തിരുവനന്തപുരം: നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്കി മുന്‍ ഡിജിപി ജേക്കബ് തോമസ്. താന്‍ ഇക്കുറി എന്‍ഡിഎയുടെ ഭാഗമായി ആവും തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദേഹം പറഞ്ഞു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ഇക്കുറി മത്സരരംഗത്ത് ഇറങ്ങാന്‍ തനിക്കൊരു തടസ്സവുമില്ലെന്നും മനസ്സില്‍ ഉള്ള മണ്ഡലം ഇരിങ്ങാലക്കുടയാണെന്നും അദേഹം വ്യക്തമാക്കി.
കഴിഞ്ഞ തവണ 20-20യുടെ സ്ഥാനാര്‍ഥിയായി ആണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി എന്‍ഡിഎയുടെ ഭാഗമായി ആവും തിരഞ്ഞെടുപ്പിനെ നേരിടുക. കഴിഞ്ഞ തവണ സംസ്ഥാന സര്‍ക്കാര്‍ വിആര്‍എസ് അംഗീകരിക്കാതിരുന്നതാണ് മത്സരിക്കാന്‍ സാധിക്കാതെ പോയത്. എന്നാല്‍ ഇരിങ്ങാലക്കുട എന്നത് എന്റെ മനസ്സിലുള്ള ആഗ്രഹം മാത്രമാണ്. പാര്‍ട്ടി നിശ്ചയിക്കുന്നിടത്ത് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കുറി എന്‍ഡിഎയുടെ ഭാഗമായി തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി ഉണ്ടാകും. അത് ചിലപ്പോള്‍ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ വേണ്ടി പ്രചരണരംഗത്ത് മാത്രമായിരിക്കുമെന്നും അദേഹം പറഞ്ഞു. ട്വന്റി ട്വന്റി എന്ന പ്രസ്ഥാനം കേരളത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ദേശീയതയില്‍ ഊന്നിയ ഒരു പാര്‍ട്ടിയുടെ ഭാഗം ആകാനാണ് താല്പര്യം.
എന്‍ഡിഎ പോലെ നിലവില്‍ ദേശീയ ശ്രദ്ധകിട്ടുന്ന മറ്റ് പാര്‍ട്ടികള്‍ ഇല്ല. എല്ലാത്തരം വൈവിധ്യവും ഉള്‍ക്കൊള്ളുന്ന 40ഓളം പാര്‍ട്ടികള്‍ എന്‍ഡിഎയുടെ ഭാഗമാണ് എന്നതും വലിയൊരു പ്രത്യേകതയാണെന്നും അദേഹം പറഞ്ഞു. ഇക്കുറി ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാത്തരം ജനങ്ങളും ബിജെപിയോട് അടുക്കും. സ്ഥാനാര്‍ഥി നിര്‍ണയം മികച്ചതാണെങ്കില്‍ എന്‍ഡിഎക്ക് വിജയം ഉണ്ടാകുമെന്ന് ജേക്കബ് തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: