ്ക് ഉദ്ഘാടനം റിട്ട. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അജയകുമാര്‍ മീനോത്തും നിര്‍വ്വഹിച്ചു. സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയില്‍ ഭൂരഹിതരായ പാവപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാനുള്ള സ്ഥലത്തിന്റെ രേഖ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയുടെ സഹോദരന് എ.പി. ഷറഫുദ്ധീന്‍ സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. വിജയന് സമര്‍പ്പിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഇ. മോഹനന് അധ്യക്ഷത വഹിച്ചു. സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി എം. രാജീവന് സ്വാഗതവും ട്രഷറര്‍ കെ. സുരേന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: