ചെന്നൈ: പൊങ്കല്‍ ആഘോഷിക്കാന്‍ തമിഴ്നാട്ടില്‍ എത്തി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. വ്യാഴാഴ്ച ദല്‍ഹിയില്‍നിന്ന് മധുരയിലെത്തിയ രാഹുല്‍ ഗാന്ധി ഇവിടെയുള്ള ആവണിയാപുരത്ത് ജെല്ലിക്കെട്ട് മത്സരം കാണാനെത്തി. തമിഴ് ജനതയെയും ഭാഷയെയും സംസ്കാരത്തെയും ലക്ഷ്യമിടാമെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് തന്റെ സന്ദര്‍ശനമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അവര്‍ക്കൊപ്പം(തമിഴ് ജനത) നിന്നുകൊണ്ട് അവരുടെ സംസ്കാരം സംരക്ഷിക്കുകയും ചെയ്യേണ്ടത് തന്റെ കടമയാണെന്ന് ജെലിക്കെട്ട് മത്സരവേദിയെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി പറഞ്ഞു.
പങ്കെടുക്കുന്ന യുവാക്കളുടെയും കാളകളുടെയും സുരക്ഷ ഉറപ്പാക്കി, ചിട്ടയോടെയും സുരക്ഷിതവുമായ രീതിയില്‍ ജെല്ലിക്കെട്ട് സംഘടിപ്പിക്കുന്നത് കാണാനായതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ജെല്ലിക്കെട്ട് നിരോധിക്കുമെന്ന് 2016-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.
വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് ബിജെപിയും രംഗത്ത് എത്തിയതോടെ കോണ്‍ഗ്രസിന്റെ പുതിയ നിലപാട് രാഷ്ട്രീയ ചര്‍ച്ചയായി മാറി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുല്‍ സന്ദര്‍ശനത്തിനെത്തിയത്. സമൂഹമാധ്യമങ്ങളിലും കോണ്‍ഗ്രസിന്റെ പഴയ നിലപാട് ചൂണ്ടിക്കാട്ടി പലരും വിമര്‍ശനുമായി എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: